ശബരിമലയെ രക്ഷിച്ചത് കോണ്‍ഗ്രസ് നിലപാട്: എ.കെ ആന്റണി
തിരുവനന്തപുരം: ശബരിമലയില്‍ രക്തച്ചൊരിച്ചിലുണ്ടാകാതെ രക്ഷിച്ചത് കോണ്‍ഗ്രസ് നിലപാടാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗം എ.കെ ആന്റണി. ശബരിമല വിഷയത്തില്‍ സി.പി.എമ്മും, ബി.ജെ.പിയും വോട്ടിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തെ രക്ഷിച്ചത് കോണ്‍ഗ്രസിന്റെ നിലപാടാണ്. അതാണ് ശരിയും. എന്നാല്‍ കോണ്‍ഗ്രസിന്റെ നിലപാട് വിശ്വാസികളിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കണം. ഇത്തരം നിലപാടുകള്‍ പൊതുജനങ്ങളിലേക്കെത്തിക്കാന്‍ എം.ഐ ഷാനവാസിനെ പോലെയുള്ള നേതാക്കളുടെ ആവശ്യം കോണ്‍ഗ്രസിനുണ്ടെന്നും ആന്റണി പറഞ്ഞു. ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച എം.ഐ ഷാനവാസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എ.കെ ആന്റണി.
പ്രതിസന്ധികളിലും പ്രതികൂല സാഹചര്യങ്ങളിലും കോണ്‍ഗ്രസിന്റെ നിലപാടുകള്‍ ജനങ്ങളില്‍ എത്തിച്ച നേതാവാണ് ഷാനവാസ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടെ എല്ലാജനങ്ങളുടേയും വിശ്വാസം ആര്‍ജിക്കാന്‍ ഷാനവാസിന് കഴിഞ്ഞെന്നും ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."