മന്ത്രി ജലീല്‍ ഇടപെട്ടു എക്സ്പ്ലോറിങ് ഇന്ത്യ യാത്ര വിമാനത്തില്‍
തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന എക്സ്പ്ലോറിങ് ഇന്ത്യ പരിപാടിയുടെ ഭാഗമായുള്ള ഏഴുദിവസത്തെ ഡല്‍ഹി യാത്ര 11ന് തുടങ്ങും. ട്രെയിന്‍ മാര്‍ഗമാണ് യാത്ര ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനേത്തുടര്‍ന്ന് പരിപാടിക്ക് ആവശ്യമായ സമയം തികയാത്ത സാഹചര്യമുണ്ടായിരുന്നു. തുടര്‍ന്ന് മന്ത്രി കെ.ടി ജലീല്‍ വിഷയത്തില്‍ ഇടപെടുകയും യാത്ര വിമാനത്തിലേക്ക് മാറ്റുകയുമായിരുന്നു.
സംസ്ഥാന സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത വരാത്തവിധം മന്ത്രി തന്നെ സ്പോണ്‍സര്‍മാരെ കണ്ടെത്തി ടിക്കറ്റ് ഒഡേപക് വഴി നല്‍കിയാണ് പരിപാടിയില്‍ മാറ്റംവരുത്തിയത്. വി.പി.എസ് ലേക്ഷോര് ഹോസ്പിറ്റല്‍, പി.കെ സ്റ്റീല്‍സ്, മലബാര്‍ ഗോള്‍ഡ് എന്നിവരാണ് യാത്ര വിമാനമാര്ഗമാക്കുന്നതിന് സഹായം നല്‍കിയതെന്ന് മന്ത്രി അറിയിച്ചു. ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ രണ്ടുദിവസത്തെ ക്യാംപുകള്‍ വഴിയാണ് എക്സ്പ്ലോറിങ് ഇന്ത്യ യാത്രക്കുള്ള 120 പ്രതിഭകളായ വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തത്.
രാഷ്ട്രപതി ഭവന്, പാര്‍ലമെന്റ് മന്ദിരം, ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി, ജാമിയ മില്ലിയ, ഡല്‍ഹി യൂനിവേഴ്സിറ്റി, എയിംസ്, നാഷനല്‍ ലോ യൂനിവേഴ്സിറ്റി, ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂനിവേഴ്സിറ്റി, എന്‍.സി.ഇ.ആര്.ടി, രാജ്ഘട്ട്, റെഡ്ഫോര്‍ട്ട്, ഡല്‍ഹി ജുമാമസ്ജിദ്, ഇസ്കോണ്‍ ടെംബിള്‍, അക്ഷര്‍ദാം ക്ഷേത്രം, പാലികാ ബസാര്‍ മാര്‍ക്കറ്റ്, ഐ.ഐ.ടി, കുത്തബ് മിനാര്‍, ഇന്ത്യാ ഗേറ്റ്, സുപ്രിംകോടതി തുടങ്ങിയ സ്ഥലങ്ങളും രാഷ്ട്രപതി, ഡല്‍ഹി മുഖ്യമന്ത്രി, കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി എന്നിവരെയും സന്ദര്‍ശിക്കുകയാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
യാത്രയ്ക്കായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ന്യൂനപക്ഷക്ഷേമ വകുപ്പ് കഴിഞ്ഞദിവസം പ്രീക്യാംപ് സംഘടിപ്പിച്ചു. ക്യാംപ് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."