കീടങ്ങളെ തുരത്താന്‍ മഞ്ഞ പൂക്കളുമായി ഇരട്ടകള്‍
കുന്നംകുളം: കാര്‍ഷിക മുന്നേറ്റത്തിന് പരിസ്ഥിതിയോട് ഇണങ്ങുന്ന പുത്തന്‍ പരീക്ഷണവുമായി ഇരട്ട സഹോദരിമാര്‍. ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കള്‍ ഉല്‍പാദിപ്പിക്കാനുള്ള തനി നാടന്‍ ശൈലിയിലുള്ള പ്രതിവിധിയുമായാണ് ഇടുക്കി കരിമണ്ണൂര്‍ സെന്റ് ജോസഫ് എച്ച്.എസ്.എസിലെ റോസ്മരിയ അഗസ്റ്റിനും തെരേസ് മരിയ അഗസ്റ്റിനും ശാസ്ത്രമേളയിലെത്തിയത്.
മഞ്ഞനിറമുള്ള പൂവുകള്‍ക്ക് കീടങ്ങളെ ആകര്‍ഷിക്കാനുള്ള കഴിവിനെയാണ് ഇവര്‍ ഉപയോഗപ്പെടുത്തുന്നത്. പ്രധാനവിളകള്‍ക്കിടയില്‍ വേലിപോലെ സമാന്തരമായി കീടങ്ങളെ ആകര്‍ഷിക്കാന്‍ കഴിവുള്ള പൂച്ചെടികള്‍ നട്ടുവളര്‍ത്തി കീടങ്ങളെ പൂക്കളിലേക്ക് ആകര്‍ഷിക്കും.
ഇതിലൂടെ പ്രധാന വിളയെ കീടബാധയേല്‍ക്കാതെ രക്ഷിച്ചെടുക്കാം. പാടവരമ്പില്‍ ചെണ്ടുമല്ലി കൃഷിചെയ്താണ് നെല്‍ചെടികളിലെ കീടബാധ തടയുന്നത്. ചാഴി ശല്യത്തെയും വിരകളെയും അകറ്റാന്‍ ഇതിലൂടെ കഴിയുമെന്ന് പരീക്ഷണത്തില്‍ വ്യക്തമായി.
കൂടാതെ ചെണ്ടുമല്ലികൃഷിയില്‍നിന്ന് അധിക വരുമാനവും നേടാം. വളപ്രയോഗത്തിനുമുണ്ട് നൂതന ശൈലി. പപ്പായ ഇല വെള്ളത്തിലിട്ട് നാലു ദിവസം വായുകടക്കാതെ അടച്ചുവയ്ക്കുന്നു. ശേഷം ഇലമാറ്റി വെള്ളം അരിച്ചെടുത്ത് രണ്ടു ലിറ്റര്‍ വെള്ളത്തിന് ഒരു ലിറ്റര്‍ ലായനി എന്ന തോതില്‍ നേര്‍പ്പിച്ച് ചെടികളുടെ തടത്തിലും ഇലകളിലും തളിക്കും.
ഇതുവഴി ഇലകളിലെ പുഴു, തണ്ട് തുരപ്പന്‍ പുഴു ഉള്‍പ്പടെയുള്ള കീടങ്ങളില്‍നിന്നു ചെടിയെ സംരക്ഷിച്ച് മികച്ച വിളവ് ലഭ്യമാകുമെന്നും ഇവര്‍ പറയുന്നു.
കണക്കിലാണ് ഭൂലോക സ്പന്ദനം
എരുമപ്പെട്ടി: ഭൂലോകത്തിന്റെ ഒരോ സ്പന്ദനവും കണക്കിലാണ്. ' സ്ഫടികം' സിനിമയില്‍ തിലകന്‍ അവതരിപ്പിച്ച ചാക്കോ മാഷിന്റെ ഡയലോഗാണിത്. ഇതിന്റെ നേര്‍ചിത്രങ്ങളാണ് സംസ്ഥാന ഗണിത ശാസ്ത്രമേളയില്‍ കാണാന്‍ കഴിഞ്ഞത്.
