കിഴക്കന്‍ ചൈനാ കടലില്‍ ചൈനീസ് പടയൊരുക്കം
ടോക്കിയോ: കിഴക്കന്‍ ചൈനാ കടലില്‍ ചൈനീസ് നാവികസേനയുടെ പടക്കപ്പലുകള്‍ പട്രോളിങ് നടത്തിയതിനെതിരേ ജപ്പാന്‍. ജപ്പാനിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ് ഇത്തരം നീക്കമെന്നു ജപ്പാന്‍ അറിയിച്ചു. ചൈനീസ് ബോംബറുകളും ഫൈറ്ററുകളുമാണ് ദക്ഷിണ ചൈനാ കടലില്‍ ജപ്പാനോട് ചേര്‍ന്ന് അഭ്യാസം നടത്തിയത്.
സമുദ്രത്തില്‍ സംഘര്‍ഷത്തിന് വഴിവയ്ക്കുന്നതാണ് ചൈനയുടെ നീക്കമെന്ന് ജപ്പാന്‍ കുറ്റപ്പെടുത്തി. ചൈനീസ് നയതന്ത്രജ്ഞരെ വിളിച്ച് ജപ്പാന്‍ പ്രതിഷേധമറിയിച്ചു. ജപ്പാനും ചൈനയും തമ്മില്‍ അവകാശ തര്‍ക്കം നിലനില്‍ക്കുന്ന കിഴക്കന്‍ ചൈനാകടലിലെ ദ്വീപുകളിലേക്ക് ആറ് ചൈനീസ് കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ കടന്നു കയറിയതാണ് പ്രതിഷേധത്തിന് കാരണം. കപ്പലുകള്‍ക്ക് പിന്നാലെ ചൈനയില്‍ നിന്നുള്ള നൂറുകണക്കിന് മത്സ്യ ബന്ധന ബോട്ടുകളും സമുദ്ര മേഖലയില്‍ പ്രവേശിച്ചു.
ഇതിനെതിരേ ജപ്പാന്റെ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ച് ഇന്നലെ പ്രസ്താവന ഇറക്കി. ചൈനയുടെ കോസ്റ്റ് ഗാര്‍ഡ് കപ്പലുകളോടൊപ്പം 230 മല്‍സ്യബന്ധന ബോട്ടുകള്‍ ജപ്പാന്റെ നിയന്ത്രണത്തിലുള്ള സെന്‍കാകു ദ്വീപില്‍ അനധികൃതമായി കടന്നുകയറിയെന്നാണ് ജപ്പാന്‍ പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ ഇതേ ദ്വീപില്‍ അവകാശം ഉന്നയിച്ച് ചൈനയും മറുപടി ഇറക്കി. ദ്വീപിനെ ദിയായു എന്നാണ് ചൈന പേരിട്ടിരിക്കുന്നത്. ചൈനയുടെ കപ്പലുകള്‍ ഉടന്‍ സമുദ്രം വിടണമെന്ന് ജപ്പാന്‍ ആവശ്യപ്പെടുന്നുണ്ട്. സമുദ്രത്തില്‍ ചൈനയുടെ ഇടപെടലുകള്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന് ജപ്പാന്‍ ആരോപിച്ചു. ചൈനയുടെ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുന്നതിനിടയിലാണ് ശക്തമായി നടപടിയെ അപലപിച്ചത്. ദക്ഷിണ ചൈനാ കടലിലും കിഴക്കന്‍ ചൈനാകടലിലും ചൈന ഏകപക്ഷീയമായി ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ലോകരാജ്യങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ദക്ഷിണ ചൈനാ കടലില്‍ ചൈനയ്ക്ക് ചരിത്രപരമായ അവകാശമില്ലെന്ന് യു.എന്‍ അന്താരാഷ്ട്ര കോടതിയും വിധിച്ചിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെയാണ് ചൈനയുടെ നീക്കങ്ങള്‍. മേഖലയില്‍ യു.എസ് നാവിക കപ്പലുകളും നങ്കൂരമിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."