പ്ലാവിലക്കഞ്ഞി
പത്താം ക്ലാസിലെ മലയാളം അടിസ്ഥാന പാഠാവലിയിലെ ആദ്യ പാഠമാണ് പ്ലാവിലക്കഞ്ഞി. തകഴിയുടെ രണ്ടിടങ്ങഴി എന്ന
നോവലിലെ ഒരു ഭാഗമാണല്ലോ അത്. നോവലിന്റെ സംഗ്രഹം ഇതാ. കുട്ടനാടന്‍ സംഭാഷണങ്ങള്‍ ഏറെയുള്ള ആ പാഠഭാഗം
എളുപ്പം വായിച്ചാസ്വദിക്കുന്നതിന് ഈ കുറിപ്പ് ഉപകരിക്കും.
കാളിപ്പറയന്റെയും കുഞ്ഞാളിയുടെയും മകളാണ് ചിരുത. നല്ല ആരോഗ്യവും അത്യാവശ്യം സൗന്ദര്യവും അവള്‍ക്കുണ്ട്. വീട്ടിലും പാടത്തും പണിയെടുക്കാനും മിടുക്കി. പലരും ചിരുതയെ കല്യാണം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും ഒന്നും നടന്നില്ല. ചിരുതയെ ചാത്തനെകൊണ്ടു കെട്ടിക്കണമെന്നു കുഞ്ഞാളിയും കൂടുതല്‍ പെണ്‍പണം നല്‍കുന്നവനു കെട്ടിച്ചുനല്‍കുമെന്ന് കാളിപ്പറയനും വാശിപിടിച്ചതായിരുന്നു പല ആലോചനകളും മുടങ്ങാന്‍ കാരണം. അതെന്തായാലും കോരനും ചാത്തനും ചിരുതയെ സ്വന്തമാക്കാന്‍ തന്നെ നിശ്ചയിച്ചു. അവര്‍ കാളിപ്പറയന്‍ നിശ്ചയിച്ച പെണ്‍പണം ഉണ്ടാക്കാനുള്ള മത്സരത്തിലായി.
കോരന്‍ കൈനകരിയിലെ ഔസേപ്പ് മുതലാളിയുടെ അടുക്കലാണ് പണി അന്വേഷിച്ചു ചെന്നത്. അയാള്‍ ചില വ്യവസ്ഥകളോടെ കോരനു പണിനല്‍കി.-ആണ്ടില്‍ 180 ദിവസം ജോലി ചെയ്യണം. ഒരു ദിവസത്തെ കൂലി രണ്ടിടങ്ങഴി നെല്ല്. വിശേഷ ദിവസങ്ങളിലോ ആഘോഷ ദിവസങ്ങളിലോ വിശേഷിച്ചു ഒന്നും നല്‍കില്ല. കൊയ്ത്തുകാലത്ത് ഒന്നിടവിട്ട ദിവസം ചെലവിനായി ഓരോകറ്റ നെല്ല് നല്‍കും. പത്തിനൊന്നു പതം.
കളം പിരിയുമ്പോള്‍ നാല്‍പതു പറ നെല്ല്; കടം വാങ്ങിയിട്ടുണ്ടെങ്കില്‍ അതുകഴിച്ചേ നല്‍കൂ.-ഇതൊക്കെയായിരുന്നു വ്യവസ്ഥ.
കോരന്‍ വ്യവസ്ഥകളെല്ലാം അംഗീകരിക്കുകയും വിവാഹത്തിനു ആവശ്യമായ നെല്ലും പണവും അപ്പോള്‍തന്നെ ജന്മിയില്‍നിന്നു മുന്‍കൂറായി വാങ്ങുകയും ചെയ്തു. അങ്ങനെ കോരനും ചിരുതയും തമ്മിലുള്ള വിവാഹവും നടന്നു. വിവാഹശേഷം വീട്ടുകാരുമായി തെറ്റിപ്പിരിഞ്ഞ കോരന്‍ ചിരുതയേയും കൂട്ടി ഔസേപ്പു മുതലാളിയുടെ മറ്റൊരു പണിക്കാരനായ കുഞ്ഞാപ്പിയുടെ വീട്ടിലേക്കു താമസം മാറ്റി. കുഞ്ഞാപ്പിയുടെ വീടിനോടുചേര്‍ന്ന്, മറച്ചു കെട്ടിയായിരുന്നു അവര്‍ താമസിച്ചത്. ഇതിനിടയ്ക്ക് സ്വന്തമായി വീടുവയ്ക്കാനുള്ള അവകാശം ജന്മി നല്‍കിയെങ്കിലും പണിത്തിരക്കുകാരണം കോരനു അതു സാധിച്ചില്ല. കൃഷിയെ അത്രമാത്രം സ്‌നേഹിച്ചവനായിരുന്നു കോരന്‍! കുട്ടനാടന്‍ ജലപ്പരപ്പില്‍ ചിറകെട്ടി മണ്ണിട്ടുയര്‍ത്തി പുഞ്ചപ്പാടം ഒരുക്കുന്നതു പറയനും പുലയനും ഒക്കെയാണ്. കുത്തിപ്പൊക്കി വരമ്പുണ്ടാക്കിയതും അവരാണ്. അവര്‍വേല ചെയ്തില്ലെങ്കില്‍ നാടു പട്ടിണിയിലാകും.-കോരനും കുഞ്ഞാപ്പിയും ചേന്നനും ഇട്ട്യാതിയും ഓലോമ്പിയും പൊന്നിട്ടിയും ഇങ്ങനെയെല്ലാം സംസാരിച്ചു കൊണ്ടാണ് വേലക്കിറങ്ങാറ്.