അണുവിട വ്യതിചലിക്കാത്ത കണക്കുകളുടെ കണാപുറങ്ങളാണ് ഒരോ പ്രവര്‍ത്തനങ്ങളുടെയും പിന്നിലുള്ളത്. ഇന്നലെ നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ 14 ഇന മത്സരങ്ങളില്‍ 364 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സ്റ്റില്‍ മോഡലില്‍ ഹൈപ്പര്‍ ബോളോയ്ഡ് തിയറിയാണ് കൂടുതല്‍ വിദ്യാര്‍ഥികളും ഉപയോഗിച്ചത്. മാസ് ഉയരത്തില്‍ വരുമ്പോള്‍ അതിനെ സംതുലിതപ്പെടുത്തി നിലനിര്‍ത്താനുള്ള തിയറിയാണ് ഹൈപ്പര്‍ ബോളോയ്ഡ്. വലിയ കെട്ടിടങ്ങളിലും ആണവ റിയാക്ടറുകളിലും മാസ് നിയന്ത്രിക്കാന്‍ ഈ തിയറി ഉപയോഗപ്പെടുത്തുന്നുണ്ട്. ബ്ലാഡ്മിര്‍ ഷുക്കുവെന്ന ശാസ്ത്രജ്ഞനാണ് ടവര്‍ നിര്‍മാണത്തിനായി ഈ തിയറി ആദ്യമായി പ്രയോജനപ്പെടുത്തിയത്.
ഇരിങ്ങാലക്കുട സ്വദേശിയും ചാലക്കുടി കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ റുഫിനോ ടോണി ഈ തിയറി പ്രദര്‍ശിപ്പിക്കാര്‍ നിര്‍മിച്ച ഗണിത സിംഹാസനം സ്റ്റില്‍ വര്‍ക്കിങ് മോഡലുകളില്‍ ശ്രദ്ധേയമായി. കോട്ടയം കറുകച്ചാല്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ പത്തനംതിട്ട മുല്ലപ്പിള്ളി സ്വദേശി വി.ജെ ജയശങ്കര്‍ ഗണിത രൂപങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച ജ്യോമെട്രിക്കല്‍ ഗേറ്റും ആകര്‍ഷകമായി.
മദ്യപിച്ചോയെന്ന് ഇ ഹെല്‍മെറ്റ് കണ്ടുപിടിക്കും
കുന്നംകുളം: മദ്യപിച്ചും ഹെല്‍മെറ്റില്ലാതെയും ബൈക്കോടിക്കാന്‍ ശ്രമിക്കുന്നവരെ അനങ്ങാന്‍ വിടാതെ കുട്ടി ശാസ്ത്രജ്ഞന്‍മാര്‍.
പത്തനംതിട്ട ടി.കെ.എം.ആര്‍.എം വി.എച്ച്.എസ്.എസ് വല്ലനയിലെ എസ്. ഗയോസ് ആനന്ദും സി.എസ് സജുവുമാണ് ആല്‍ക്കഹോള്‍ സെന്‍സറിങ് ആന്‍ഡ്രോയിഡ് ഹെല്‍മെറ്റ് എന്ന പരീക്ഷണം എച്ച്.എസ്എസ് വര്‍ക്കിങ് മോഡല്‍ വിഭാഗത്തില്‍ അവതരിപ്പിച്ചത്.
ഇ ഹെല്‍മറ്റും മോട്ടോര്‍ ബൈക്കുമായി വയര്‍ലസ് ആര്‍.സി കണക്ഷന്‍ വഴി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഹെല്‍മെറ്റ് ധരിക്കാതെ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കുകയില്ല.
ഹെല്‍മെറ്റിലെ മദര്‍ ബോര്‍ഡില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തുന്ന എം.ക്യു ത്രി സെന്‍സര്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ മദ്യപിച്ചാല്‍ വാഹനം സ്റ്റാര്‍ട്ടാവുകയുമില്ല.
