പകുതിയിലേറെ സര്‍വിസുകള്‍ മുടങ്ങി; യാത്രക്കാരെ വലച്ച് കെ.എസ്.ആര്‍.ടി.സി
തിരുവനന്തപുരം: സംസ്ഥാനത്ത് യാത്രക്കാരെ വലച്ച് കെ.എസ്.ആര്‍.ടി.സി പണിമുടക്ക്. ഇന്നലെ രാവിലെ മുതല്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തിയ സമരത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍ 70 ശതമാനത്തോളം സര്‍വിസുകള്‍ മുടങ്ങി. ശമ്പളം മുടങ്ങാതെ നല്‍കണമെന്നും ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്. ആകെയുള്ള 5452 ഷെഡ്യൂളുകളില്‍ 1699 എണ്ണം മാത്രമാണ് ഇന്നലെ ഓടിയത്.
നഗരങ്ങളില്‍ സര്‍വിസ് കാര്യമായി മുടങ്ങിയില്ലെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ വ്യാപകമായി ഷെഡ്യൂളുകള്‍ തടസപ്പെട്ടു. പണിമുടക്കാണെങ്കിലും സര്‍വിസ് മുടങ്ങില്ലെന്ന കെ.എസ്.ആര്‍.ടി.സിയുടെ വാക്ക് വിശ്വസിച്ച് യാത്രക്കിറങ്ങിയവര്‍ വഴിയില്‍ കുടുങ്ങി. വര്‍ക്ക്‌ഷോപ്പുകളും ഓഫിസുകളും പലതും അടഞ്ഞു കിടന്നു. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ബി.എം.എസ് യൂനിയനുകളിലെ തൊഴിലാളികള്‍ ജോലിക്ക് ഹാജരായെങ്കിലും സമരക്കാര്‍ പിന്തിരിപ്പിച്ചതോടെ ഇവര്‍ ജോലിയില്‍ പ്രവേശിച്ചില്ല. തെക്കന്‍ ജില്ലകളെയാണ് പണിമുടക്ക് ഏറെ ബാധിച്ചത്. ഒരു ഷെഡ്യൂള്‍പോലും ഓപ്പറേറ്റു ചെയ്യാന്‍ കഴിയാതിരുന്ന ഇരുപതോളം ഡിപ്പോകള്‍ ഉണ്ടായിരുന്നെന്ന് ടി.ഡി.എഫ് അവകാശപ്പെട്ടു.
കൊട്ടാരക്കര, നെടുമങ്ങാട്, കണിയാപുരം ഡിപ്പോകളില്‍ സമരക്കാരില്‍ ചിലരെ പൊലിസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം ജില്ലയിലെ വിവിധ ഡിപ്പോയില്‍ അക്രമം നടത്തിയതിനെ തുടര്‍ന്ന് സമരക്കാരെ അറസ്റ്റു ചെയ്തു നീക്കി. പലയിടത്തും സമരാനുകൂലികള്‍ സര്‍വിസുകള്‍ തടഞ്ഞു.
നെടുമങ്ങാട് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ യാത്രക്കാരന് മര്‍ദനമേറ്റു. ഇവിടെ നൂറോളം സര്‍വിസുകള്‍ റദ്ദാക്കി. മലപ്പുറം, പാലക്കാട് ജില്ലകളിലും സര്‍വിസുകള്‍ കൂട്ടത്തോടെ മുടങ്ങി. പണിമുടക്കുന്നത് ഒരു വിഭാഗം ജീവനക്കാര്‍ മാത്രമായതിനാല്‍ കാര്യമായി ബാധിക്കില്ലെന്ന നിലപാടിലായിരുന്നു മാനേജ്‌മെന്റ്.
എന്നാല്‍ ശമ്പളവിതരണത്തിലെ അനിശ്ചിതത്വത്തില്‍ പ്രതിഷേധിച്ച് ഭരണപക്ഷ യൂനിയനിലെ ജീവനക്കാരും കൂട്ട അവധിയെടുത്തതോടെ പ്രശ്‌നം സങ്കീര്‍ണമാകുകയായിരുന്നു. ശമ്പള വിതരണം മുടങ്ങാതെ നടത്താനും ആവശ്യങ്ങള്‍ പരിഹരിക്കാനും തയാറായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിന് നിര്‍ബന്ധിതരാകുമെന്നും ടി.ഡി.എഫ് നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."