ബിഷപ്പ് പീഡനം: കന്യാസ്ത്രീക്ക് കൂടുതല്‍ സുരക്ഷയൊരുക്കാനാകില്ലെന്ന് മിഷനറീസ് ഓഫ് ജീസസ്
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡന പരാതി നല്‍കിയ കന്യാസ്ത്രീ താമസിക്കുന്ന മഠത്തിന് കൂടുതല്‍ സുരക്ഷയൊരുക്കണമെന്ന അന്വേഷണസംഘത്തിന്റെ നിര്‍ദേശം നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് മിഷനറീസ് ഓഫ് ജീസസ്. ഇക്കാര്യം വ്യക്തമാക്കി മദര്‍ സുപ്പീരിയര്‍ പൊലിസിന് കത്തു നല്‍കി.
ജലന്ധര്‍ രൂപതയിലെ വൈദികനായിരുന്ന കുര്യാക്കോസ് കാട്ടുതറയുടെ മരണത്തെത്തുടര്‍ന്നാണ് കുറവിലങ്ങാട്ടെ കന്യാസ്ത്രീ മഠത്തിന് കൂടുതല്‍ സുരക്ഷ ഉറപ്പാക്കണമെന്ന് അധികൃതര്‍ക്ക് കത്തുനല്‍കിയിരുന്നത്. നിലവില്‍ കുറുവിലങ്ങാട്ടെ മഠത്തിന് സുരക്ഷയുണ്ട്. കൂടുതല്‍ സുരക്ഷയൊരുക്കാന്‍ അസൗകര്യങ്ങളുണ്ടെന്നാണ് മദര്‍ സുപ്പീരിയര്‍ ജനറല്‍ കത്തില്‍ പറയുന്നത്. പൊലിസിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാനുള്ള സാമ്പത്തിക ശേഷിയും അധികാരവും മഠത്തിനില്ല. കൂടാതെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതുമൂലം മഠത്തിലെ കന്യാസ്ത്രീകളുടെ സ്വകാര്യത നഷ്ടമായേക്കും.
കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെയും ബന്ധപ്പെട്ട മറ്റു സാക്ഷികളുടെയും സുരക്ഷയില്‍ ആശങ്കയുണ്ടെങ്കില്‍ ഇവരെ സര്‍ക്കാരിന്റെ കീഴിലുള്ള ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റാമെന്നും അക്കാര്യത്തില്‍ മഠം തടസവാദമുന്നയിക്കില്ലെന്നും മദര്‍ സുപ്പീരിയര്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. കന്യാസ്ത്രീ മഠത്തിലെ സി.സി. ടി.വി സൗകര്യം മെച്ചപ്പെടുത്തുക, കന്യാസ്ത്രീകള്‍ക്കായി ഭക്ഷണം പാകംചെയ്യാന്‍ പ്രത്യേകം ആളുകളെ നിയമിക്കുക, സുരക്ഷ ശക്തമാക്കാന്‍ നിയോഗിച്ച കൂടുതല്‍ പൊലിസുകാരുടെ ആയുധങ്ങള്‍ സൂക്ഷിക്കാന്‍ ഗാര്‍ഡ് റൂമിനായി മുറി നല്‍കുക, മഠത്തിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചുവരുന്ന വൃദ്ധസദനത്തിലെ എല്ലാ അന്തേവാസികളുടെയും പൂര്‍ണവിവരം പൊലിസിനു കൈമാറുക, പരാതിക്കാരിയായ കന്യാസ്ത്രീയുടെ മുറി അകത്തുനിന്ന് സുരക്ഷിതമായി പൂട്ടാനുള്ള സൗകര്യമുണ്ടാക്കുക തുടങ്ങി പതിമൂന്നിന നിര്‍ദേശങ്ങളാണ് പൊലിസ് മഠം അധികൃതര്‍ക്ക് നല്‍കിയത്. മഠത്തിന്റെ അഭിപ്രായം ലഭിച്ചതോടെ മറ്റൊരു സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നത് സംബന്ധിച്ച് പൊലിസ് പരാതിക്കാരിയുടെ അഭിപ്രായം തേടി.
ബിഷപ്പിനെതിരേ സാക്ഷിമൊഴി നല്‍കിയ ഫാ. കുര്യാക്കോസ് കാട്ടുതറയെ ജലന്ധറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സാക്ഷികള്‍ക്കും പരാതി നല്‍കിയവര്‍ക്കും സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണത്തോടെ തങ്ങളുടെ ജീവനും അപകടത്തിലാണെന്ന് പരാതിക്കാരിക്കൊപ്പമുള്ള സിസ്റ്റര്‍ അനുപമയും ആശങ്ക അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."