നിരോധനാജ്ഞ നാലുദിവസത്തേക്ക് നീട്ടി: സന്നിധാനത്ത് ശരണം വിളിച്ച 100 പേര്‍ക്കെതിരേ പൊലിസ് കേസ്
ടി.എസ് നന്ദു
പത്തനംതിട്ട: സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമായി നിരോധനാജ്ഞ നാലുദിവസത്തേക്ക് നീട്ടിയതിന് തൊട്ടുപിന്നാലെ സന്നിധാനത്ത് ശരണം വിളിച്ച 100 പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. നിരോധനാജ്ഞ നീട്ടിയെങ്കിലും ശരണം വിളിക്കുന്നവര്‍ക്കെതിരേ കേസെടുക്കില്ലെന്ന് ജില്ലാ കലക്ടര്‍ പി.ബി നൂഹ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് പൊലിസ് നടപടി.
വ്യാഴാഴ്ച രാത്രി 10.30 ഓടെ സന്നിധാനത്ത് ശരണം വിളിച്ച കണ്ടാലറിയാവുന്നവര്‍ക്കെതിരെയാണ് സന്നിധാനം പൊലിസ് കേസെടുത്തത്. എന്നാല്‍ കേസില്‍ അറസ്റ്റ് ഉണ്ടായിട്ടില്ല. പൊലിസ് നടപടിയില്‍ പ്രതിഷേധമുണ്ടെങ്കിലും പ്രത്യക്ഷത്തില്‍ പ്രതികരണവുമായി ആരും രംഗത്തെത്തിയിട്ടില്ല. വ്യാഴാഴ്ച വൈകിട്ടാണ് നിരോധനാജ്ഞ നാലുദിവസത്തേക്ക് കൂടി നീട്ടാന്‍ ജില്ലാകലക്ടര്‍ ഉത്തരവിട്ടത്.
ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്നാണ് ജില്ലാ പൊലിസ് മേധാവി ടി. നാരായണ്‍ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് എ.ഡി.എമ്മിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണ് 26ന് അര്‍ധരാത്രി വരെ നിരോധനാജ്ഞ നീട്ടാന്‍ കലക്ടര്‍ തീരുമാനിച്ചത്. സന്നിധാനം, നിലക്കല്‍, പമ്പ, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ തുടരുന്നത്.
അതേസമയം, യുവതീപ്രവേശന വിവാദത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളെ തുടര്‍ന്ന് ശബരിമലയിലെ വരുമാനത്തില്‍ കോടികളുടെ ഇടിവുണ്ടായി. ഇതുസംബന്ധിച്ചു അതീവ രഹസ്യമായി ദേവസ്വം ബോര്‍ഡ് തയാറാക്കിയ റിപ്പോര്‍ട്ട് പുറത്തുവന്നു.
അപ്പം, അരവണ, കാണിക്ക, അന്നദാനം തുടങ്ങിയവയിലൂടെയുള്ള പ്രധാന വരുമാനത്തിലാണ് ഇടിവുണ്ടായിട്ടുള്ളത്. കഴിഞ്ഞ മണ്ഡല മകരവിളക്ക് സീസണിന്റെ ആദ്യ ആറു ദിവസത്തെ വരുമാനത്തെ അപേക്ഷിച്ച് ഇത്തവണ 14.34 കോടിയുടെ കുറവുണ്ടായെന്നാണ് ബോര്‍ഡ് കണ്ടെത്തല്‍. വ്യാഴാഴ്ച വിവിധ ഇനങ്ങളിലുള്ള ആകെ നഷ്ടം 8.84 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ആറാം ദിവസത്തിലെ ആകെ വരുമാനം 22.82 കോടി രൂപയായിരുന്നു. അപ്പം വിറ്റുവരവില്‍ കഴിഞ്ഞ വര്‍ഷം ആറാം ദിനം 1.47 കോടി രൂപ വരുമാനമുണ്ടായിരുന്നിടത്ത് ഇത്തവണ 29.31 ലക്ഷവും. അരവണ ഇനത്തില്‍ കഴിഞ്ഞ തവണ 9.88 കോടി രൂപ ലഭിച്ചപ്പോള്‍ ഇത്തവണ 3.14 കോടിയായി കുറഞ്ഞു.
കാണിക്കയില്‍ 7.33 കോടിയില്‍നിന്ന് 3.83 കോടിയായും, അന്നദാനത്തില്‍ വരവ് 14.83 ലക്ഷത്തില്‍ നിന്ന് 8.60 ലക്ഷമായും കുറഞ്ഞു. വരുമാനത്തില്‍ വന്‍ തോതിലുള്ള ഇടിവാണ് ഇത്തവണ ഉണ്ടായിട്ടുള്ളതെന്ന് ദേവസ്വം ബോര്‍ഡ് തയാറാക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
പൊലിസ് നിയന്ത്രണത്തില്‍ ഇളവ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഭക്തരെത്തുന്നത് വരുമാനം വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ബോര്‍ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."