മഴക്കാല രോഗപ്രതിരോധം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുമിച്ച് നില്‍ക്കണം: മന്ത്രി സുനില്‍കുമാര്‍
കല്‍പ്പറ്റ: പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന കാലമായതിനാല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അനാവശ്യമായി അവധിയില്‍ പോകാന്‍ പാടില്ലെന്ന് പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ജില്ലയുടെ ചുമതലയുള്ള കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
മുണ്ടേരി ഇഷ്ടികപൊയില്‍ കോളനിയില്‍ സംഘടിത ശുചീകരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പകര്‍ച്ചപ്പനിയുള്‍പ്പെടെയുള്ള സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കാന്‍ നാടെല്ലാം ഒന്നിച്ച് അണിനിരക്കണം. വൃത്തിയില്ലാത്ത ചുറ്റുപാടുകളില്‍ നിന്നാണ് രോഗം വന്‍തോതില്‍ പടരുന്നത്. കൊതുനശീകരണത്തിന് മുന്‍ഗണന നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനതലത്തില്‍ 29 വരെ നടക്കുന്നത്. വെള്ളം കെട്ടിനിന്ന് കൊതുക് കൂത്താടികള്‍ വളരുന്ന സാഹചര്യം ഇല്ലാതാക്കണം. വിദ്യാര്‍ഥികള്‍, ആശാവര്‍ക്കര്‍മാര്‍, ജനപ്രതിനിധികള്‍, സന്നദ്ധസംഘടനാപ്രവര്‍ത്തകര്‍ എന്നിവരെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണം.
സ്വന്തം വീടിന്റെ പരിസരമെല്ലാം ശുചിയാക്കാന്‍ വീട്ടുകാര്‍ തന്നെ മുന്‍കൈയെടുക്കണം. നാടിന്റേത് എന്നതുപോലെ സ്വന്തം പരിസരങ്ങളും ശുചിയായി സൂക്ഷിക്കേണ്ടത് ഏതൊരു പൗരന്റെയും ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. ആശുപത്രികളിലെല്ലാം ആവശ്യത്തിന് മരുന്ന് ലഭ്യമാക്കിയിട്ടുണ്ട്.
പനിയും പകര്‍ച്ചവ്യാധികളും ബാധിച്ച് ജില്ലയില്‍ ഒരാള്‍ പോലും മരിക്കാനിടവരരുതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എസ്. സുഹാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, എ.ഡി.എം കെ.എം രാജു, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി ആലി, കൗണ്‍സിലര്‍മാരായ ശോശാമ്മ, വി. ഹാരിസ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. വിവേക് കുമാര്‍, ഡി.പി.എം ഡോ. ബി അഭിലാഷ്, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ പി വാണിദാസ്, ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ അനൂപ്, ഡോ. സച്ചിന്‍ സംസാരിച്ചു.
തുടര്‍ന്ന് ഇഷ്ടിക പൊയില്‍ കോളനിയില്‍ നടന്ന ശുചീകണ പ്രവര്‍ത്തനങ്ങളില്‍ മന്ത്രി വി.എസ് സുനില്‍കുമാറും പങ്കെടുത്തു.
മുണ്ടേരി സ്‌കൂളിലെ വിദ്യാര്‍ഥികള്‍, സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റ്‌സ്, സ്‌കൗട്ട് ഗൈഡസ്, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരും ശുചീകരണത്തില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."