ട്രെയിനില്‍ കുത്തേറ്റു മരിച്ച മതവിദ്യാര്‍ഥിയോട് ആദരം; പെരുന്നാള്‍ ആഘോഷമില്ലാതെ ജുനൈദിന്റെ ഗ്രാമം
ന്യൂഡല്‍ഹി: ഖുര്‍ആന്‍ മുഴുവനായി മനപ്പാഠമാക്കിയ ജുനൈദിനെ ആദരിക്കാനായുള്ള ഒരുക്കത്തിനിടയില്‍ ബല്ലഭ്ഗഡ് നിവാസികള്‍ അവന്റെ മരണവാര്‍ത്ത കേട്ടതോടെ ഈ പെരുന്നാള്‍ ആഘോഷിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹി-മഥുര ട്രെയിനില്‍ സംഘ്പരിവാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 16കാരന്‍ ജുനൈദിനെ ഓര്‍ത്ത് ഹരിയാനയിലെ ബല്ലഭ്ഗഡ് നിവാസികള്‍ ഇപ്പോഴും കരയുകയാണ്. ട്രെയിനില്‍ സംഘ്പരിവാര്‍ ഭീകരര്‍ നിരപരാധിയായ കുട്ടിയെ കൊലപ്പെടുത്തിയത് ഇപ്പോഴും ഇവിടത്തുകാര്‍ക്ക് ഞെട്ടലുളവാക്കുന്ന സംഭവമാണ് .
ഈ കുട്ടിയുടെ കൊലപാതകത്തെ തുടര്‍ന്ന് ഹരിയാനയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ബല്ലഭ്ഗഡ് നിരത്തുകളില്‍ ഇത്തവണ പെരുന്നാളിന് കാണാറുള്ള പലനിറത്തിലുള്ള ബലൂണുകളും കൗമാരക്കാരുടെ ആരവങ്ങളും സംഗീതപരിപാടികളും തിങ്കളാഴ്ച അന്യംനിന്ന കാഴ്ചയായിരുന്നു.
മക്കള്‍ക്ക് പുതിയ വസ്ത്രങ്ങള്‍ വാങ്ങിയിരുന്നുവെങ്കിലും അത് ധരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല തങ്ങളെന്ന് ഇവിടത്തുകാരനായ ഹനീഫ് ഖാന്‍ പറഞ്ഞു. ദുഃഖാചരണത്തിന്റെ ഭാഗമായി നാട്ടുകാര്‍ കറുത്ത റിബണുകളും ധരിച്ചാണ് പെരുന്നാള്‍ നിസ്‌കാരത്തിനെത്തിയത്. ബല്ലഭ്ഗഡിനു പുറമെ ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യയിലെ മിക്ക നഗരങ്ങളിലെ പള്ളികളിലും ഈദ്ഗാഹുകളിലും നടന്ന പെരുന്നാള്‍ നിസ്‌കാരത്തിനെത്തിയവരൊക്കെയും കൈകളില്‍ കറുത്ത റിബണ്‍ ധരിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ഗോരക്ഷാ അക്രമികള്‍ മര്‍ദിച്ചുകൊന്ന ഹരിയാനയിലെ മെവാത്തിലെ പെഹ്്‌ലൂഖാന്റെ നാടും ജുനൈദിന്റെ മരണത്തില്‍ ദുഃഖിച്ച് ആഘോഷങ്ങളില്‍ നിന്നു വിട്ടുനിന്നു.
ജുനൈദിന്റെ മരണത്തിലുള്ള ദുഃഖത്തോടൊപ്പം ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമോയെന്ന ഭീതിയിലാണ് നാട്ടുകാര്‍. പഠനത്തിനായി അടുത്തയാഴ്ച സൂറത്തിലേക്കു പോകാനിരുന്ന ജുനൈദിന്റെ സഹോദരങ്ങളായ ഇസ്മാഈല്‍, ഫൈസല്‍, ഹാഷിം എന്നിവര്‍ക്ക് നേരത്തെ എടുത്തുവച്ചിരുന്ന ട്രെയിന്‍ടിക്കറ്റുകള്‍ പിതാവ് ജലാലുദ്ദീന്‍ റദ്ദാക്കി. അക്രമികളുടെ കുത്തേറ്റ് ഡല്‍ഹി എയിംസില്‍ ചികില്‍സയില്‍ കഴിയുന്ന ജുനൈദിന്റെ സഹോദരന്‍ ഷാക്കിര്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നെഞ്ചിലടക്കം ആറുകുത്തുകളാണ് ഷാക്കിറിനേറ്റത്.
കൊലപാതകത്തെ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും അപലപിച്ചു
ന്യൂഡല്‍ഹി: ജുനൈദിന്റെ കൊലപാതകത്തെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും അപലപിച്ചു. സംഭവത്തെ അപലപിക്കുന്നതായും അത് ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കൊലപാതകത്തെ അപലപിക്കുന്നുവെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രതികളെ അറസ്റ്റ്‌ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജുനൈദിന്റെ വീട്ടുകാര്‍ക്ക് 10 ലക്ഷംരൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
റെഡ്‌ക്രോസും വഖ്ഫ് ബോര്‍ഡും അഞ്ചുലക്ഷം രൂപവീതം നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബത്തിലെ ഒരാള്‍ക്കു ജോലിനല്‍കുമെന്ന് വഖ്ഫ് ബോര്‍ഡ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."