അര്‍ബുദ ചികിത്സയ്ക്കിനി ആര്‍.സി.സിയിലേക്ക് ഓടേണ്ട; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ത്രിതല കാന്‍സര്‍ സെന്റര്‍ ഉദ്ഘാടനം ഇന്ന്
കോഴിക്കോട്: അര്‍ബുദത്തിന് വിദഗ്ധ ചികിത്സക്കിനി മലബാറില്‍ നിന്ന് തലസ്ഥാനത്തേക്ക് ഓടേണ്ട. ത്രിതല കാന്‍സര്‍ സെന്റര്‍ സംവിധാനം സജ്ജമാകുന്നതോടെ കാന്‍സര്‍ ചികിത്സാ രംഗത്ത് കോഴിക്കോട് മെഡിക്കല്‍ കോളജും ലോകോത്തര നിലവാരത്തിലേക്ക് ഉയരുകയാണ്. മലബാറിലെ ആയിരക്കണക്കിന് രോഗികള്‍ക്കാണ് ഈ സംവിധാനം ലഭ്യമാകുക. തലസ്ഥാനത്തെ ആര്‍.സി.സിയോട് കിടപിടിക്കുന്ന രീതിയിലാണ് ഈ ചികിത്സാ കേന്ദ്രം. സ്വകാര്യ ആശുപത്രികളില്‍ മാത്രം ലഭ്യമായ അത്യാധുനിക ഉപകരണങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പത്തു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് ത്രിതല കാന്‍സര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുന്നത്.
മെഡിക്കല്‍ കോളജിലെ പുതിയ കെട്ടിടത്തില്‍ കാന്‍സര്‍ ഒ.പിയും ഡേ കെയര്‍ കീമോതെറാപ്പിയുമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഏഴുനിലകളുള്ള കെട്ടിടത്തിന്റെ മൂന്നു നിലയുടെ ഉദ്ഘാടനം കഴിയുന്നതോടെ റേഡിയോ തെറാപ്പി, സര്‍ജിക്കല്‍ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി, പീഡിയാട്രിക് ഓങ്കോളജി എന്നിവയും പ്രവര്‍ത്തനം തുടങ്ങും. കേന്ദ്ര സര്‍ക്കാരിന്റെ 120 കോടി രൂപയും സംസ്ഥാന സര്‍ക്കാരിന്റെ 60 കോടിയുമടക്കം 190 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. നാലു നിലകളുടെ നിര്‍മാണ പ്രവര്‍ത്തനം കൂടി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. എമര്‍ജന്‍സി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള കാഷ്വാലിറ്റി, അഞ്ച് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകള്‍, ന്യൂറോ സര്‍ജറി, യൂറോ സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, സര്‍ജിക്കല്‍ ഗാസ്റ്റ്രേ എന്ററോളജി, കാര്‍ഡിയോ തൊറാസിക് സര്‍ജറി, 19 ഓപ്പറേഷന്‍ തിയറ്ററുകള്‍, ഒന്‍പത് ഐ.സി.യു എന്നിവ കൂടിയാണ് ഏഴു നിലകളും പൂര്‍ത്തിയാകുമ്പോള്‍ ഇവിടെ സജ്ജമാകുക. ഡോക്ടര്‍മാരെയും 110 പുതിയ ജീവനക്കാരെയും ഇവിടേക്ക് ഉടനെ അനുവദിക്കും. ഉദ്ഘാടനം കഴിയുന്നതോടെ ഇവരുടെ നിയമനം ഉണ്ടാകും. നാലു നില കൂടി പ്രവര്‍ത്തന സജ്ജമാകുന്നതോടെയാണ് അര്‍ബുദ ചികിത്സയില്‍ വിപ്ലവകരമായ മുന്നേറ്റം പൂര്‍ണമായും പൂര്‍ത്തിയാകുക.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ അര്‍ബുദ രോഗികളുള്ളത് മലബാറിലാണെന്നാണ് കണക്ക്. ആറു ജില്ലകളിലായി ആറായിരത്തിലേറെ രോഗികളെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തേക്ക് പ്രതിവര്‍ഷം കൊണ്ടുപോകേണ്ട അവസ്ഥയുണ്ട്. ഇതിനു മാറ്റം വരുത്താന്‍ കാന്‍സര്‍ സെന്റര്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിനംപ്രതി വിദഗ്ധ ചികിത്സക്കായി നൂറുകണക്കിനു രോഗികളും ആര്‍.സി.സിയിലേക്കെത്തുന്നുണ്ട്. ഇതിനുള്ള ഭീമമായ ചെലവിനും ഒരു പരിധിവരെ അറുതി വരുത്താനും കാന്‍സര്‍ സെന്ററിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.കെ രാഘവന്‍ എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."