ഒരിക്കല്‍ ചേന്നന്, ഔസേപ്പ് മുതലാളിയുടെ വയലില്‍ പണിക്കു പോകാന്‍ സാധിച്ചില്ല. അന്നു ജന്മി അവന്റെ കുടില്‍ പൊളിച്ചു കുടുംബത്തെ അടിച്ചിറക്കി.!അക്കഥ അറിഞ്ഞ കോരന്, ഔസേപ്പ് മുതലാളിയോടു വെറുപ്പായി. അതു മനസിലാക്കിയ കുഞ്ഞാപ്പി, കോരനോടു പറഞ്ഞു: തമ്പ്രാക്കന്മാര്‍ക്ക് അടിയാരെ തല്ലിക്കൊന്ന് ആറ്റില്‍ കെട്ടിത്താഴ്ത്താനുള്ള അധികാരമുണ്ട്.!
കൊയ്ത്തു കഴിഞ്ഞു വേലക്കാരുടെ വര്‍ഷാവസാന കണക്കുതീര്‍ക്കുന്ന ദിവസം വന്നെത്തി. നിരക്ഷരരായ വേലക്കാരെ ഔസേപ്പുമുതലാളി കണക്കില്‍ കൃത്രിമം കാണിച്ചു പറ്റിക്കുന്നത് കോരന്‍ കണ്ടു. കോരന്റെ കണക്കു പരിശോധിച്ചപ്പോഴും അതുതന്നെ സംഭവിച്ചു. കോരന്‍ 30 രൂപയും 20 പറ നെല്ലും മുന്‍കൂര്‍ പറ്റിയതായി ജന്മി പറഞ്ഞു.15 രൂപയും 20 പറ നെല്ലും മാത്രമേ താന്‍ മുന്‍കൂറായി വാങ്ങിയിട്ടുള്ളൂ എന്നു കോരനും പറഞ്ഞു. പക്ഷെ മറ്റു തൊഴിലാളികളെല്ലാം മുതലാളിയുടെ ഭാഗം ചേര്‍ന്നതോടെ കോരന്‍ ഒറ്റപ്പെട്ടു.
ജോലിക്കു കൂലി നെല്ല് എന്നതായിരുന്നു നാട്ടുനടപ്പ്. നെല്ലിനു തീവില ആയതോടെ ജന്മിമാര്‍ കര്‍ഷകര്‍ക്കു നെല്ല് നല്‍കാതായി. പകരം കൂലി പൈസയായി നല്‍കാനും തുടങ്ങി. നെല്ല് കൂടിയ വിലക്ക് ഒളിച്ചു വില്‍ക്കാനാണ് ജന്മിമാര്‍ ഇങ്ങനെ ചെയ്യുന്നതെന്ന് കോരനു മനസിലായി. പക്ഷേ കോരനും കൂലിയായി പൈസതന്നെ വാങ്ങേണ്ടി വന്നു.! നെല്ല് കിട്ടാതായപ്പോള്‍ പല കര്‍ഷക കുടിലുകളും പട്ടിണിയിലായി. ഇതിനിടയ്ക്ക് കോരന്റെ വൃദ്ധപിതാവ് കുടിലില്‍ക്കിടന്നു മരിച്ചു. ശവം മറവു ചെയ്യാന്‍ ആറടി മണ്ണുപോലും ജന്മി നല്‍കിയതുമില്ല. ഒടുവില്‍ മൃതദേഹം കല്ലുകെട്ടി പുഴയില്‍ താഴ്‌ത്തേണ്ടി വന്നു.
