പകര്‍ച്ചപ്പനി: വിദഗ്ധരുടെ സേവനം അനിവാര്യം
അവസാനം സര്‍ക്കാര്‍സന്നാഹം പനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടിറങ്ങിയിരിക്കുന്നു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ സംസ്ഥാനതല ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കു മാലിന്യം കോരിയെടുത്ത് ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. പനിമരണം മൂലം നിത്യേന ആളുകള്‍ പ്രായഭേദമെന്യേ മരിച്ചുകൊണ്ടിരിക്കുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കാര്യമാത്രപ്രസക്തമായ പ്രവര്‍ത്തനം ഉണ്ടായിരുന്നില്ല. മാധ്യമങ്ങള്‍ നിരന്തരം നടത്തിയ വിമര്‍ശനങ്ങള്‍ക്കൊടുവിലാണു സര്‍ക്കാര്‍ പനി പ്രതിരോധ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നലെ തുടക്കംകുറിച്ചത്.
സംസ്ഥാനത്തൊട്ടാകെ വാര്‍ഡ്തല ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കാണു രൂപംകൊടുത്തിരിക്കുന്നത്. ജനപ്രതിനിധികള്‍ കക്ഷിഭേദമെന്യേ നേതൃത്വംനല്‍കുന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ച മൂന്നുദിവസംകൊണ്ടു തീര്‍ക്കാവുന്നതല്ല. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുഷ്‌കാന്തിയോടെ ശുചീകരണപ്രവര്‍ത്തനം നടത്തുകയാണെങ്കില്‍ സംസ്ഥാനത്താകെ പടര്‍ന്ന പകര്‍ച്ചപ്പനി ഒരു പരിധിവരെ ഇല്ലാതാക്കാം. ഇതുവഴിയുണ്ടാകുന്ന മരണങ്ങള്‍ ഒരളവോളം കുറയ്ക്കാനും കഴിയും.
മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ സ്വയംഭരണസ്ഥാപനങ്ങള്‍ വരുത്തിയ വീഴ്ചയാണു മുന്‍പെങ്ങുമില്ലാത്തവിധം പകര്‍ച്ചപ്പനി സംസ്ഥാനത്തു വ്യാപകമാകാന്‍ കാരണമായത്. മാലിന്യങ്ങള്‍ വഴിയോരങ്ങളിലും വയലുകളിലും ജലസ്രോതസ്സുകളിലുംവരെ കുന്നുകൂടിക്കിടക്കുന്നതു കണ്ടിട്ടും ഇതിനെതിരേ നടപടിയെടുക്കാനോ മാലിന്യം നീക്കംചെയ്യാനോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തയാറായില്ല. വെള്ളക്കെട്ടുകള്‍ ഒഴിവാക്കാനും അഴുക്കുചാലുകള്‍ വൃത്തിയാക്കാനും മെനക്കെട്ടില്ല.
ഇതിനെത്തുടര്‍ന്നാണു കൊതുകു പെരുകിയതും സംസ്ഥാനത്തൊട്ടാകെ വിവിധതരം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചതും. ആരോഗ്യരംഗത്തു കേരളം കൈവരിച്ച നേട്ടങ്ങളൊക്കെയും അപ്രസക്തമാക്കിക്കൊണ്ടാണു മാരകരോഗങ്ങള്‍ വ്യാപിക്കുന്നത്. ആരോഗ്യരംഗത്തുണ്ടായിരുന്ന സംസ്ഥാനത്തിന്റെ മികവു കേട്ടറിഞ്ഞു പല വിദേശരാഷ്ട്രങ്ങളില്‍നിന്നും ആരോഗ്യസംരക്ഷണ പ്രവര്‍ത്തകര്‍ സംസ്ഥാനം സന്ദര്‍ശിച്ചു പഠനങ്ങള്‍ നടത്തിയതു മറക്കാറായിട്ടില്ല.
എന്നാല്‍, കേരളത്തില്‍നിന്നു നിര്‍മാര്‍ജ്ജനം ചെയ്ത രോഗങ്ങള്‍പോലും മടങ്ങിവരുന്ന കാഴ്ചയാണിപ്പോഴുള്ളത്. ശിശുമരണനിരക്കിലും മാതൃമരണനിരക്കിലും കേരളത്തിലുണ്ടായ കുറവാണ് അന്താരാഷ്ട്ര തലത്തില്‍ കേരളത്തിന് ആരോഗ്യമേഖലയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചത്. ആ നിലവാരമൊക്കെ തകിടംമറിയുന്ന സ്ഥിതിയാണുള്ളത്.
പരിസരമലിനീകരണംമൂലം സംസ്ഥാനത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന വിഷജ്വരങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതാണു യാഥാര്‍ഥ്യം. യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനമാണു കുന്നുകൂടിയിരിക്കുന്ന മാലിന്യം നിര്‍മാര്‍ജനം ചെയ്യാനായി ഇനിയുണ്ടാകേണ്ടത്.
ഈയൊരവസ്ഥ തരണംചെയ്യാന്‍ സംസ്ഥാനസര്‍ക്കാരിന്റെ നേതൃത്വത്തില്‍തന്നെ മാലിന്യനിര്‍മാര്‍ജനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നതു വൈകിയാണെങ്കിലും നല്ലകാര്യംതന്നെ. ഇന്നലെ തുടങ്ങിവച്ച സംസ്ഥാനതല പനി പ്രതിരോധ ശുചീകരണപ്രവര്‍ത്തനങ്ങള്‍ വഴിപാടു ശുചീകരണമാകാതെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയണം. ശുചിത്വപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി പൂര്‍ത്തിയാക്കുകയും ഇതിനായുള്ള സംവിധാനങ്ങള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയും ചെയ്യുകയാണെങ്കില്‍ പകര്‍ച്ചപ്പനി പൂര്‍ണമായും തടയാന്‍ കഴിയും.
പിഞ്ചുകുഞ്ഞുങ്ങളടക്കം നിരവധി പേരാണ് ഇതിനകം മരിച്ചത്. പൊതുജനാരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചു വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തി പകര്‍ച്ചപ്പനിക്കെതിരേയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുകയാണെങ്കില്‍ പനിയെ പടികടത്താം. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന കേരള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഇന്‍ഫക്ഷന്‍സ് ഡിസീസ്, നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കേരളത്തിലൊട്ടാകെ കര്‍മനിരതമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട സമയവും കൂടിയാണിത്. സംസ്ഥാനസര്‍ക്കാര്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള പനി പ്രതിരോധ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഈ സ്ഥാപനങ്ങളുടെ പങ്കാളിത്തവും കൂടി ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."