കൂടാതെ വാഹനം ഓടിക്കുമ്പോള്‍ പുറകില്‍നിന്നു വരുന്ന വാഹനങ്ങള്‍ കാണാന്‍ മൈക്രോ എച്ച്.ഡി കാമറയും ഹെല്‍മെറ്റ് ചാര്‍ജ് ചെയ്യുന്നതിനായി സോളാര്‍ ചാര്‍ജിങ് സംവിധാനവും 10500 എം.എ.എച്ച് ലിഥിയം അയേണ്‍ ബാറ്ററിയും അത്യാവശ്യ ആശയ വിനിമയത്തിനായി ബ്ലൂടൂത്ത് എമര്‍ജന്‍സി കോളിങ് സിസ്റ്റവും ഇന്റികേറ്റര്‍ ഇടുന്നതിനായി ഹെല്‍മെറ്റിനുള്ളില്‍ എല്‍.ഇ.ഡി ഇന്റികേറ്റര്‍ലൈറ്റും ഘടിപ്പിച്ചിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്
ചെടി നനയ്ക്കാം
പെരുമ്പിലാവ്: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കൃഷി ന നയ്ക്കാനുള്ള സാങ്കേതിക വിദ്യയുമായി തിരുവനന്തപുരം കല്ലറ ജി.വി.എച്ച്.എസ്.എസ് പ്ലസ്ടു വിദ്യാര്‍ഥികളായ അനൂപ് ആര്‍ കൃഷ്ണനും ജാസിം അന്‍വറും.
സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം രണ്ടാം ദിനത്തിലാണ് പെരുമ്പിലാവ് ടി.വി.എം.എച്ച്.എസ്.എസില്‍ നടന്ന മത്സരത്തില്‍ ഇവര്‍ തങ്ങളുടെ പുത്തന്‍ പരീക്ഷണം അവതരിപ്പിച്ചത്. മൊബൈല്‍ ഐ.ഒ.ടി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ കണ്ടുപിടിത്തം ആവിഷ്‌കരിച്ചിരിക്കുന്നത്.
പൂന്തോട്ടത്തിലെ ചെടികളും പാടങ്ങളിലുള്‍പ്പടെയുള്ള കൃഷികളും എത്ര ദൂരത്തിരുന്നും വ്യക്തികളുടെ അഭാവത്തിലും ന നയ്ക്കാന്‍ ഉള്ള സൗകര്യമാണിത്. കൃഷിസ്ഥലങ്ങളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന സെന്‍സറുകള്‍ മൊബൈല്‍ ഐ.ഒ.ടി വഴി ഉടമയുടെ ഫോണുമായി ബന്ധപ്പെടുത്തിയാണ് പ്രവര്‍ത്തനം.
ഓട്ടോമാറ്റിക്കായും മാനുവല്‍ ആയും ടൈമര്‍ ഉപയോഗിച്ചും ആവശ്യത്തിന് വെള്ളം പമ്പ് ചെയ്യാനുള്ള സൗകര്യമാണുള്ളത്. ടൈമര്‍ ഉപയോഗിച്ച് കൃത്യമായ ഇടവേളകളില്‍ വെള്ളം പമ്പ് ചെയ്യാം. സ്മാര്‍ട്ട് ഫോണില്‍ അനുബന്ധ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ലോകത്ത് എവിടെയിരുന്നും കൃഷി നനയ്ക്കാം.
രക്ഷാപ്രവര്‍ത്തനത്തിന് ഉഗ്രന്‍
ബോട്ടുമായി അവരെത്തി
പെരുമ്പിലാവ്: പ്രകൃതിദുരന്ത ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പ്രത്യേക സൗകര്യങ്ങളുള്ള മള്‍ട്ടിഫങ്ഷനല്‍ രക്ഷാബോട്ടുമായി സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ കോഴിക്കോട് ജി.എച്ച്.എസ്.എസ് വിദ്യാര്‍ഥിനികളായ ഹൃദ്യാ മനോജും നീത ലക്ഷ്മിയും.
കേരളത്തെ വെള്ളത്തിലാഴ്ത്തിയ 2018ലെയും 2019ലെയും പ്രളയ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആശയവുമായി ഇവര്‍ പരീക്ഷണത്തില്‍ ഏര്‍പ്പെട്ടത്.
ബോട്ട് ഓടിക്കുന്നതില്‍ മുന്‍പരിചയം ഇല്ലാത്തവര്‍ക്കും ഏതു ഘട്ടത്തിലും എളുപ്പത്തില്‍ ഓടിക്കാവുന്ന രീതിയിലാണ് പ്രവര്‍ത്തനം. യന്ത്രസഹായത്താലും അല്ലാതെയും ബോട്ട് ഉപയോഗിക്കാം.
