ജനങ്ങളുടെ സമ്പൂര്‍ണ പങ്കാളിത്തം ഉറപ്പാക്കും: മന്ത്രി ചന്ദ്രശേഖരന്‍
കാസര്‍കോട്: വ്യാപകമായി പനിപടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിപുലമായ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരം വൃത്തിയാക്കി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. ഇതോടെ ജില്ലയിലെ 41 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവന്‍ വാര്‍ഡുകളിലും മൂന്നു ദിവസത്തെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി.
പനിക്കും മറ്റുപകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുന്ന കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കുകയാണ് സമ്പൂര്‍ണ ശുചീകരണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനങ്ങളുടെ സമ്പൂര്‍ണ പങ്കാളിത്തം ഉറപ്പാക്കി അവരുടെ സഹകരണത്തോടെയാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനപ്രതിനിധികളും വിവിധ സംഘടനകളും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെയാണ് ശുചീകരണം. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, സന്നദ്ധ സംഘടനകള്‍, കലാസാംസ്‌കാരിക സമിതികള്‍, യൂത്ത് ക്ലബുകള്‍, വിദ്യാര്‍ഥികള്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, മാധ്യമങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, കാസര്‍കോട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി, എ.ഡി.എം കെ. അംബുജാക്ഷന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഇ. മോഹനന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ രാജാറാം, ജില്ലാ മലേറിയ ഓഫിസര്‍ വി. സുരേശന്‍, കൗണ്‍സലര്‍മാര്‍, ഡോക്ടമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മുനിസിപ്പാലിറ്റിയിലെ ശുചീകരണ വിഭാഗം തുടങ്ങിയവര്‍ ജനറല്‍ ആശുപത്രിയില്‍ നടന്ന ശുചീകരണത്തില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."