ജന്മിമാരുടെ ഇത്തരം അന്യായങ്ങള്‍ക്കെതിരേ കോരന്‍ കര്‍ഷകതൊഴിലാളികളെ സംഘടിപ്പിച്ചു. ന്യായമായ കൂലിക്കുവേണ്ടി വാദിച്ചു. അതോടെ ജന്മിമാരും സര്‍ക്കാറും തൊഴിലാളികള്‍ക്കെതിരേ തിരിഞ്ഞു. പലരെയും ജയിലിലടക്കാനുള്ള ശ്രമം തുടങ്ങി. പല തെഴിലാളികളും ഒളിവില്‍പോയി. കോരനും ഒളിവില്‍ നിന്ന് യൂനിയന്‍ പ്രവര്‍ത്തനം തുടര്‍ന്നു.
ഇതിനിടയ്ക്ക് കോരന്‍ സ്വന്തം കുടിലില്‍ താമസം തുടങ്ങിയിരുന്നു. ഒളിവുജീവിതം തുടങ്ങിയതോടെ കുടിലില്‍ ഗര്‍ഭിണിയായ ഭാര്യ മാത്രമായി. ഈ തക്കം നോക്കി പുഷ്പ വേലിയില്‍ ചാക്കോമുതലാളി ചിരുതയെ പീഡിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചു. സഹികെട്ട കോരന്‍ ചാക്കോ മുതലാളിയെ കൊലപ്പെടുത്തി. ജയിലിലായതോടെ ചിരുതയുടെ സംരക്ഷണച്ചുമതല ചാത്തന്‍ ഏറ്റെടുത്തു!
ഒരു ദിവസം കോരനെ കാണാന്‍ ചിരുതയും ചാത്തനും ജയിലിലെത്തി. അവിടെവച്ചു കോരന്‍ ചിരുതയുടെ കൈ, ചാത്തന്റെ കൈയിലേല്‍പ്പിച്ച് അവരുടെ വിവാഹവും നടത്തി. (ചാത്തന്‍ ചിരുതയെ കല്യാണം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന കാര്യം കോരനു നേരത്തെ അറിയാമല്ലോ. പുതിയ സാഹചര്യംവന്നുചേര്‍ന്നപ്പോള്‍ കോരന്‍ അതിനു സസന്തോഷം തയാറായി.)
പക്ഷേ ചിരുത ചാത്തനെ ആങ്ങളയായി മാത്രമെ കണ്ടുള്ളൂ. ചിരുത വീടിനു അകത്തും ചാത്തന്‍ പുറത്തും എന്ന മട്ടിലായിരുന്നു പുതിയ ജീവിതം.! ജന്മിമാര്‍ക്കെതിരേ തൊഴിലാളികളുടെ സംഘടിത മുന്നേറ്റം ശക്തമായി.
സര്‍ക്കാര്‍, തൊഴിലാളി സമരങ്ങളും പ്രകടനങ്ങളും നിരോധിച്ചു. പക്ഷേ കുട്ടനാട്ടിലെ തൊഴിലാളി യൂനിയന്‍ പടച്ചാലില്‍ ഒരു പ്രകടനം നടത്താന്‍ തീരുമാനിച്ചു. പടച്ചാലിലെ പ്രകടനത്തില്‍ പങ്കെടുക്കാന്‍ ചാത്തനും ആഗ്രഹമുണ്ടായിരുന്നെങ്കിലും പോകാന്‍ സാധിച്ചില്ല. ഗര്‍ഭിണിയായ ചിരുതയുടെ സംരക്ഷണച്ചുമതലയിലായിരുന്നു അയാള്‍. പടച്ചാലിലെ അന്നത്തെ പ്രകടനത്തില്‍ അനേകം ആളുകള്‍ വെടിയേറ്റു മരിച്ചുവീണു കൊണ്ടിരിക്കുമ്പോള്‍ തന്നെ ചിരുത ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കി! ചിരുത അവനു വെളുത്ത എന്ന പേരുമിട്ടു. കോരന്റെ അച്ഛന്റെ പേരും അതായിരുന്നു.!
