ദയനീയം ഇന്ത്യന്‍ വനിതകള്‍: ടി20 വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ട്-ആസ്‌ത്രേലിയ ഫൈനല്‍
നോര്‍ത്ത് സൗണ്ട് (ആന്റിഗ്വ): ടി20 വനിതാ ലോകകപ്പില്‍ രണ്ട് അര്‍ധശതകങ്ങളുമായി തിളങ്ങിയ സൂപ്പര്‍താരം മിതാലി രാജിനെ പുറത്തിരുത്തി സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിട്ട ഇന്ത്യക്ക് തോല്‍വി. ചരിത്രമെഴുതാന്‍ പോരാട്ടത്തിനിറങ്ങിയ ഇന്ത്യയെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ 5.30ന് നടക്കുന്ന ഫൈനലില്‍ ആസ്‌ത്രേലിയയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. മികച്ച തുടക്കമിട്ടിട്ടും മധ്യനിരയും വാലറ്റവും തകര്‍ന്നടിഞ്ഞത് ഇന്ത്യയുടെ പരാജയത്തിന് ആക്കംകൂട്ടി. ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിനു പേരും പെരുമയും സമ്മാനിച്ച ഏകദിന ലോകകപ്പ് കലാശപ്പോരിന്റെ തനിയാവര്‍ത്തനമായിരുന്നു ആന്റിഗ്വയിലും. അന്നു ഫൈനലില്‍ ഇംഗ്ലണ്ടിനോട് ഒന്‍പത് റണ്‍സിനാണ് തോല്‍വിയെങ്കില്‍ ടി20 ലോകകപ്പ് സെമിയില്‍ എട്ട് വിക്കറ്റിന്റെ പരാജയം.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 13.5 ഓവറില്‍ 89 മൂന്ന് എന്ന ഭേദപ്പെട്ട സ്‌കോറില്‍നിന്ന് 19.3 ഓവറില്‍ 112 ഓള്‍ഔട്ടിലേക്ക് കൂപ്പുകുത്തി. ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ താനിയ ഭാട്ടിയ 11, സ്മൃതി മന്ദാന 34, ജമിമ റോഡ്രിഗ്രസ് (26), ക്യാപ്ടന്‍ ഹമന്‍പ്രീത് കൗര്‍ (16) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 77 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഏഴ് വിക്കറ്റാണ് നിലംപൊത്തിയത്. രണ്ട് ഓവറില്‍ ഒന്‍പത് റണ്‍സ് വഴങ്ങി ഹീതര്‍ നൈറ്റ് ഇംഗ്ലണ്ടിനായി മൂന്നു വിക്കറ്റ് പിഴുതു. സോഫി എക്ലെസ്‌റ്റോണ്‍, ക്രിസ്റ്റേ ഗോര്‍ഡന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി.
113 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ട് രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 17.1 ഓവറില്‍ 116 റണ്‍സ് നേടി. നേടേണ്ടത് ചെറിയ ലക്ഷ്യമായിരുന്നിട്ടും ഇംഗ്ലണ്ടിന്റെ തുടക്കം പിഴച്ചു.
എന്നാല്‍, പതറാതെ ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ച ആമി എല്ലെന്‍ ജോണ്‍സും നത്താലി സ്‌കിവറും മികച്ച അടിത്തറ സൃഷ്ടിച്ചു. ആമി - നത്താലി കൂട്ടുക്കെട്ട് മൂന്നാം വിക്കറ്റില്‍ 74 പന്തില്‍നിന്ന് 92 റണ്‍സാണ് അടിച്ചുകൂട്ടിയത്.
അഞ്ചോവറിനുള്ളില്‍ 24 റണ്‍സിനു രണ്ട് വിക്കറ്റുകള്‍ ഇംഗ്ലണ്ടിനു നഷ്ടമായി. രണ്ടു വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിന് മേല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പക്ഷേ ആധിപത്യം സ്ഥാപിക്കാനായില്ല. ആമി എല്ലെന്‍ ജോണ്‍സ് 47 പന്തില്‍ 53 റണ്‍സും, 38 പന്തു നേരിട്ട നത്താലി സ്‌കീവര്‍ 52 റണ്‍സും നേടി പുറത്താകാതെ നിന്നു.
ഇന്ത്യക്കായി രാധ യാദവും ദീപ്തി ശര്‍മയും ഓരോ വിക്കറ്റ് വീതം നേടി. ആദ്യ സെമിഫൈനലില്‍ വെസ്റ്റിന്‍ഡീസ് വനിതകളെ 71 റണ്‍സിന് തോല്‍പ്പിച്ചു ആസ്‌ത്രേലിയ ഫൈനലില്‍ എത്തി. ആദ്യം ബാറ്റ്‌ചെയ്ത ആസ്‌ത്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് എടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയ വനിതകള്‍ 17.3 ഓവറില്‍ 71 റണ്‍സിന് ഓള്‍ഔട്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."