നാലുദിവസം പ്രായമുള്ള കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച മാതാവ് അറസ്റ്റില്‍
ബംഗളൂരുവിലെ പ്രസവശേഷം കുഞ്ഞുമായി കോഴിക്കോട്ടെത്തിയത് ബൈക്കില്‍
കോഴിക്കോട്: നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയെ പൊലിസ് കണ്ടെത്തി. കരിപ്പൂര്‍ വിമാനത്താവളത്തിലെ കഫ്റ്റീരിയ ജീവനക്കാരിയായ 21കാരിയെയാണ് പന്നിയങ്കര പൊലിസ് കസ്റ്റഡിയിലെടുത്തത്. ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രസവത്തിനുശേഷം കോഴിക്കോട്ടെത്തുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു.
തിരുവണ്ണൂര്‍ മാനാരിയിലെ പള്ളിക്കുമുന്നിലാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുഞ്ഞിന്റെ പിതാവും വിമാനത്താവളത്തിലെ ജീവനക്കാരനാണെന്ന് പൊലിസ് പറഞ്ഞു. ബംഗളൂരുവിലെ ആശുപത്രിയിലെ പ്രസവത്തിന് ശേഷം തൃശൂര്‍ സ്വദേശിയായ യുവതിയും മലപ്പുറം കാവന്നൂര്‍ സ്വദേശിയായ യുവാവും കുഞ്ഞുമായി ബൈക്കിലാണ് കോഴിക്കോട്ടെത്തിയത്. തുടര്‍ന്ന് കുഞ്ഞിനെ പള്ളിക്കു മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവ ശേഷം യുവാവ് ഗള്‍ഫിലേക്ക് കടന്നുവെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസമാണ് പള്ളിയുടെ പടിക്കെട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. 'അല്ലാഹു തന്നതാണെന്നു കരുതി നിങ്ങള്‍ ഇതിനെ നോക്കണം. ഞങ്ങള്‍ക്കു തന്നത് അല്ലാഹുവിനു തന്നെ തിരികെ കൊടുക്കുന്നു' എന്നെഴുതിയ കുറിപ്പും ഒപ്പമുണ്ടായിരുന്നു. കുഞ്ഞിന് നല്‍കേണ്ട വാക്‌സിനുകള്‍ ഏതൊക്കെയെന്നും ഇതില്‍ വ്യക്തമാക്കിയിരുന്നു. പള്ളിയുടെ പടികളില്‍ ചെരിപ്പുകള്‍ സൂക്ഷിക്കുന്ന ഭാഗത്താണ് കുഞ്ഞിനെ കിടത്തിയിരുന്നത്. രാവിലെ 6.45ന് മദ്‌റസ കഴിഞ്ഞ് കുട്ടികള്‍ പിരിയുമ്പോള്‍ ഇവിടെ കുഞ്ഞിനെ കണ്ടിരുന്നില്ല. 8.30ഓടെ പള്ളി പരിസരത്തുള്ള ഇസ്‌ലാഹിയ സ്‌കൂളിലേക്ക് വിദ്യാര്‍ഥികളെത്തിയപ്പോഴാണ് പടിക്കെട്ടില്‍ കിടക്കുന്ന കുഞ്ഞ് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. വനിതാ പൊലിസും ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരുമെത്തി കുഞ്ഞിനെ ഏറ്റെടുക്കുകയും കോട്ടപ്പറമ്പിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. കുഞ്ഞിനെ പിന്നീട് കോഴിക്കോട്ടെ സെന്റ് വിന്‍സെന്റ് ഹോമിലേക്ക് മാറ്റിയിരുന്നു.
സമീപ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ച പൊലിസ് കുഞ്ഞിനെ കൊണ്ടുവന്ന വാഹനം കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നാണ് മാതാവിലേക്ക് അന്വേഷണം എത്തിയത്. അറസ്റ്റിലായ മാതാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. സംഭവത്തില്‍ ഐ.പി.സി 317, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 എന്നീ വകുപ്പുകള്‍ പ്രകാരം പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."