കലാമാമാങ്കത്തിന് തിരശ്ശീല
വടകര: മൂന്നു ദിനം കടത്തനാടിനെ ലയതാളങ്ങളിലേക്ക് ഉണര്‍ത്തിയ കലാമാമാങ്കത്തിനു തിരശ്ശീല വീണു. വടകരയിലെ 18 വേദികളില്‍ നിറഞ്ഞാടിയ റവന്യു ജില്ലാ കലോത്സവത്തിനാണ് ഇന്നലെ പരിസമാപ്തി കുറിച്ചത്. കലാകിരീടത്തിനായി ഉപജില്ലകള്‍ തമ്മില്‍ വാശിയേറിയ മത്സരമോ, പോരാട്ടമോ ഇത്തവണ ഇല്ലായിരുന്നു. അതിനാല്‍തന്നെ വേദികളില്‍ ചേരിതിരഞ്ഞ വാശിപ്രകടനങ്ങളും കുറവായിരുന്നു. പ്രളയത്തെ തുടര്‍ന്ന് കലോത്സവത്തിന്റെ പകിട്ട് കുറഞ്ഞതിനു പിന്നാലെ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് ഒഴിവാക്കി. ചാംപ്യന്‍ പട്ടങ്ങളില്ലാതെ മത്സരവിജയികള്‍ക്ക് ആലപ്പുഴ നടക്കുന്ന സംസ്ഥാന കലോത്സവത്തിലേക്കുള്ള അവസരം ഒരുക്കുക മാത്രമാണ് ഇത്തവണ നടന്നത്.
അപ്പീലുകളുടെ പ്രവാഹവും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കുറവാണ്. ഇതുവരെ 200ല്‍ താഴെ അപ്പീലുകള്‍ മാത്രമാണ് വന്നത്. ഗ്രാമീണ മേഖലയിലെ വിദ്യാലയങ്ങള്‍ക്ക് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മികവ് തെളിയിക്കാന്‍ കഴിഞ്ഞു എന്നതു നേട്ടമാണ്. സാമ്പത്തിക പ്രതിസന്ധി കലോത്സത്തിന്റെ നിറപ്പകിട്ടിനെ ബാധിച്ചു. അരക്കോടി രൂപയുടെ പകിട്ടില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് ഇക്കുറി അനുവദിച്ചത് 20 ലക്ഷത്തില്‍ താഴെ മാത്രമാണ്. മത്സരം കടുത്തപ്പോള്‍ വിധികര്‍ത്താക്കള്‍ക്കെതിരേയുള്ള പരാതികളായിരുന്നു വേദികളില്‍ മുഴങ്ങിയത്.
എന്നാല്‍ സംസ്ഥാന തലത്തിലെ ജഡ്ജിങ് പാനലില്‍ നിന്നുള്ളവരെ മാത്രമാണ് കലോത്സവത്തില്‍ എത്തിച്ചതെന്ന ഡി.ഡി.ഇയുടെ പ്രസ്താവന പ്രശ്‌നങ്ങളെ ഒരുപരിധിവരെ കുറച്ചു.
മത്സരങ്ങള്‍ പകല്‍ സമയം മാത്രമാക്കി നിശ്ചയിച്ചെങ്കിലും പുലരും വരെ നീണ്ടതും മത്സരാര്‍ഥികള്‍ക്ക് ഇരുട്ടടിയായി. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള നാടകത്തിനെതിരേ സംഘടനകള്‍ വേദിയിലേക്ക് പ്രതിഷേധവുമായെത്തിയതും ഈ കലോത്സവം കണ്ടു.
വേദികള്‍ തമ്മിലുള്ള അകലമായിരുന്നു മത്സരാര്‍ഥികള്‍ക്കും കാണികള്‍ക്കും പ്രതികൂല ഘടകമായ മറ്റൊരു കാര്യം. എങ്കിലും എല്ലാ പ്രതികൂല ഘടകങ്ങളുണ്ടായിട്ടും വലിയ പരാതികളില്ലാതെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."