ഇടവേള തീര്‍ന്നു; ഇന്നുമുതല്‍ വീണ്ടും ക്ലബ് ഫുട്‌ബോള്‍ ആരവം
ലണ്ടന്‍: അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങള്‍ക്കും യുവേഫ നാഷന്‍സ് ലീഗിനുമുള്ള ഇടവേള കഴിഞ്ഞ് ഇന്ന് മുതല്‍ ക്ലബ് ഫുട്‌ബോള്‍ വീണ്ടും സജീവമാകും. സീസണിന്റെ പകുതിയിലേക്കടുക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരെല്ലാം സ്ഥാനം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ്.
ബാഴ്‌സക്കിന്ന് 13-ാം മത്സരം
ലാലിഗയില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരും കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരുമായ ബാഴ്‌സലോണ ഇന്ന് 13-ാം മത്സരത്തിനിറങ്ങുന്നു.
ഇന്ന് രാത്രി 1.15ന് അത്‌ലറ്റിക്കോ മാഡ്രിഡുമായാണ് മത്സരം. ബാഴ്‌സ പരാജയപ്പെട്ടാല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടേക്കാം.
മൂന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് 23 പോയിന്റാണുള്ളത്. മറ്റൊരു മത്സരത്തില്‍ വലന്‍സിയ റയോ വല്ലെകാനോയെ നേരിടും. രാത്രി 11ന് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഹുയസ്‌കയും ലെവന്റെയും തമ്മിലാണ് കൊമ്പുകോര്‍ക്കുന്നത്.
പ്രീമിയര്‍ ലീഗില്‍ കരുത്തന്‍മാര്‍ കളത്തില്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍നിര ടീമുകളെല്ലാം ഇന്ന് മത്സരത്തിനിറങ്ങുന്നുണ്ട്. രാത്രി 8.30ന് നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി വെസ്റ്റ് ഹാമിനെ നേരിടും.
കാര്‍ഡിഫ് സിറ്റിയും എവര്‍ട്ടനും തമ്മിലാണ് മറ്റൊരു മത്സരം. ലെസ്റ്റര്‍സിറ്റി ബ്രൈടനെ നേരിടുമ്പോള്‍ ചുവന്ന ചെകുത്താന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്രിസ്റ്റല്‍ പാലസിനെ നേരിടും. യുനൈറ്റഡിന് ഇന്ന് ജയിക്കാനായാല്‍ മാത്രമേ മൗറീഞ്ഞോ പറഞ്ഞ അവസാന നാലിലെങ്കിലും എത്താനാവൂ.
പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ലിവര്‍പൂളും വാട്‌ഫോഡും തമ്മില്‍ രാത്രി 8.30ന് ഏറ്റുമുട്ടുന്നുണ്ട്. ഫുള്‍ഹാമും സതാംപ്ടണും തമ്മിലുള്ള മത്സരവും രാത്രി 8.30ന് നടക്കും. രാത്രി 11ന് ഇംഗ്ലീഷ് ഫുട്‌ബോളിന്റെ മേല്‍വിലാസമുള്ള ടോട്ടനവും ചെല്‍സിയും തമ്മില്‍ ഏറ്റുമുട്ടും. മൂന്നും നാലും സ്ഥാനത്ത് നില്‍ക്കുന്ന ചെല്‍സിക്കും ടോട്ടനത്തിനും ഇന്നത്തെ മത്സരം നിര്‍ണായകമാകും.
ഇറ്റാലിയന്‍ ലീഗില്‍ യുവന്റസ്
ഇറ്റാലിയന്‍ ലീഗായ സീരി എയില്‍ യുവന്റസ് ഇന്ന് കളത്തിലിറങ്ങുന്നു.
രാത്രി 10.30ന് സ്പാലിനെയാണ് യുവന്റസ് നേരിടുന്നത്. നിലവില്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന യുവന്റസ് 34 പോയിന്റുമായി ബഹുദൂരം മുന്നിലാണ്.
രാത്രി ഏഴിന് റോമയും ഉഡിനീസും തമ്മിലാണ് ലീഗിലെ മറ്റൊരു മത്സരം. ആറാം സ്ഥാനത്തുള്ള റോമക്ക് സ്ഥാനം മെച്ചപ്പെടുത്തണമെങ്കില്‍ ഇന്ന് ജയം അനിവാര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."