ഇന്റലിജന്റ്‌സ് യൂനിറ്റ്, ബ്ലൂടൂത്ത് അല്ലെങ്കില്‍ വൈഫൈ യൂനിറ്റ്, മാനുവല്‍ യൂനിറ്റ് എന്നിങ്ങനെ മൂന്ന് ഡ്രൈവിങ് യൂനിറ്റുകളാണ് ബോട്ടിനുള്ളത്. ഇന്റലിജന്റ്‌സ് യൂനിറ്റിന്റെ പ്രധാന ഭാഗം മുന്‍കൂട്ടി പ്രോഗ്രാം ചെയ്തുവച്ച മൈക്രോ കണ്‍ട്രോളറാണ്.
മുന്നില്‍ തടസമായി വരുന്ന ഏതു വസ്തുവിനേയും സെന്‍സര്‍ ചെയ്യാനും തട്ടിത്തെറിപ്പിക്കാനും ബോട്ടില്‍ സജ്ജീകരണങ്ങളുണ്ട്. വശങ്ങളില്‍നിന്ന് വസ്തുക്കള്‍ തടസമായി വരുകയാണെങ്കില്‍ തനിയെ ദിശമാറാനുള്ള രീതിയിലാണ് ഈ യൂനിറ്റ് വഴിയുള്ള ബോട്ടിന്റെ പ്രവര്‍ത്തനം.ബ്ലൂടൂത്ത് സഹായത്തോടെ നിശ്ചിത ദൂരത്തുനിന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നത് ഈ ബോട്ടിന്റെ സവിശേഷതയാണെന്ന് ഹ്യദ്യയും നീതയും പറയുന്നു. മൊബൈലില്‍നിന്ന് ഉള്‍പ്പെടെ ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ബോട്ട് നിര്‍ത്താന്‍ സൗകര്യം ഉണ്ട്.
ബോട്ടിനുള്ളില്‍ ഇരുന്നു കൊണ്ട് ഒരാള്‍ക്ക് പ്രവര്‍ത്തിപ്പിക്കാവുന്ന ലളിതമായ രീതിയാണ് മാനുവല്‍ യൂനിറ്റിന്റേത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നിരവധി സവിശേഷതകളും ബോട്ടിനുണ്ട്. വൃദ്ധര്‍ക്കും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ബോട്ടിലേക്ക് കയറാനായി ഘടിപ്പിച്ചിരിക്കുന്ന മെക്കാനിക്കല്‍ ചവിട്ടുപടികളാണ് ഇതിലൊന്ന്. കുടുങ്ങിക്കിടക്കുന്നവരേയും വസ്തുക്കളേയും സുരക്ഷിതമായി മാറ്റാവുന്ന ലിഫ്റ്റിങ് യൂനിറ്റാണ് മറ്റൊന്ന്. മരിച്ചവരേയോ അബോധാവസ്ഥയിലുള്ളവരേയോ വെള്ളത്തില്‍നിന്നും മറ്റും എടുക്കുന്നതിനുള്ള പിക്കിങ് യൂനിറ്റാണ് ബോട്ടിന്റെ വേറൊരു സവിശേഷത.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലേതുപോലുള്ള പ്രളയ സാഹചര്യങ്ങളോ മറ്റോ ഭാവിയില്‍ വരുകയാണെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്താവുന്ന നിരവധി മേന്മകളാണ് ഇവരുടെ കണ്ടുപിടിത്തത്തിനുള്ളത്.
സോളാര്‍ എനര്‍ജിയിലും ബാറ്ററിയിലും പ്രവര്‍ത്തിപ്പിക്കാം എന്നതിനാല്‍ ഇതു പരിസ്ഥിതി സൗഹൃദപരമാണ്. ഭാരവും ചെലവും കുറവായതിനാല്‍ ഈ കണ്ടുപിടിത്തം കൂടുതല്‍ ജനകീയമാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
കവളപ്പാറ കണ്ടുഞെട്ടി; ലാന്‍ഡ് സ്ലൈഡിങ് ഡിറ്റക്ടര്‍
വികസിപ്പിച്ചെടുത്ത് മലപ്പുറത്തെ വിദ്യാര്‍ഥികള്‍
കുന്നംകുളം: ഇനിയൊരു മണ്ണിടിച്ചില്‍ ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ മണ്ണിടിച്ചിലിനെ നേരത്തെ അറിയാന്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ലാന്‍ഡ് സ്ലൈഡിങ് ഡിറ്റക്ടര്‍ എന്ന സംവിധാനം കണ്ടെത്തിയിരിക്കുകയാണ് മലപ്പുറം ജി.വി.എച്ച്.എസ്.എസ് മമ്പാട് സ്‌കൂളിലെ വിദ്യാര്‍ഥികള്‍. വി.എച്ച്.എസ്.ഇ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ വി.എഫ് അനസ്, ടി.പി സഞ്ജയ് എന്നിവരാണ് ഈ നൂതനാശയത്തിന്റെ വക്താക്കള്‍.
