തരിശുഭൂമിയില്‍ നെല്‍കൃഷിക്കൊരുങ്ങി തലക്കുളത്തൂര്‍
തലക്കുളത്തൂര്‍: തലക്കുളത്തൂര്‍ പഞ്ചായത്തിലെ 75 എക്കര്‍ തരിശു ഭൂമിയില്‍ നെല്‍കൃഷി നടത്താന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി.
ഉദ്യോഗസ്ഥരുടെയും കര്‍ഷകരുടെയും ജനപ്രതിനിധികളുടെയും പ്രാരംഭ പ്രവര്‍ത്തന അവലോകന യോഗത്തിലാണ് ഡിസംബര്‍ 15ന് മുന്‍പ് നെല്‍കൃഷിയിറക്കാന്‍ തീരുമാനിച്ചത്. 30 കൊല്ലമായി തരിശായി കിടക്കുന്ന പാക്കവയല്‍ ആറാം വാര്‍ഡ് പാടശേഖരത്തിലാണ് പഞ്ചായത്ത് നെല്‍കൃഷി ആരംഭിക്കുന്നത്. നബാര്‍ഡിന്റെ സഹായത്തോടെ ബണ്ട് നിര്‍മാണത്തിനും തോടു നവീകരണത്തിനും ജലസേചന സൗകര്യമുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 4.5കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൃഷി ഭൂമി സന്ദര്‍ശിച്ചു.
ഹരിത കേരളം പ്രൊജക്ട് കോഡിനേറ്റര്‍ പി. പ്രകാശ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ടി. പുഷ്‌കലന്‍, ഡപ്യൂട്ടി ഡയരക്ടര്‍മാരായ ലേഖ കാര്‍ത്തി, വി.കെ ജയശ്രീ, ഒ. പ്രസന്നന്‍, കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ എ.ജി പ്രീത, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എ.എസ് ഷീന, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ടി. അഹമ്മദ് കബീര്‍, കൃഷി ഓഫിസര്‍ ടി. ദിലീപ് കുമാര്‍, തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശന്‍, പാടശേഖര സമിതി പ്രതിനിധികള്‍, അഗ്രോ സര്‍വിസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."