വെളുത്തക്ക് അഞ്ചു വയസ്സായി. ഇനി ചിരുതയുടെയും വെളുത്തയുടെയും കാര്യം ചിരുത തന്നെ നോക്കിക്കൊള്ളും. എനിക്കു സമാധാനത്തോടെ യൂനിയന്‍ പ്രവര്‍ത്തനത്തില്‍ മുഴുകാം - എന്ന ചിന്തയോടെ ചാത്തന്‍ യൂനിയന്‍ ഓഫിസിലേക്കു പുറപ്പെട്ടു. അവിടെവച്ചു ചാത്തന്‍ യാദൃച്ഛികമായി കോരനെ കണ്ടുമുട്ടി. അവര്‍ക്ക് ഒരുപാടു വിശേഷങ്ങള്‍ കൈമാറാനുണ്ടായിരുന്നു. പക്ഷേ, അപ്പോഴേക്കും വെളുത്ത പുറകെ ഓടിയെത്തി ചാത്തന്റെ ഒക്കത്തു ചാടിക്കയറി. കുട്ടിയെ തിരക്കി ചിരുതയും പുറകിലെത്തി.! കുട്ടിയേയും ചിരുതയേയും കണ്ട കോരന്‍ ചാത്തനോടു ചോദിച്ചു: നിനക്കെത്ര കുട്ടികളായി?
അതുകേട്ട ചാത്തന്‍ ഉടനെ ചിരുതയുടെ കൈ കോരന്റെ കൈയില്‍ ഏല്‍പ്പിച്ചുകൊണ്ടു പറഞ്ഞു: ഞങ്ങള്‍ ആങ്ങളയും പെങ്ങളുമായിരുന്നു!
ആ ചോദ്യവും ഉത്തരവും കേട്ടു ചിരുത കോരന്റെ ശരീരത്തിലേക്കു തളര്‍ന്നു വീണു. പുറത്തു മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു: വിപ്ലവം -ജയിക്കട്ടെ! യൂനിയന്‍ -ജയിക്കട്ടെ! അഞ്ചുവയസ്സുള്ള വെളുത്തയും അതുകേട്ടു ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു : കൃഷിഭൂമി കര്‍ഷകര്‍ക്ക് !
തകഴി ശിവശങ്കരപ്പിള്ള
ജനനം :1912 ഏപ്രില്‍ 17 മരണം :1999 ഏപ്രില്‍10
കുട്ടനാടിന്റെ കഥാകാരനാണ് തകഴി ശിവശങ്കരപ്പിള്ള. തനിക്കു ചുറ്റുമുള്ളവരുടെ ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്റെ കഥകളിലെയും നോവലുകളിലെയും ഇതിവൃത്തം. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം മിക്ക കൃതികളിലും കാണാം. ജന്മിമാരുടെ അടിമകളും കഠിനാധ്വാനികളുമായ കര്‍ഷകത്തൊഴിലാളികള്‍ അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലും കിടന്ന്, കുട്ടനാടന്‍ വയലേലകളില്‍ നൂറുമേനി വിളയിക്കുന്ന കദനകഥയാണ് രണ്ടിടങ്ങഴിയിലേത്.
ആയിരത്തോളം കഥാപാത്രങ്ങളെ അണിനിരത്തി കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ രണ്ടു നൂറ്റാണ്ടിന്റെ കഥ പറയുന്ന കയര്‍ ആണ് തകഴിയുടെ ഏറ്റവും വലിയ നോവല്‍. പുറക്കാട് തൃക്കുന്നപ്പുഴയോരത്തെ മത്സ്യത്തൊഴിലാളികളുടെ കഥപറയുന്ന ചെമ്മീനും തോട്ടികളുടെ കഥപറയുന്ന തോട്ടിയുടെ മകനും പഴയ കുട്ടനാട്ടിലെ വ്യത്യസ്ത ജനവിഭാഗങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. കുലീന കഥാപാത്രങ്ങള്‍ക്കു പകരം സാധാരണ കഥാപാത്രങ്ങള്‍ക്കു സ്ഥാനം നല്‍കിയതും അവരുടെ ഭാഷയില്‍ കഥയെഴുതി എന്നതും തകഴിയുടെ സവിശേഷതയാണ്.
തെണ്ടിവര്‍ഗം, ഏണിപ്പടികള്‍, ഘോഷയാത്ര, അടിയൊഴുക്കുകള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, ചുക്ക്, തെരഞ്ഞെടുത്ത കഥകള്‍, എന്റെ വക്കീല്‍ ജീവിതം(ഓര്‍മക്കുറിപ്പുകള്‍)തോറ്റില്ല (നാടകം) അമേരിക്കന്‍ തിരശ്ശീല (യാത്രാവിവരണം) തുടങ്ങിയവ പ്രധാന കൃതികള്‍. 1934ല്‍ എഴുതിയ ത്യാഗത്തിനു പ്രതിഫലം ആണ് ആദ്യ നോവല്‍. ഒരു എരിഞ്ഞടങ്ങല്‍ (1990)അവസാന നോവലും. വയലാര്‍ അവാര്‍ഡ്, കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ജ്ഞാനപീഠ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 1985ല്‍ രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."