അഫ്ഗാനിലെ സൈനിക പള്ളിയില്‍ ജുമുഅ നിസ്കാരത്തിനിടെ സ്ഫോടനം
കാബൂള്‍: അഫ്ഗാനിസ്താനിലെ സൈനിക താവളത്തിനകത്തെ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 27 പേര് കൊല്ലപ്പെട്ടു. ക്രമസമാധാനനില പാടേ തകര്‍ന്ന ഖോസ്ത് പ്രവിശ്യയില്‍ ജുമുഅ നിസ്കാരത്തിനിടെയായിരുന്നു സംഭവം.
നിസ്കാരം അവസാനിക്കാനിരിക്കെയാണു സ്ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരെല്ലാം സൈനികരാണ്. 57 സൈനികര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ബോംബ് ശരീരത്തില്‍ ഘടിപ്പിച്ച് പള്ളിയിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണു കരുതപ്പെടുന്നത്. ആരും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
സ്ഫോടനത്തെ അഫ്ഗാന് പ്രസിഡന്റ് അശ്റഫ് ഗനി അപലപിച്ചു. ഒരേസമയം ഇസ്ലാമിക വിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണ് ആക്രമണമെന്ന് അദ്ദേഹം പ്രതികരിച്ചു. സംഭവത്തില്‍ ധ്രുതഗതിയിലുള്ള അന്വേഷണത്തിന് ഗനി ഉത്തരവിട്ടു. ശക്തമായ സുരക്ഷാസംവിധാനങ്ങള്‍ മറികടന്ന് അക്രമി എങ്ങനെയാണ് സൈനിക താവളത്തിലെത്തിയതെന്നു പരിശോധിക്കുമെന്നും സൈനികര്‍ ഉത്തരവാദികളാണെങ്കില്‍ ശക്തമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.
സ്ഫോടനമുണ്ടായ സൈനിക താവളം സ്ഥിതി ചെയ്യുന്ന ഇസ്മാഈല്‍ ഖേല്‍ ജില്ലയില്‍ നാല് ഹെലികോപ്ടറുകള്‍ വിന്യസിച്ചു. അക്രമത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനടക്കമായാണിത്.
കഴിഞ്ഞ നബിദിനആഘോഷത്തിനിടെ താലിബാന് നടത്തിയ ആക്രമണത്തില്‍ 55 പണ്ഡിതന്മാര് കൊല്ലപ്പെട്ടിരുന്നു. 90 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍, സംഭവത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് താലിബാന് വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."