മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ 18 കേസുകള്‍ പരിഗണിച്ചു
കോഴിക്കോട്: സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ സിറ്റിങ്, ചെയര്‍മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്റെ അധ്യക്ഷതയില്‍ പൊതുമരാമത്ത് വകുപ്പ് അതിഥി മന്ദിരത്തില്‍ നടന്നു. വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 18 കേസുകള്‍ പരിഗണിച്ചു. അര്‍ഹമായ കടാശ്വാസം ലഭിക്കാതെ പോയ മത്സ്യത്തൊഴിലാളികളുടെ പരാതികളും കടാശ്വാസമായി ലഭിച്ച തുക കണക്കില്‍ വരവ് വെച്ചതിലുള്ള ക്രമക്കേടുകള്‍ കാരണം അധിക തുക അടക്കേണ്ടി വന്നത് സംബന്ധിച്ച് ലഭിച്ച പരാതികളും അധിക തുക ഈടാക്കാന്‍ ബാങ്കുകളുടെ നടപടികളില്‍ ലഭിച്ച പരാതികളും 2010 കമ്മീഷന്‍ ശുപാര്‍ശ ചെയ്ത കടാശ്വാസ തുക ലഭിക്കാത്ത പരാതികളും അദാലത്തില്‍ പരിഗണിച്ചു. 2008വരെ മത്സ്യത്തൊഴിലാളികള്‍ എടുത്ത വായ്പകള്‍ക്ക് കൂടി കടാശ്വാസം അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ അറിയിച്ചു. ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാന്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ചട്ടങ്ങളിലും ഭേദഗതി ഉത്തരവ് വരുന്ന മുറക്ക് പുതിയ കടാശ്വാസ അപേക്ഷ സ്വീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ ചെയര്‍മാന്‍ അറിയിച്ചു. ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും അഞ്ച് ലക്ഷം രൂപ വായ്പയെടുത്ത മത്സ്യത്തൊഴിലാളിക്ക് കുടിശ്ശിക തുക അടച്ചു തീര്‍ക്കുന്നതിന് ഇളവ് നല്കുന്നതിന് റീജ്യണല്‍ ഓഫിസില്‍ നിന്നും അനുമതി വാങ്ങി അടുത്ത അദാലത്തില്‍ പരിഗണിക്കാന്‍ ധാരണയായി. എസ്.ബി.ഐ പാവങ്ങാട് ശാഖ, ഒഞ്ചിയം സര്‍വിസ് സഹകരണ ബാങ്ക്, കോഴിക്കോട് പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്ക് എന്നിവിടങ്ങളില്‍ നിന്നും വായ്പയെടുത്ത മത്സ്യത്തൊഴിലാളികളുടെ പരാതികളില്‍ ബന്ധപ്പെട്ട ബാങ്കുകള്‍ ഹാജരാകാത്തതിനാല്‍ അടുത്ത സിറ്റിങില്‍ വീണ്ടും പരിഗണിക്കാന്‍ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.
കടല്‍ ക്ഷോഭമോ മറ്റ് ദുരന്തങ്ങള്‍ മൂലമോ നാശനഷ്ടം സംഭവിച്ച മത്സ്യ ബന്ധന ഉപകരണങ്ങള്‍ക്കായി എടുത്ത വായ്പകള്‍ സംബന്ധിച്ച് അതാത് ജില്ലയിലെ ബന്ധപ്പെട്ട ഫിഷറീസ് ഡെപ്യുട്ടി ഡയരക്ടര്‍മാര്‍ കമ്മിഷന് റിപ്പോര്‍ട്ട് ചെയ്യുന്ന പക്ഷം കടാശ്വാസത്തിന് കമ്മിഷന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനമാനിച്ചതായും ചെയര്‍മാന്‍ അറിയിച്ചു. കൂടാതെ നഷ്ടപ്പെട്ടതോ കേടുപാടുകള്‍ തീര്‍ക്കാനാവാത്ത വിധം നശിച്ചതോ ആയ മത്സ്യ ബന്ധന ഉപകരണങ്ങള്‍ക്ക് പകരം പുതിയത് ലഭ്യമാക്കുന്നതിനായി പുതിയ വായ്പ അനുവദിക്കുന്നതിന് ബന്ധപ്പെട്ട മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിന് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കമ്മിഷന്‍ അംഗം കൂട്ടായി ബഷീര്‍, ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഇ. മനോജ്, സഹകരണ അസിസ്റ്റന്റ് ഡയരക്ടര്‍ എം. രജിത, സഹകരണ ജോയിന്റ് ഡയരക്ടര്‍ ഓഫിസ് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ മിനി ചെറിയാന്‍, മത്സ്യത്തൊഴിലാളി നിരീക്ഷകന്‍ സി.പി രാമദാസന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."