തിരുവള്ളുവരുടെ പ്രതിമക്കു മേല്‍ ചാണകം തളിച്ചു; പ്രതിഷേധിച്ച് ഡി.എം.കെ
തഞ്ചാവൂര്‍: തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ വിഖ്യാത കവിയും ചിന്തകനുമായ തിരുവള്ളുവരുടെ പ്രതിമയ്ക്കു നേരെ അതിക്രമം. ഒരു വിഭാഗം ആളുകള്‍ പ്രതിമയില്‍ ചാണകം തളിച്ചു. തഞ്ചാവൂരിലെ പിള്ളയാര്‍പട്ടി പഞ്ചായത്തിന് കീഴിലുള്ള കെട്ടിടത്തിന് സമീപം സ്ഥാപിച്ച പ്രതിമയാണ് ആക്രമിക്കപ്പെട്ടത്.
പ്രതിമയുടെ കണ്ണ് പേപ്പറും മണ്ണും ഉപയോഗിച്ച് മൂടിയ നിലയിലുമായിരുന്നു. ഞായറാഴ്ച രാത്രിയാണ് അതിക്രമം ഉണ്ടായതെന്നാണ് സൂചന. സംഭവം ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരന്‍ ആണ് വിവരം പൊലിസിനെ അറിയിച്ചത്. ഉടന്‍ വല്ലം പൊലിസ് എത്തി പ്രതിമ വൃത്തിയാക്കി അതിന്‍മേല്‍ പൂമാലയും ചാര്‍ത്തി.
പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന് വല്ലം ഡി.എസ്.പി സീതാരാമന്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് ശേഖരിച്ചിട്ടുണ്ട്.
തിരുവള്ളുവര്‍ കാവി വസ്ത്രവും രുദ്രാക്ഷവും ധരിച്ച രീതിയിലുള്ള ചിത്രങ്ങള്‍ കഴിഞ്ഞദിവസം ബി.ജെ.പി പ്രചരിപ്പിച്ചത് വിവാദമായിരുന്നു. തിരുവള്ളുവറെ ഹിന്ദുവായി ചിത്രീകരിക്കാനാണ് ബി.ജെ.പി നീക്കമെന്നും ഇത് അനുവദിക്കില്ലെന്നും ഡി.എം.കെ വ്യക്തമാക്കിയിരുന്നു.
ഇതേചൊല്ലി ഡി.എം.കെയും സി.പി.എമ്മും ഉള്‍പ്പെടെയുള്ള കക്ഷികള്‍ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നതിന് പിന്നാലെയാണ് തമിഴര്‍ ഏറെ ആദരിക്കുന്ന തിരുവള്ളുവരുടെ പ്രതിമ ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ ഡി.എം.കെ പ്രതിഷേധിച്ചു.
തമിഴരുടെ നവോത്ഥാനത്തിനായി പ്രവര്‍ത്തിച്ച പെരിയാര്‍, തിരുവള്ളുവര്‍ തുടങ്ങി ആരെയും അപമാനിക്കാവുന്ന സ്ഥിതിയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന് ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിന്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."