നാലുതരം സെന്‍സറുകള്‍ ഉപയോഗിച്ചാണ് ലാന്‍ഡ് സ്ലേഡിങ് ഡിറ്റക്ടര്‍ നിര്‍മിച്ചിരിക്കുന്നത്. പത്തടിതാഴ്ചയില്‍ മണ്ണിന്റെ ഈര്‍പ്പവും മറ്റും തിരിച്ചറിയുന്ന മോയ്‌സ്ചര്‍ ഡിറ്റക്ടീവ് സെന്‍സര്‍, ടെമ്പറേച്ചര്‍ ആന്‍ഡ് ഹ്യുമിഡിറ്റി ഡിറ്റക്ടീവ് സെന്‍സര്‍, ആക്‌സിലറോ മീറ്റര്‍, കോപ്പര്‍ ബ്രേയ്ക്കിങ് സിസ്റ്റം എന്നിവയാണ് ലാന്‍ഡ് സ്ലൈഡിങ് ഡിറ്റക്ടര്‍ സംവിധാനത്തിലെ പ്രധാന ഭാഗങ്ങള്‍. മണ്ണിടിച്ചില്‍ ഉള്ളതോ മണ്ണിടിയാന്‍ സാധ്യത ഉള്ളതോആയ ഇരുപത്തിരണ്ട് ഡിഗ്രിയോളം ചെരിഞ്ഞു നില്‍ക്കുന്ന മലയോരങ്ങളിലാണ് ഈ ഡിറ്റക്ടിങ് സംവിധാനം സ്ഥാപിക്കുക. സെന്‍സറുകള്‍ ഒരു മൈക്രോ കണ്‍ട്രോളറുമായും ബന്ധിപ്പിച്ചിരിക്കുന്നു.
ഇതിനാല്‍ ഓരോ സെന്‍സറില്‍നിന്ന് ലഭിക്കുന്ന സിഗ്‌നലുകള്‍വച്ച് കൃത്യമായി ഗ്രീന്‍, യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ നല്‍കാന്‍ സാധിക്കുന്നു. തൊണ്ണൂറു ശതമാനത്തോളം മണ്ണിടിച്ചിലുകളും മുന്‍കൂട്ടി തിരിച്ചറിയാന്‍ ഈ സാങ്കേതിക വിദ്യയ്ക്കാകുമെന്നും വിദ്യാര്‍ഥികള്‍ അവകാശപ്പെട്ടു.
മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ കവളപ്പാറയ്ക്കു സമീപമുള്ള അകമ്പാടം സ്വദേശിയാണ് വി.എഫ് അനസ്.
കവളപ്പാറ ദുരന്തഭൂമി നേരിട്ടുകണ്ടതും അവിടെയെത്തിയ ചില ജിയോളജിസ്റ്റുകളുമായി സംവദിച്ചതില്‍ നിന്നുമാണ് ഇത്തരമൊരു ഡിറ്റക്ടിങ് സംവിധാനമെന്ന ആശയം രൂപപ്പെട്ടതെന്നും അനസ് പറയുന്നു.
ഡ്രൈവിങ്ങിനിടെ ഇനി ഉറക്കമില്ല
കുന്നംകുളം: ഡ്രൈവിങ്ങിനിടയില്‍ ഉറങ്ങിപ്പോകുമെന്ന ഭയം ഇനി വേണ്ട. മയക്കത്തിലേക്ക് പോയാല്‍ ഉണര്‍ത്താനും വാഹനത്തിന്റെ വേഗത തനിയെ കുറയ്ക്കാനുമുള്ള സാങ്കേതികവിദ്യയാണ് തൃശൂര്‍ ജില്ലയിലെ പനങ്ങാട് എച്ച്.എസ്.എസ് പ്ലസ്ടു വിദ്യാര്‍ഥികളായ എം.എം ഫര്‍ഹാനയും സുമയ്യ ഹബീബും കണ്ടുപിടിച്ചിരിക്കുന്നത്.
