മാവോയിസ്റ്റ് വേട്ടയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി, മലര്‍ന്ന് കിടന്നുതുപ്പി ദേശാഭിമാനി, നിലമ്പൂരിലേതും ഏറ്റുമുട്ടലെന്ന്, എല്ലാ കുറ്റവും യു.പി.എ സര്‍ക്കാറില്‍ ചാര്‍ത്തി പാര്‍ട്ടി പത്രം, വായിക്കണം ഈ കഥകള്‍
കോഴിക്കോട്: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയിലും കോഴിക്കോട്ട് രണ്ട് യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെയും ന്യായീകരിച്ച് ചീഫ് സെക്രട്ടറി മുതല്‍ ദേശാഭിമാനിവരേ തലകുത്തിമറിയുന്നു. ഇംഗ്ലിഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് ചീഫ് സെക്രട്ടറി മാവോയിസ്റ്റ് വേട്ടയെ ന്യായീകരിച്ചതെങ്കില്‍ ദേശാഭിമാനി തുടക്കം മുതല്‍ ഇതേ തരത്തിലുള്ള വാര്‍ത്തകളാണ് നല്‍കുന്നത്.
ഇന്നിറങ്ങിയ പത്രത്തിന്റെ മുഖ പ്രസംഗത്തിലും പാര്‍ട്ടി പത്രം മലര്‍ന്നുകിടന്നു തുപ്പുകയാണ്. നിലമ്പൂരിലുണ്ടായത് വ്യാജ ഏറ്റുമുട്ടലാണെന്ന് പകല്‍പോലെ വ്യക്തമായിട്ടും ഇതിനെ ന്യായീകരിക്കുന്നതിനിടയില്‍ അത് ഏറ്റുമുട്ടല്‍ തന്നെയാണെന്ന് ആവര്‍ത്തിക്കാനും മടിക്കുന്നില്ല.
അതേ സമയം കോഴിക്കോട്ടെ യുവാക്കള്‍ക്കുനേരെ യു.എ.പി.എ കേസ് എടുത്തതിനെയും ന്യായീകരിക്കുകയാണ്. ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കേ ഈ നിയമപ്രകാരം അന്വേഷണവും കേസെടുക്കലും സാധ്യമാകൂവെന്നും റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയുടെ അധ്യക്ഷതയിലുള്ള ഉന്നത സമിതിയുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലേ യു.എ.പി.എ പ്രകാരം സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുവദിക്കുകയുള്ളവെന്നും മുഖപ്രസംഗം പറയുന്നു. എന്നാല്‍ ഇവിടെ അത്തരത്തിലുണ്ടായിട്ടുണ്ടോ എന്ന കാര്യത്തിനുമാത്രം വിശദീകരണവുമില്ല.
കേരളം മാവോയിസ്റ്റ് തീവ്രവാദഭീഷണി കുറഞ്ഞ സംസ്ഥാനമായത് നമ്മള്‍ ആര്‍ജിച്ച സാമൂഹ്യപുരോഗതികൊണ്ടും ഇടതുപക്ഷ മനസുകൊണ്ടുമാണെന്നും മുഖപ്രസംഗം പറയുന്നു. സാമൂഹ്യമായ പിന്നോക്കാവസ്ഥയില്‍ കഴിയുന്ന ജനവിഭാഗങ്ങളെ ദുര്‍ബോധനപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് മാവോയിസ്റ്റുകള്‍ മലയോര- വനമേഖലകളില്‍ നിലയുറപ്പിക്കുന്നത്. പൊലിസ്- അര്‍ധസൈനിക സേനയില്‍പെട്ടവരാണ് ഇവരുടെ സായുധപ്രവര്‍ത്തനത്തിന്റെ പ്രധാന ഇരകള്‍. നിരവധി രാഷ്ട്രീയപ്രവര്‍ത്തകരും കൊലചെയ്യപ്പെട്ടിട്ടുണ്ട്. മുഖ പ്രസംഗം തുടരുന്നു.
അടുത്തകാലത്തായി പശ്ചിമഘട്ട വനപ്രദേശങ്ങള്‍ മാവോയിസ്റ്റുകള്‍ താവളമാക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. വയനാട്ടിലും അട്ടപ്പാടിയിലും തീവ്രവാദ സാന്നിധ്യം അനുഭവപ്പെട്ടതുമാണ്. 2016 നവംബറില്‍ നിലമ്പൂരില്‍ പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച കുപ്പു ദേവരാജ് ഛത്തീസ്ഗഢ് മേഖലയില്‍ നക്സലൈറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ആന്ധ്ര സ്വദേശിയാണ്. വനത്തിനകത്ത് തെരച്ചില്‍ നടത്തുന്ന തണ്ടര്‍ബോള്‍ട്ട് സേനയെ മാവോയിസ്റ്റുകള്‍ ആക്രമിക്കുകയായിരുന്നുവെന്നും, അതല്ല പിടിയിലായവരെ പൊലിസ് പോയിന്റ് ബ്ലാങ്കില്‍ (വളരെ അടുത്തുവച്ച്)വെടിവച്ച് കൊല്ലുകയായിരുന്നുവെന്നും അന്നും വിവാദം ഉയര്‍ന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം എല്‍.ഡി.എഫ് സര്‍ക്കാരിനുമേല്‍ കെട്ടിവയ്ക്കാനായിരുന്നു പ്രതിപക്ഷവും ചില മാധ്യമങ്ങളും ശ്രമിച്ചത്. അന്വേഷണത്തില്‍ വ്യാജ ഏറ്റുമുട്ടല്‍ ആയിരുന്നില്ല അതെന്ന് തെളിഞ്ഞുവെന്നുമാണ് മുഖപ്രസംഗത്തിലെ ഗീര്‍വാണം.
