വിമാനത്താവളം തുടങ്ങുമ്പോള്‍ രാജ്യാന്തര സര്‍വിസ്: കിയാല്‍ എം.ഡി
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം പ്രവര്ത്തനമാരംഭിക്കുന്നതോടൊപ്പം രാജ്യാന്തര സര്‍വിസുകളും ആരംഭിക്കുകയാണു ലക്ഷ്യമെന്നു കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(കിയാല്‍) എം.ഡി പി. ബാലകിരണ്‍. വിമാനത്താവള കമ്പനിയുടെ എം.ഡിയായി ചുമതലയേറ്റെടുത്ത ശേഷം പദ്ധതി പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ തന്നെ വിദേശ വിമാനങ്ങളുടെ സര്‍വിസ് ആരംഭിക്കണമെന്നതാണു സര്‍ക്കാരിന്റെയും കിയാലിന്റെയും ആഗ്രഹം. ഇതിന് കേന്ദ്ര അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്. വിമാനത്താവളത്തിന്റെ ലൈസന്‍സിനായി പലഘട്ടങ്ങളിലായുള്ള ഒട്ടേറെ പരിശോധനകള്‍ പൂര്‍ത്തിയാക്കണം. വിമാനത്താവളം കമ്മിഷന് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍ഗണന നല്‍കിയാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. റണ്‍വേയും ടെര്‍മിനല്‍ കെട്ടിടവും പൂര്‍ത്തികരിച്ചാല്‍ മാത്രം പോര. കസ്റ്റംസ്, എമിഗ്രേഷന്‍, ഏയ്റോഡ്രം, ലൈസന്‍സ് തുടങ്ങി അമ്പതോളം സാങ്കേതികാനുമതികളും ലഭ്യമാകേണ്ടതുണ്ട്. 4000 മീറ്റര്‍ റണ്‍വേക്ക് ആവശ്യമായ സ്ഥലമെടുപ്പിനുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ട്. നിര്‍മാണ പ്രവൃത്തിയോടൊപ്പം സ്ഥലമെടുപ്പ് നടപടികളും മുന്നോട്ടുപോകും. 178 പുനരധിവാസ കുടുംബങ്ങളിലെ അംഗങ്ങള്‍ക്കു ജോലി നല്‍കുന്നതിനുള്ള നടപടിയുണ്ടാകുമെന്നും ബാലകിരണ്‍ വ്യക്തമാക്കി. മട്ടന്നൂരിലെ കിയാല്‍ പ്രൊജക്ട് ഓഫിസിലെത്തിയ അദ്ദേഹം ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തി.
ചീഫ് പ്രൊജക്ട് എന്‍ജിനിയര്‍ കെ.എസ് ഷിബുകുമാര്‍, കോര്‍പറേറ്റ് മാനേജര്‍ പി. അജയകുമാര്‍, പ്രോജക്ട് എന്‍ജിനിയര്‍ എന്‍. പ്രേം പ്രസാദ്, എല്‍.ആന്‍ഡ് ടി ചീഫ് പ്രോജക്ട് എന്‍ജിനിയര്‍ ശ്രീകുമാര്‍, അഡ്മിനിസ്ട്രേഷന് മാനേജര്‍ പി.വി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ എം.ഡിയെ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."