ഐ ബ്ലിങ് സെന്‍സറിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കണ്ണടയും വാഹനത്തിലെ ഇഗ്‌നേഷ്യന്‍ റിലെയുമായി ബന്ധിപ്പിച്ചിരിക്കുന്ന മൈക്രോ കണ്‍ട്രോള്‍ യൂനിറ്റുമാണ് സ്ലീപ് ഡിറ്റക്ടര്‍ എന്ന് പേരിട്ടിരിക്കുന്ന ഉപകരണത്തിലുള്ളത്.
300 മില്ലി സെക്കന്‍ഡിന് മുകളില്‍ കണ്ണടഞ്ഞ് പോയാല്‍ ഐ ബ്ലിങ് സെന്‍സര്‍ വാഹനത്തിലെ മൈക്രോ കണ്‍ട്രോള്‍ യൂനിറ്റിലേക്ക് സന്ദേശമെത്തിച്ച് അലാം മുഴക്കി ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ് സാങ്കേതികവിദ്യ. അമിത വേഗതയിലാണ് പോകുന്നതെങ്കിലും അലാറം മുഴങ്ങുന്നതോടെ വാഹനം തനിയെ വേഗത കുറച്ച് ഡ്രൈവറെ നിയന്ത്രണം ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുന്നു.
താരമായി
മള്‍ട്ടിപര്‍പ്പസ് റോബോ
കുന്നംകുളം: പ്രകൃതി ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താനും അടിയന്തരഘട്ടങ്ങളില്‍ പ്രാഥമിക ശുശ്രൂഷ നല്‍കാനും നിലമൊരുക്കി കൃഷചെയ്യാനും എന്നുവേണ്ട രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ വരെ സഹായകമാകുന്ന മള്‍ട്ടിപര്‍പ്പസ് റോബോ ആയ ഇന്റലിജന്റ് മോഡുലാര്‍ റോബോട്ടിക് വെഹിക്കിളുമായാണ് ആര്‍ അശ്വിനും മുഹമ്മദ് ഷെഫീഖും ശാസ്ത്രമേളയിലെത്തിയത്.
കണ്‍ട്രോള്‍ റൂമിലിരുന്ന് നിയന്ത്രിക്കാനാവുന്ന ഈ ചെറുവാഹനത്തെ യഥേഷ്ടം എവിടേക്ക് വേണമെങ്കിലും കടത്തിവിടാനാകും.
ഭൂകമ്പമോ, ഉരുള്‍പൊട്ടലോ, പ്രളയമോ തുടങ്ങിയ അപ്രതീക്ഷിത ദുരന്തങ്ങളില്‍പ്പെട്ടവരെ കണ്ടെത്താനും അവര്‍ക്ക് അടിയന്തരമായി പ്രാഥമിക ശുശ്രൂഷ നല്‍കാനും ഈ വാഹനത്തിനാകും. ഒരു കാമറയും മെഡിക്കല്‍കിറ്റും വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ പ്രതിരോധമേഖലയില്‍ ബോംബുകള്‍ ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കളുടെ സാന്നിധ്യം കണ്ടുപിടിക്കാന്‍ ഇതിലുപയോഗിച്ചിരിക്കുന്ന മെറ്റല്‍ ഡിക്ടക്റ്റര്‍ സഹായകമാകുമെന്നും ഇവര്‍ പറയുന്നു.
കൂടാതെ മണ്ണിന്റെ ഫലഭൂഷ്ടി നിര്‍ണയിക്കാനും നിലമൊരുക്കാനും വിത്തുവിതക്കാനും പച്ചക്കറി കൃഷികള്‍ വിളവെടുക്കാന്‍ വരെ ഈ റോബോ മതി.
വളരെ കുറഞ്ഞ ചെലവില്‍ നിര്‍മിക്കാവുന്ന ഈ യന്ത്രം കര്‍ഷകര്‍ക്കും ഏറെ ഗുണപ്രദമാകും. പാലക്കാട് എരുമയൂര്‍ ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളാണ് ഇരുവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."