കാസര്‍കോട് ഷാനവാസ് വധം: രണ്ടു പേരെ അറസ്റ്റു ചെയ്തു
കാസര്‍കോട്: ഉളിയത്തടുക്കയിലെ പരേതനായ രമേശന്‍ ഫമീന എന്നിവരുടെ മകന്‍ ഷാനാവാസ് (27) കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേരെ കാസര്‍കോട് ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു. കാസര്‍കോട് മൊഗ്രാല്‍ കെ കെ പുറത്തെ മുനവ്വിര്‍ ഖാസിം എന്ന മുന്ന (25), നെല്ലിക്കുന്നിലെ ജയേന്ദ്രന്‍ (43) എന്നിവരെയാണ് കാസര്‍കോട് ഡി വൈ എസ് പി പി പി സദാനന്ദന്‍, സി ഐ അബ്ദുര്‍ റഹീം, എസ് ഐ നളിനാക്ഷന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കേസില്‍ ഒന്നാം പ്രതി ഖാസിം എന്ന മുന്നയും രണ്ടാം പ്രതി ജയേന്ദ്രനുമാണെന്നു പൊലിസ് വ്യക്തമാക്കി. ഒരു പ്രതി ഒളിവിലാണെന്ന് പൊലിസ് പറഞ്ഞു. കഞ്ചാവ് സംബന്ധമായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പൊലിസ് പറയുന്നത്.
അറസ്റ്റിലായ മുന്ന കാസര്‍കോട്ടെ കഞ്ചാവ് മൊത്ത വിതരണക്കാരനാണെന്നും,രണ്ടാം പ്രതിയായ ജയേന്ദ്രന്‍ കൊട്ടാരക്കര സ്വദേശിയെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ വച്ച് സോഡാ കുപ്പി കൊണ്ട് കഴുത്തില്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 307 പ്രകാരം വധശ്രമക്കേസില്‍ പ്രതിയാണെന്നും പൊലിസ് പറഞ്ഞു.
കൊല്ലപ്പെട്ട ഷാനവാസും മുന്നയും ജയേന്ദ്രനും മറ്റൊരു പ്രതിയും ഒന്നിച്ചിരുന്ന് മദ്യപിക്കുകയും അതിനിടയില്‍ കഞ്ചാവ് ഇടപാടിന്റെ പേരില്‍ പണം കിട്ടണമെന്ന് ഷാനവാസ് ആവശ്യപ്പെട്ടതാണ് കൊലയില്‍ കലാശിച്ചതെന്നാണ് പൊലിസ് വ്യക്തമാക്കിയത്. വയറിന്റെ ഇടത് ഭാഗത്ത് ഒറ്റക്കുത്തിലാണ് ഷാനവാസിനെ കൊലപ്പെടുത്തിയത്. അതേ സമയം കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്താനായിട്ടില്ല.
ഷാനാവിസിന്റെ മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കിണറ്റിലെറിഞ്ഞ് സംഘം രക്ഷപ്പെടുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിലും പിന്നീട് നടന്ന ഫോറന്‍സിക് പരിശോധനയിലുമാണ് ഷാനാവാസ് കുത്തേറ്റ് കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയത്. കൊല നടന്ന് 25 ദിവസത്തിനു ശേഷമാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെടുക്കാനായത്. കിണറ്റില്‍ നിന്നും അഴുകിയ മൃതദേഹം പുറത്തെടുത്തപ്പോള്‍ തലയൊഴികെ ബാക്കി ഭാഗങ്ങളെല്ലാം കൃത്യമായി ലഭിച്ചതു കൊണ്ടാണ് കൊലപാതകം തെളിഞ്ഞതെന്നും പൊലിസ് പറഞ്ഞു.
കഴിഞ്ഞ മാസം 20ന് കാസര്‍കോട് നഗരത്തിനടുത്ത ആനവാതുക്കല്‍ ദിനേശ് ബീഡി കമ്പനിക്കു സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് ഷാനവാസിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് വല ഉപയോഗിച്ച് മൃതദേഹം പുറത്തെടുത്ത പൊലിസ് പരിയാരം മെഡിക്കല്‍ കോളജില്‍ മൃതദേഹം വിദഗ്ധ പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കിയതോടെയാണ് ഷാനാവിസിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."