സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ മുഖപത്രം
തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവില്‍ രണ്ട് വിദ്യാര്‍ഥികളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലിസിനെ കടന്നാക്രമിച്ചും സര്‍ക്കാരിനെ വിമര്‍ശിച്ചും സി.പി.ഐ മുഖപത്രം. പൊലിസ് ഉദ്യോഗസ്ഥരുടെ നിഗൂഢ നീക്കങ്ങളെ നിരീക്ഷിക്കണമെന്ന് പത്രം മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെടുന്നു. പൊലിസ് നടപടി സംസ്ഥാന സര്‍ക്കാരിനെ തന്നെ ആശയക്കുഴപ്പത്തിലാക്കിയെന്നും പത്രം പറയുന്നു. അട്ടപ്പാടിയിലെ മാവോയിസ്റ്റുകളുടെ കൊലപാതകത്തിലും കോഴിക്കോട്ടെ വിദ്യാര്‍ഥികളുടെ അറസ്റ്റിലും പരസ്യമായി നടത്തിയ രൂക്ഷപ്രതികരണങ്ങള്‍ക്ക് പിന്നാലെയാണ് മുഖപത്രത്തിലൂടെയുള്ള സി.പി.ഐയുടെ വിമര്‍ശനങ്ങള്‍.
ലഘുലേഖയുടെ പേരില്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും യുവാക്കളുടെ മാവോയിസ്റ്റ് ബന്ധം പൊലിസ് തെളിയിച്ചിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. അട്ടപ്പാടിയിലെ കൊടുംക്രൂരതയില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് യു.എ.പി.എ ചുമത്തിയുള്ള അറസ്റ്റെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.
എന്തടിസ്ഥാനത്തിലാണ് ആശയപ്രചാരണം നടത്തിയെന്നതിന്റെ പേരില്‍ യു.എ.പി.എ ചുമത്തിയതെന്ന ചോദ്യത്തിന് പൊലിസ് മറുപടി നല്‍കുന്നില്ല. കാട്ടിലുള്ളവരുടെ നാട്ടിലെ കണ്ണികളാണിവരെന്ന് അറസ്റ്റിലായവരെക്കുറിച്ച് പൊലിസ് ആരോപിക്കുന്നതിന്റെ പിന്നിലെ തെളിവെന്താണ്. ഒരു ലഘുലേഖയുടെ പശ്ചാത്തലത്തില്‍ ഈ വിദ്യാര്‍ഥികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പൊലിസ് ആവര്‍ത്തിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം ദുരൂഹമാണ്. വസ്തുതാപരമായ യാതൊരു അന്വേഷണവും ഇക്കാര്യത്തില്‍ നടന്നിട്ടില്ലെന്നത് പകല്‍പോലെ സത്യവുമാണെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."