ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ വിക്രാന്തിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍
3,000 കോടിയുടെ മൂന്നാംഘട്ട കരാറില്‍ ഒപ്പുവച്ചു
കൊച്ചി: നാവികസേനയ്ക്കുവേണ്ടി തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രാന്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലേക്ക്.
കപ്പലിന്റെ മൂന്നാംഘട്ട നിര്‍മാണ കരാറില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും പ്രതിരോധ വകുപ്പും ഒപ്പിട്ടു. 3,000 കോടിയുടെ കരാര്‍ ഒപ്പിട്ടതോടെ ഓഹരിവിപണിയില്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരിവില കുതിച്ചു. 52 ആഴ്ചയിലെ ഏറ്റവും കൂടിയ ഓഹരിവിലയാണ് ബോംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കരാര്‍ ഒപ്പിട്ടതിനുശേഷം ഉണ്ടായത്. 5.28 ശതമാനം വര്‍ധിച്ച് ഓഹരിവില 409.95 രൂപയിലേക്ക് ഉയര്‍ന്നു.
വിമാനവാഹിനിയില്‍ ഘടിപ്പിച്ചിട്ടുള്ള വിവിധ ഉപകരണങ്ങളുടെ പ്രവര്‍ത്തനവും തുറമുഖ ഏകോപനവും പരീക്ഷിക്കുക, കപ്പലിന്റെ കടല്‍യാത്രാ പരീക്ഷണം എന്നിവയാണ് മൂന്നാംഘട്ടത്തില്‍ വരുന്നത്. കപ്പല്‍ നാവികസേനയ്ക്ക് കൈമാറുന്നതിന് മുന്‍പുള്ള നിര്‍മാണ പൂര്‍ത്തീകരണത്തിനൊപ്പം പരീക്ഷണയാത്രകള്‍ കൂടി ഉള്‍പ്പെടുന്ന മൂന്നാംഘട്ട കരാറില്‍ 3,000 കോടിയാണ് വകയിരുത്തുന്നത്.
നാവികസേനയ്ക്ക് കൈമാറിയ ശേഷമുള്ള ആയുധ, വ്യോമ പരീക്ഷണങ്ങള്‍ക്കുള്ള സഹായവും ഈ കരാറില്‍ ഉള്‍പ്പെടും. കപ്പലിന്റെ നിര്‍മാണത്തിനായി മൊത്തം 7,000 കോടി രൂപയിലധികമാണ് ചെലവ്. 2018ല്‍ പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച് നിര്‍മാണം ആരംഭിച്ച കപ്പല്‍ 2022ല്‍ നാവികസേനയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2009ല്‍ വിക്രാന്തിന്റെ നിര്‍മാണത്തിനുള്ള പ്രാഥമിക നടപടികള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ തുടക്കം കുറിച്ചെങ്കിലും നിര്‍മാണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് 2013ലാണ്. 2021ല്‍ കടല്‍യാത്രാ പരീക്ഷണം ആരംഭിക്കുന്ന രൂപത്തിലാണ് നിര്‍മാണങ്ങള്‍ പുരോഗമിക്കുന്നത്. കടല്‍പരീക്ഷണം കഴിഞ്ഞതിനുശേഷമായിരിക്കും നാവികസേനയ്ക്ക് കപ്പല്‍ കൈമാറുക. പ്രതിരോധ മന്ത്രാലയം ജോയിന്റ് സെക്രട്ടറി നിധി ചിബര്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് ഓപറേഷന്‍സ് ഡയരക്ടര്‍ എന്‍.വി സുരേഷ് ബാബു എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്. ഒന്നാംഘട്ട നിര്‍മാണത്തില്‍ കപ്പലിന്റെ ചട്ടക്കൂട് നിര്‍മാണവുമായി ബന്ധപ്പെട്ട ഫ്രാബിക്കേഷന്‍ വര്‍ക്കും രണ്ടാംഘട്ടത്തില്‍ കപ്പല്‍ യന്ത്രങ്ങളുടെയും മറ്റു സാങ്കേതിക സംവിധാനങ്ങളുടെയും നിര്‍മാണവും ഘടിപ്പിക്കലുമായിരുന്നു.
ഓരോ ഘട്ടത്തിലേക്കുമുള്ള നിര്‍മാണകരാര്‍ പ്രത്യേകമായാണ് ഒപ്പുവച്ച് തുക അനുവദിക്കുന്നത്. രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തിയായിരിക്കെ വിമാനവാഹിനി കപ്പലിലെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്ക് മോഷണം പോയത് വിവാദമായിരുന്നു. കൊച്ചി പൊലിസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇതുസംബന്ധിച്ച കേസ് അന്വേഷിക്കുന്നത്. തന്ത്രപ്രധാനമല്ലാത്തതും വളരെ പ്രധാനപ്പെട്ടതുമായ വിവരങ്ങളല്ല മോഷണം പോയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, മോഷണം നടന്നത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇതുസംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
രാജ്യത്ത് വിമാനവാഹിനി കപ്പലുകള്‍ നിര്‍മിക്കാനുള്ള സൗകര്യവും സാങ്കേതികതയും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് മാത്രമാണുള്ളത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയുടെ തെക്കുഭാഗത്തും കിഴക്കുഭാഗത്തുമായി രണ്ട് വിമാനവാഹിനി കപ്പലുകള്‍ സര്‍വസജ്ജമായി നിലയുറപ്പിക്കണമെന്നും അറ്റകുറ്റപ്പണികള്‍ക്കായി കപ്പല്‍ യാര്‍ഡില്‍ കയറ്റുമ്പോള്‍ വിമാനവാഹിനി ഇല്ലാതാകുന്ന അവസ്ഥ ഒഴിവാക്കണമെന്നുമുള്ള നാവികസേനയുടെ അഭ്യര്‍ഥന മാനിച്ചാണ് രാജ്യത്തുതന്നെ കപ്പല്‍ നിര്‍മിക്കാനുള്ള പദ്ധതിക്ക് തുടക്കംകുറിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."