അട്ടപ്പാടിയില്‍ ഇപ്പോഴുണ്ടായ ഏറ്റുമുട്ടല്‍ മരണങ്ങളുടെപേരില്‍ പൊലിസ് പുറത്തുവിട്ട രേഖകളിലും വീഡിയോയിയും സംശയം പ്രകടിപ്പിച്ചത് സര്‍ക്കാറിലെ രണ്ടാംകക്ഷിയായ സി.പി.ഐയാണ്. അവിടെ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ തന്നെ. കണ്ടെത്തിയ ആയുധങ്ങള്‍ നാടന്‍ തോക്കുകളായിരുന്നു. ഇതാണ് എ.കെ 47 ആക്കി മാറ്റിയത്. എന്നിട്ടും അതിനെ ഇങ്ങനെയാണ് പത്രം ന്യായീകരിക്കുന്നത്.
തെരച്ചിലിനിടയിലും ഇന്‍ക്വസ്റ്റ് വേളയിലും പൊലിസിനുനേരെ നടന്ന ആക്രമണങ്ങളുടെ തെളിവുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരടക്കം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എകെ 47 തോക്ക് ഉള്‍പ്പെടെ സംഭവസ്ഥലത്തുവച്ച് കണ്ടെടുത്തിട്ടുമുണ്ട്. ഏതായാലും സര്‍ക്കാര്‍ ജുഡീഷ്യല്‍ മജിസ്റ്റീരിയല്‍തല അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഗൂഢാലോചന കേസുകള്‍ ചുമത്തിയും ചൈനീസ് ചാരന്മാര്‍ എന്ന് ആരോപിച്ചും കമ്യൂണിസ്റ്റുകാരെയാണ് ഏറ്റവുമധികം വേട്ടയാടിയത്. അടിയന്തരാവസ്ഥക്കാലത്തും എല്ലാ പൗരാവകാശങ്ങളും ചവിട്ടിമെതിക്കപ്പെട്ടു. ഇന്നത്തെ യു.എ.പി.എയുടെ ആദ്യരൂപം 1967ലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് കൊണ്ടുവന്നത്.
യു.പി.എ ഭരണ കാലത്ത് മൂന്ന് തവണ യു.എ.പി.എ കര്‍ക്കശമാക്കുന്ന ഭേദഗതികളുണ്ടായി. രാജ്യവ്യാപകമായി ഈ നിയമം ദുരുപയോഗം ചെയ്യപ്പെട്ടു. കേരളത്തിലാകട്ടെ 'ടാഡ' അറസ്റ്റുകള്‍ ഉള്‍പ്പെടെ പലതവണ 'ഭീകരവിരുദ്ധ നിയമം'രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രയോഗിച്ചു. ഒരു തെളിവുമില്ലാതെ സി.പി.എമ്മിന്റെ ഉന്നത നേതാക്കളെപോലും കൊലക്കേസുകളില്‍ പ്രതികളാക്കി ഗൂഢാലോചനയും യു.എ.പി.എയും ചുമത്തി ജയിലില്‍ അടച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. തലശേരിയില്‍ ഫസലിനെ കൊന്നത് ആര്‍.എസ്.എസുകാരെന്ന് വ്യക്തമായിട്ടും രണ്ട് സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ നാടുകടത്തപ്പെട്ടത് യുഡിഎഫ് -എന്‍ഡിഎഫ് -ആര്‍.എസ്.എസ് ഒത്തുകളിയുടെ ഭാഗമാണ്. ഇതെല്ലാം ചെയ്തവര്‍ ഇപ്പോള്‍ മാനവികത പറയുന്നത് രാഷ്ട്രീയനേട്ടം പ്രതീക്ഷിച്ചും.
കോഴിക്കോട്ട് രണ്ട് യുവാക്കളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലിസ് അറസ്റ്റ് ചെയ്തതാണ് ഏറ്റവുമൊടുവില്‍ സി.പി.എമ്മിനും സര്‍ക്കാരിനുമെതിരെ തിരിച്ചുവിടാന്‍ എതിരാളികള്‍ കിണഞ്ഞുശ്രമിക്കുന്നത്. യു.എ.പി.എ കരിനിയമമാണ്. ദുരുപയോഗസാധ്യത മുന്‍നിര്‍ത്തി പാസാക്കുന്ന ഘട്ടത്തില്‍ത്തന്നെ എതിര്‍ത്തത് സി.പി.എമ്മും ഇടതുപക്ഷവുമാണ്. പ്രതീക്ഷിച്ചപോലെ ആ നിയമം ദുരുപയോഗിക്കപ്പെട്ടു. സി.പി.എമ്മാണ് പകപോക്കലിന് ഏറെ ഇരയായത്. ഇതു മനസ്സിലാക്കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ യു.എ.പി.എ ചുമത്തുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദേശം നടപ്പില്‍ വരുത്തിയതെന്നും വ്യക്തമാക്കുമ്പോഴും ഇപ്പോഴത്തെ യു.എ.പി.എ ചുമത്തിയതിനു പിന്നിലെ ചേതോവികാരം ഓര്‍മിപ്പിക്കാനുമാകാതെയാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."