പ്രളയബാധിതര്‍ക്ക് തണലൊരുക്കി വടകര തണല്‍
കല്‍പ്പറ്റ: തണല്‍ വടകര പ്രളയബാധിതര്‍ക്കായി പനമരം പഞ്ചായത്തിലെ പാലുകുന്നില്‍ നിര്‍മിച്ച 16 വീടുകളുടെ കൈമാറ്റം നാളെ വൈകുന്നേരം നാലിന് നടത്തും.
വെള്ളപ്പൊക്കത്തില്‍ പനമരം പുഴയുടെ പുറമ്പോക്കില്‍ വീടു നശിച്ചവരില്‍നിന്ന് പഞ്ചായത്ത് തെരഞ്ഞെടുത്ത കുടുംബങ്ങളാണ് തണല്‍ ഭവന പദ്ധതി ഗുണഭോക്താക്കള്‍.
പനമരം അങ്ങാടിയില്‍നിന്നു നാലര കിലോമീറ്റര്‍ അകലെയുള്ള പാലുകുന്നില്‍ സെന്റിന് 45,000 രൂപ നിരക്കില്‍ തണല്‍ വിലക്കുവാങ്ങിയ 60 സെന്റ് ഭൂമിയിലാണ് വീടുകള്‍ നിര്‍മിച്ചത്.460 അടി ചതുരശ്ര വിസ്തൃതിയുള്ള പ്രീ ഫാബ്രിക്കേറ്റഡ് വീടുകളാണ് പാലുകുന്നില്‍ നിര്‍മിച്ചതെന്നു പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. മോഹനന്‍, തണല്‍ പ്രവര്‍ത്തകരായ ടി.എ നാസര്‍, എം.കെ മന്‍സൂര്‍, മുഹമ്മദ് റഫീഖ് പറഞ്ഞു. രണ്ട് കിടപ്പുമുറിയും അനുബന്ധ സൗകര്യവും ഉള്ളതാണ് ഓരോ വീടും. ഒന്നരക്കോടി രൂപ ചെലവിലാണ് ഭവന പദ്ധതി പൂര്‍ത്തിയാക്കിയത്. അടിസ്ഥാന സൗകര്യങ്ങളുടേത് ഉള്‍പ്പെടെ ഒരു വീടിനു 9.55 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്.
വഴി, വൈദ്യുതി, വെള്ളം, മാലിന്യ സംസ്‌കരണ സൗകര്യം എന്നിവ ഭവനപദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കുഴല്‍ക്കിണറും 10,000 ലിറ്റര്‍ ശേഷിയുള്ള കോണ്‍ക്രീറ്റ് സംഭരണിയും ഉള്‍പ്പെടുന്നതാണ് കുടിവെള്ള വിതരണ സംവിധാനം. മാലിന്യ സംസ്‌കരണത്തിന് രണ്ട് ബയോഗ്യാസ് പ്ലാന്റ് നിര്‍മിച്ചിട്ടുണ്ട്. ഓരോ വീട്ടിലും ആവശ്യമായ ഫര്‍ണിച്ചറും തണലാണ് നല്‍കുന്നത്. ചെറിയ ഭൂചലനത്തെയടക്കം പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് അഴിച്ചുമാറ്റാവുന്ന പ്രീ ഫാബ്രിക്കേറ്റഡ് വീടുകള്‍.
കുറഞ്ഞത് 25 വര്‍ഷം തകരാറുകള്‍ ഉണ്ടാകില്ല. പാലുകുന്നില്‍ 45 ദിവസംകൊണ്ടാണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. നമ്പരിട്ട് നറുക്കിട്ടാണ് ഗുണഭോക്താക്കള്‍ക്കു വീടുകള്‍ അനുവദിക്കുകയെന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു. 12 വര്‍ഷത്തേക്കു വില്‍പ്പന അനുവദിക്കില്ല.ഇതുസംബന്ധിച്ച് ഗുണഭോക്താക്കളുമായി കരാറില്‍ ഏര്‍പ്പെടും. 16 കുടുംബങ്ങള്‍ പാലുകുന്നിലേക്കു മാറുന്നതോടെ പുഴയുടെ പുറമ്പോക്കില്‍ ഏകദേശം ഒരു ഏക്കര്‍ കൈയേറ്റം ഒഴിവാകും. മറ്റുള്ളവര്‍ ഈ സ്ഥലം കൈയേറുന്നത് തടയാന്‍ വേലികെട്ടി സംരക്ഷിക്കുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു.
പ്രളയബാധിതര്‍ക്കായി കേരളത്തിലും കര്‍ണാടകയിലെ കുടകിലുമായി തണല്‍ 270 സ്ഥിരം വീടുകളാണ് നിര്‍മിക്കുന്നത്. കുടകില്‍ നൂറും വയനാട്ടില്‍ 80-ഉം ഇതര ജില്ലകളില്‍ 90-ഉം വീടുകളാണ് പണിയുന്നത്.
വയനാട്ടില്‍ പാലുകുന്നിന് പുറമേ പൊഴുതനയില്‍ ഒന്നും മാനന്തവാടിയില്‍ നാലും തിരുനെല്ലി തോല്‍പ്പെട്ടിയില്‍ പത്തും വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. പൊഴുതനയില്‍ ഭവനനിര്‍മാണത്തിനായി 53 സെന്റ് സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഓരോ സ്ഥലത്തും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."