വാളയാര്‍: മുല്ലപ്പള്ളിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസം
പാലക്കാട്: വാളയാര്‍ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും അന്വേഷണം അട്ടിമറിച്ചവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഏകദിന ഉപവാസം സംഘടിപ്പിച്ചു.
മാനിഷാദ എന്ന പേരില്‍ കോട്ടമൈതാനത്താണ് ഉപവാസം സംഘടിപ്പിച്ചത്. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം ഇന്നലെ രാവിലെ പത്തിനാണ് ഉപവാസത്തിന് തുടക്കംകുറിച്ചത്. ഐ.ഐ.സി.സി. ജന.സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. നീതിന്യായ വ്യവസ്ഥയില്‍ കേട്ടുകേള്‍വി ഇല്ലാത്ത നടപടികളാണ് വാളയാര്‍ കേസില്‍ ഉണ്ടായതെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. പ്രോസിക്യൂഷനും പൊലിസും പ്രതികള്‍ക്കുവേണ്ടി നിലകൊണ്ടു. പ്രതികളെ രക്ഷിക്കാന്‍ ഉന്നതതല ഗൂഢാലോചനയാണ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാളയാര്‍ പീഡനക്കേസിലെ കുറ്റവാളികള്‍ സി.പി.എമ്മുകാരാണെന്നത് കുടുംബവും നാട്ടുകാരും ഒന്നടങ്കം പറയുന്നതാണെന്നും അത് വെറുമൊരു രാഷ്ട്രീയ ആരോപണമല്ലെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വി.കെ ശ്രീകണ്ഠന്‍ എം.പി അധ്യക്ഷത വഹിച്ചു. രമ്യ ഹരിദാസ് എം.പി, എം.എല്‍.എമാരായ പി.ടി തോമസ്, ഷാഫി പറമ്പില്‍, വി.ടി ബല്‍റാം, മുന്‍ എം.പി വി.എസ് വിജയരാഘവന്‍, കെ.പി അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."