വാര്‍ധക്യത്തിലും കനിവുതേടി ഇവര്‍
കോഴിക്കോട്: അനിയത്തി യശോദയുടെ കൈ പിടിച്ചാണ് 73 വയസായ കൗസു അമ്മ വന്നത്. വാര്‍ധക്യത്തില്‍ താങ്ങും തണലും ആകേണ്ട മക്കള്‍ ഈ അമ്മയെ മറന്നിരിക്കുകയാണ്.
'മക്കളെ വീണ്ടും കാണണം, മരണം വരെ അവരോടൊപ്പം താമസിക്കണം എന്നാണ് ആഗ്രഹം'. ജില്ലാ ലീഗല്‍ അതോറിറ്റിയും കോഴിക്കോട് കോര്‍പറേഷനും ചേര്‍ന്ന് നടത്തിയ വയോ സൗഹൃദ അദാലത്തിലാണ് കുരുവട്ടൂര്‍ കരിമ്പയിന്‍ത്താഴം സ്വദേശിയായ കൗസ അമ്മ തന്റെ ആവശ്യം അറിയിച്ചത്. രണ്ട് ആള്‍മക്കളുള്ള ഈ അമ്മ അവരുടെ വിവാഹശേഷം അനാഥയായി. പിന്നീട് അനിയത്തിയോടൊപ്പമായി താമസം. ആകെയുള്ള പത്തര സെന്റ് സ്ഥലവും വീടും ഇളയമകന്‍ ആവശ്യപ്പെട്ടതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായി. പിന്നെ സ്വന്തം റേഷന്‍ കാര്‍ഡും മക്കള്‍ കൈയ്യടക്കി. സഹോദരിയുടെ കാരുണ്യത്തിലാണ് ഇപ്പോള്‍ ജീവിതം മുന്നോട്ടു പോകുന്നത്. ഈ ദുരിതത്തിന് ഒരറുതി വേണം. വയസുകാലത്ത് മനസമാധാനത്തോടെ താമസിക്കാന്‍ പറ്റുന്നൊരിടം വേണം. ഈത്രയേ ഈ അമ്മ ആവശ്യപ്പെടുന്നുള്ളു.
പയ്യോളിയില്‍ നിന്നും വന്ന ബാലന് പെന്‍ഷന്‍ മുടങ്ങിയിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു. അതിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകണം. വികലാംഗനായ ബാലന്‍ മകന്‍ വിനോദിനൊപ്പമാണ് അദാലത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. വസ്തു തര്‍ക്കം, പെന്‍ഷന്‍ പ്രശ്‌നങ്ങള്‍, മക്കളുടെ അവഗണ തുടങ്ങി നിരവധി പരാതികളാണ് വയോ സൗഹൃദ അദാലത്തില്‍ ഉയര്‍ന്നത്. കോര്‍പറേഷന്‍ പരിധി മാത്രം ലക്ഷ്യമിട്ട് തുടങ്ങിയ അദാലത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ആളുകളാണ് എത്തിയത്.
105ഓളം അപേക്ഷകളാണ് അദാലത്തില്‍ ലഭിച്ചത്. അതില്‍ ഭൂരിഭാഗവും പരിഹരിക്കുകയും ചെയ്തു. ചടങ്ങ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലീഗല്‍ സര്‍വിസ് അതോറിറ്റി ചെയര്‍മാന്‍ സബ് ജില്ലാ ജഡ്ജ് എം.പി ജയരാജ്, വയോമിത്രം കോര്‍പറേഷന്‍ കോഡിനേറ്റര്‍ കെ. സന്ധ്യ, ലീഗല്‍ സര്‍വിസ് അതോറിറ്റി അംഗങ്ങള്‍, വിവിധ കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."