നോമ്പിന്റെ പുണ്യവുമായി പെരുന്നാള്‍ ആഘോഷം
കണ്ണൂര്‍: വ്രതവിശുദ്ധിയുടെ മുപ്പത് രാപ്പകലുകള്‍ക്ക് ശേഷം മുസ്ലിംകള് ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെ പള്ളികളില്‍ നിന്ന് മാസപ്പിറവി അറിയിച്ച് തക്ബീര്‍ ഉയര്‍ന്നതോടെയാണ് പെരുന്നാള്‍ ആഘോഷത്തിന് തുടക്കമായത്.
മാസപ്പിറവി അറിഞ്ഞതോടെ വിശ്വാസികള്‍ ഫിത്വര്‍ സക്കാത്ത് കൊടുത്തുവീട്ടാനുള്ള ഓട്ടത്തിലായിരുന്നു. രാവിലെ പെയ്ത മഴ വകവയ്ക്കാതെ പുതുവസ്ത്രങ്ങള്‍ അണിഞ്ഞും സുഗന്ധദ്രവ്യങ്ങള്‍ പൂശിയും തക്ബീര്‍ ധ്വനികളുമായി വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ നിസ്കാരത്തിനായി പള്ളികളിലേക്ക് ഒഴുകിയെത്തി. നിസ്കാരത്തിനു ശേഷം പരസ്പരം ഹസ്തദാനം നടത്തിയും ആലിംഗനം ചെയ്തും സ്നേഹബന്ധം ഊട്ടിയുറപ്പിച്ചും മരണപ്പെട്ടവരുടെ ഖബറുകളും സന്ദര്‍ശിച്ചുമാണ് പള്ളികളില്‍ നിന്നു ഓരോരുത്തരും വീടുകളിലേക്കു മടങ്ങിയത്. ഇടവിട്ട് ശക്തമായ മഴ പെയ്തിരുന്നെങ്കിലും മിക്കയിടങ്ങളിലും പെരുന്നാള്‍ നിസ്കാരിത്തിനു ശേഷം വിശ്വാസികള്‍ക്കു വേണ്ടി മഴ മാറിനിന്നു. മഴമാറിയതോടെ അയല്‍വീടുകളും ബന്ധുവീടുകളും സന്ദര്‍ശിച്ച് വിശ്വാസികള്‍ പെരുന്നാള്‍ ദിനം ആഘോഷമാക്കി. വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും നല്ല തിരക്കായിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നഗരത്തിലും ആശുപത്രികളിലും പെരുന്നാള്‍ ഭക്ഷണ വിതരണവും നടത്തി.
ജില്ലയിലെ വിവിധ ഭാഗങ്ങളിലെ സാന്ത്വന പരിചരണ കേന്ദ്രങ്ങളിലും അനാഥാലയങ്ങളിലും ഭക്ഷണവും പുതുവസ്ത്രവുമായി നിരവധിപേരാണ് എത്തിയത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കണ്ണൂര്‍ സിറ്റി ജുമാആത്ത് പള്ളിയിലെത്തി വിശ്വാസികള്‍ക്ക് ആശംസ കൈമാറി. സിനിമാതാരം ആസിഫ് അലി ജില്ലാ ആശുപത്രിയിലെ രോഗികളോടൊപ്പമാണ് പെരുന്നാള്‍ ആഘോഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."