കലമുടച്ചു; കേരള ബ്ലാസ്റ്റേഴ്‌സ് 1 - 2 നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്
ഗുവാഹത്തി: 90 മിനുട്ട് വരെ ഒരു ഗോളിന് ലീഡ് ചെയ്ത ബ്ലാസ്റ്റേഴ്‌സ് 96-ാം മിനുട്ടില്‍ 2-1 എന്ന സ്‌കോറിന് നോര്‍ത്ത് ഈസ്റ്റിന് മുന്നില്‍ അടിയറവ് പറഞ്ഞു എല്ലാ പ്രതീക്ഷകളും കളഞ്ഞുകുളിച്ചു. പ്രതിരോധത്തിലെ പാളിച്ച വീണ്ടും പുറത്തുകാട്ടിയ ബ്ലാസ്റ്റേഴ്‌സ് ഇനി എങ്ങനെയാണ് മത്സരം ജയിക്കുകയെന്നറിയാതെ കളംവിട്ടു. തുടര്‍ച്ചയായ രണ്ടാം തോല്‍വിക്ക് ശേഷം ടീമില്‍ അടിമുടി മാറ്റവുമായിട്ടായിരുന്നു ടീം ഇന്നലെ ഇറങ്ങിയത്. കീപ്പര്‍ സ്ഥാനത്ത് ധീരജ് സിങ് തിരിച്ചെത്തി.
ആദ്യ ഇലവനില്‍നിന്ന് അനസിനെ പുറത്തിരുത്തി. കളിയുടെ തുടക്കം മുതല്‍ തന്നെ നിയന്ത്രണം കിട്ടാതെയായിരുന്നു ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. എന്നാല്‍ ചില അവസരങ്ങളില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ എതിര്‍ പോസ്റ്റില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ബ്ലാസ്റ്റേഴ്‌സിനായി. മലയാളി താരം പ്രശാന്ത് പൂര്‍ണമായും പരാജയമായി മാറിയ മത്സരത്തില്‍ സി.കെ വിനീതും അവസരത്തിനൊത്ത പ്രകടനം പുറത്തെടുത്തില്ല.
മധ്യനിരയില്‍നിന്ന് ഡിഫന്‍സീവ് മിഡിലും അറ്റാക്കിങ് മിഡിലും നിന്ന് കളിക്കുന്നൊരു താരത്തിന്റെ കുറവ് ബ്ലാസ്റ്റേഴ്‌സിനെ വല്ലാതെ അലട്ടി. സഹലിന് കൂട്ടായി മറ്റൊരു താരമില്ലാത്തതും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി.
കളിയുടെ 73-ാം മിനുട്ടിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ പിറന്നത്. പകരക്കാരനായി എത്തിയ എം.പി സക്കീര്‍ എടുത്ത കോര്‍ണര്‍ കിക്കില്‍നിന്ന് പെപ്ലാനിക്കാണ് ഗോള്‍ കണ്ടെത്തിയത്. 91-ാം മിനുട്ട് വരെ ഒരു ഗോളിന്റെ ലീഡില്‍ പിടിച്ച് തൂങ്ങി നില്‍ക്കുന്നതിനിടെയാണ് ഇടിത്തീ പോലെ സമനില ഗോള്‍ പിറന്നത്. നോര്‍ത്ത് ഈസ്റ്റ് താരത്തെ ജിങ്കന്‍ ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത ബര്‍ത്തലോമിയോ ഒഗ്ബച്ചെ ധീരജിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു.
മത്സരം 1-1. തുടര്‍ന്ന് മത്സരം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കെ യുവാന്‍ മാസിയ നേടിയ ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് വെന്നിക്കൊടി പാറിക്കുകയായിരുന്നു.
ജയത്തോടെ ഏഴ് മത്സരങ്ങളില്‍നിന്ന് 14 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. എട്ട് മത്സരത്തില്‍നിന്ന് ഏഴ് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുന്നു. ചെന്നൈയിന്‍ എഫ്.സിയുമായി 29ന് കൊച്ചിയിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."