കാട്ടാന ശല്യത്തില്‍ ജീവനുകള്‍ പൊലിയുമ്പോഴും റെയില്‍വെ വേലിനിര്‍മാണം കടലാസില്‍ ഒതുങ്ങുന്നു
വാളയാര്‍: ജില്ലയില്‍ കാട്ടാനശല്യം കാലങ്ങളായി തുടര്‍ക്കഥയാവുമ്പോഴും നിരപരാധികളായ ജീവനുകള്‍ നിരവധി ബലിയാടാവുമ്പോഴും റെയില്‍ വേലി നിര്‍മാണത്തിനുള്ള പദ്ധതി അവതാളത്തിലാവുകയാണ്. വാളയാര്‍ മുതല്‍ മുണ്ടൂര്‍ വരെയുള്ള കാട്ടാന ശല്യം രൂക്ഷമാവുന്ന ജനവാസമേഖലകളിലും റെയില്‍പാളങ്ങളുടെ ഓരങ്ങളിലുമാണ് റെയില്‍ വേലി നിര്‍മ്മിക്കാന്‍ വനംവകുപ്പ് പദ്ധതിയിട്ടത്.
കഴിഞ്ഞ ഒരുമാസത്തിനിടെ രണ്ടു ജീവനുകളാണ് കൊമ്പന്‍മാരുടെ പരാക്രമണത്തില്‍ പൊലിഞ്ഞത്. കാലങ്ങളായി തുടരുന്ന കൊമ്പന്‍മാരുടെ താണ്ടവത്തില്‍ ജീവനും സ്വത്തിനും ഭീണിയായിട്ടും പ്രതിരോധ നടപടികള്‍ പ്രഹസനമാവുകയാണെന്നാണ് ആരോപണങ്ങളുയരുന്നത്.
എന്തെങ്കിലും സംഭവിക്കുമ്പോള്‍ ഉദ്ദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതാണ് രീതി. വാളയാര്‍ മുതല്‍ മുണ്ടൂര്‍ വരെയുള്ള വനമേഖലയോടുചേര്‍ന്ന പ്രദേശങ്ങളില്‍ റെയില്‍ വേലി സ്ഥാപിക്കണമെന്ന് കാലങ്ങളായുള്ള ആവശ്യമായിരുന്നു.
ഇത്തരത്തില്‍ റെയില്‍ വേലി നിര്‍മ്മിക്കുന്നതിന്റെ പ്രഥമഘട്ടമെന്നോണം ആറുകിലോമീറ്റര്‍ ദൂരത്തിലെ വേലി നിര്‍മ്മാണത്തിനായി എട്ടുകോടിരൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ജില്ലയിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, വൈല്‍ഡ് ലൈഫ് ഇന്‍സ്‌പെക്ടര്‍, റെയില്‍വേയുടെ പ്രതിനിധികളായ പഞ്ചായത്തംഗം എന്നിവരുള്‍പ്പെട്ട സമിതിയ്ക്കാണ് ചുമതലയെങ്കിലും പദ്ധതി മാത്രം ഫയലുകളിലൊതുങ്ങിയിരിക്കുകയാണ്.
എന്നാല്‍ വനാതിര്‍ത്തിയില്‍ കിടങ്ങുകളും സോളാര്‍ വേലിയും സ്ഥാപിച്ച് പ്രതിവര്‍ഷം കോടികള്‍ പാഴാക്കാനാണ് ഉദ്ദ്യോഗസ്ഥന്‍മാരുടെ പരിപാടിയെന്നാണ് ആരോപണങ്ങളുയരുന്നത്.
റെയില്‍ പാളങ്ങളുടെ ഇരുമ്പുപയോഗിച്ചുള്ള റെയില്‍ വേലി നിര്‍മ്മിക്കുന്നത് ഏറെഗുണകരമാണെന്നിരിക്കെ ഇതുനടപടിയാക്കാത്തതില്‍ പ്രതിഷേധങ്ങളുയരുകയാണ്. കഞ്ചിക്കോട്, വാളയാര്‍ മേഖലയിലെ റെയില്‍വേ ട്രാക്കുകള്‍ താണ്ടിയാണ് കൊമ്പന്‍മാര്‍ ജനവാസകേന്ദ്രങ്ങളില്‍ എത്തുന്നത്. കാട്ടാനകളുടെ ശല്യത്തിനറുതിവരുത്തുന്നതിനായി ഇറക്കിയ കുങ്കിയാന പദ്ധതിയും അവതാളത്തിലാവുകയായിരുന്നു. രണ്ടു കുങ്കിയാനകളെ കൊണ്ടുവരുമെന്ന് പറഞ്ഞതില്‍ എത്തിയ ആദ്യത്തെ ആനയ്ക്ക് മദമിളകിയതും കുങ്കിയുടെ സേവനം അനിശ്ചിതത്വത്തിലായി. ഫലമോ ജനവാസമേഖലയിലെ കൊമ്പന്‍മാരുടെ ശല്യം പഴയപടിയായി. ഇത്തരം സാഹചര്യത്തിലും കാട്ടാനകളുടെ ശല്യം തടയുന്നതിനായുള്ള റെയില്‍ വേലി സ്ഥാപിക്കണമെന്നാവശ്യം ശക്തമാവുമ്പോഴും പദ്ധതി ഫയലുകളിലാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."