'മയക്കുമരുന്ന് സംഘങ്ങളോട് വിട്ടുവീഴ്ചയില്ല'
കണ്ണൂര്‍: മയക്കുമരുന്ന് സംഘങ്ങളെ അതിശക്തമായി അമര്‍ച്ച ചെയ്യുമെന്നും ഇത്തരക്കാരോട് ഒരു വിട്ടുവീഴ്ചയുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മദ്യത്തിന്റെ കാര്യത്തില്‍ വര്‍ജനമെന്നതാണ് സര്‍ക്കാര്‍ നയം. എന്നാല്‍ മയക്കുമരുന്നിന്റെ കാര്യത്തില്‍ കര്‍ശനമായ വിരുദ്ധ നിലപാട് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി.
കണ്ണൂര്‍ മേയര്‍ ഇ.പി ലത ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. വിമുക്തിക്കു വേണ്ടി കവി മധൂസൂദനന്‍ നായര്‍ രചിച്ച് പണ്ഡിറ്റ് രമേശ് നാരായണന്‍ സംഗീതം നല്‍കി വിജയ് യേശുദാസ് ആലപിച്ച തീം സോങ് പ്രകാശനം ചെയ്തു.
തുടര്‍ന്ന് രമേശ് നാരായണനെ മുഖ്യമന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. എക്‌സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച പവലിയന്‍ മന്ത്രി കെ.കെ ശൈലജയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് പവലിയന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഉദ്ഘാടനം ചെയ്തു.
സംസ്ഥാനതല ക്വിസ് മത്സരത്തില്‍ വിജയികളായ വയനാട് ചുള്ളിയാട് ജി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനി റാഹില കെ.കെ, തളിപ്പറമ്പ് മുത്തേടത്ത് ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനി സൗരവ് കെ.വി, കാസര്‍കോട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായ അര്‍ജുന്‍ എം.എസ്, അഭിഷേക് ഭക്ത എന്നിവര്‍ക്കു മുഖ്യമന്ത്രി പുരസ്‌കാരം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."