ശബരിമലയിലെ സ്ത്രീ സുരക്ഷ; സംവിധാനങ്ങള്‍ വ്യക്തമാക്കണമെന്ന്
കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്കുമാത്രമായി എന്തൊക്കെ സുരക്ഷാ സംവിധാനങ്ങളും സൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ നിര്‍ദേശം.
വ്യക്തിയുടെ അവകാശം പോലെ തുല്യമാണ് സമൂഹത്തിന്റെ അവകാശമെന്ന് കോടതി വ്യക്തമാക്കി.ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതും പെട്ടെന്ന് ഒരുക്കാവുന്നതുമായ സൗകര്യങ്ങള്‍ കോടതിയില്‍ വിശദീകരിക്കണം. സ്ത്രീകള്‍ക്കു മാത്രമായി പ്രത്യേക സൗകര്യങ്ങള്‍ നിലവിലില്ലെന്ന് ദേവസ്വം ബോര്‍ഡ് കോടതിയില്‍ ബോധിപ്പിച്ചു. സുപ്രിം കോടതി പ്രവേശനം അനുവദിച്ചിട്ടും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ അണികള്‍ യുവതികളെ തടയുന്നതില്‍ നിന്ന് പൊലിസ് സംരക്ഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിര്‍ദേശമുണ്ടായത്. കണ്ണൂര്‍ സ്വദേശിനി രേഷ്മ നിഷാന്ത് ഉള്‍പ്പെടെ നാലുപേരാണ് പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്.
ദര്‍ശനത്തിനായി ശബരിമലക്ക് പോകുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിവിധ മേഖലകളില്‍ നിന്ന് വീടിനും പിന്തുണ നല്‍കിയവര്‍ക്കും ഭീഷണിയുണ്ട്. മൗലികാവകാശം തടയപ്പെടുന്നതില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നവംബര്‍ 19ന് ദര്‍ശനം നടത്താന്‍ അനുമതി ലഭിച്ചെങ്കിലും എറണാകുളം വരെ എത്താനായുള്ളൂ. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ.കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. യുവതികള്‍ക്കായി ഒന്നോ രണ്ടോ ദിവസം മാറ്റിവയ്ക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്ന് സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന്‍ കോടതിയില്‍ ബോധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."