പാകിസ്താനിലെ ചൈനീസ് കോണ്‍സുലേറ്റില്‍ വെടിവയ്പ്
ഇസ്‌ലാമാബാദ്: പാകിസ്താനിലെ ചൈനീസ് കോണ്‍സുലേറ്റിലുണ്ടായ വെടിവയ്പ്പില്‍ പൊലിസുകാരടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. പാകിസ്താനിലെ തീരനഗരമായ കറാച്ചിയിലെ കോണ്‍സുലേറ്റില്‍ ഇന്നലെ വൈകിട്ട് 4.30നാണു സംഭവം. ആയുധധാരികളായ മൂന്ന് അക്രമികളെ പൊലിസ് കൊലപ്പെടുത്തി.
അതേസമയം, വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ശീഈ ഭൂരിപക്ഷ പ്രദേശമായ ഒറക്‌സായി ജില്ലയിലെ പച്ചക്കറി മാര്‍ക്കറ്റിലാണു സംഭവം. സ്‌ഫോടക വസ്തു ശരീരത്തില്‍ ഘടിപ്പിച്ച അക്രമി ആള്‍ക്കൂട്ടത്തിനിടയിലേക്ക് ബൈക്ക് ഓടിച്ചുകയറ്റിയാണു സ്‌ഫോടനമുണ്ടായതെന്ന് പൊലിസ് പറഞ്ഞു.
ആദ്യ സംഭവത്തില്‍ തോക്കുമായി ചൈനീസ് കോണ്‍സുലേറ്റില്‍ കയറാന്‍ ശ്രമിച്ച മൂന്ന് അക്രമികളെ ചെക്ക്‌പോയിന്റില്‍ പൊലിസ് തടയുകയായിരുന്നു. തുടര്‍ന്നാണ് പൊലിസും അക്രമികളും തമ്മില്‍ ഏറ്റുമുട്ടിയത്. ഇവിടെയുണ്ടായിരുന്ന നാലുപേരെ അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതില്‍ രണ്ട് പൊലിസുകാരും ഉള്‍പ്പെടും. ഏറ്റുമുട്ടലിനിടെ മൂന്ന് അക്രമികളെയും പൊലിസ് വകവരുത്തിയിട്ടുണ്ട്.
കോണ്‍സുലേറ്റിന് അകത്തുള്ള ജീവനക്കാര്‍ സുരക്ഷിതരാണെന്ന് ചൈന അറിയിച്ചു. തങ്ങളുടെ പൗരന്മാര്‍ക്കു കൂടുതല്‍ സുരക്ഷയൊരുക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പാകിസ്താനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
പടിഞ്ഞാറന്‍ പാക് പ്രവിശ്യയായ ബലൂചിസ്താനിലെ വിഘടനവാദി സംഘടനയായ ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ബലൂചിസ്താനില്‍ ചൈന നടത്തുന്ന നിക്ഷേപ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന സംഘടനയാണ് ലിബറേഷന്‍ ആര്‍മി. പാക് സൈന്യത്തോടൊപ്പം ചൈനയും മര്‍ദകരാണെന്ന് ആര്‍മി വക്താവ് പ്രതികരിച്ചു. ചൈനയുടെ സ്വപ്‌നപദ്ധതിയായ ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി പദ്ധതി പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം.
ഒറാക്‌സാലിയിലെ കലായ പച്ചക്കറി മാര്‍ക്കറ്റില്‍ പതിവ് വെള്ളിയാഴ്ച ചന്തക്കിടെയാണു ചാവേര്‍ സ്‌ഫോടനമുണ്ടായത്. ഇത് ആളപായം വര്‍ധിക്കാനിടയാക്കി. പച്ചക്കറി സൂക്ഷിക്കുന്ന പെട്ടിയില്‍ സ്‌ഫോടകവസ്തു സ്ഥാപിച്ചായിരുന്നു ആക്രമണമെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ 50 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 17 പേരുടെ സ്ഥിതി ഗുരുതരമാണ്. കൊല്ലപ്പെട്ടവരില്‍ 22 പേരും ശീഈ വിഭാഗക്കാരാണെന്ന് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ അമീനുല്ല പറഞ്ഞു.
അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള സ്വയംഭരണ ഗോത്രമേഖലയാണ് ഒറക്‌സായി. അഫ്ഗാന്‍ താലിബാന്‍, അല്‍ ഖാഇദ അടക്കമുള്ള ഭീകരസംഘങ്ങളുടെ സുരക്ഷിതതാവളങ്ങളാണ് ഈ മലയോര പ്രദേശമെന്ന് അമേരിക്ക ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."