കീറാമുട്ടിയായി മാലിന്യം: മണങ്ങുവയലില്‍ നിന്ന് നീക്കം ചെയ്ത മാലിന്യം അമ്പലവയല്‍ കരിമാരംകുന്നില്‍ നിക്ഷേപിച്ചു
മീനങ്ങാടി: റോഡ് നിര്‍മാണത്തിന്റെ മറവില്‍ മീനങ്ങാടി മണങ്ങുവയലില്‍ നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്യാന്‍ ആരംഭിച്ചതോടെ പ്രതിഷേധത്തിന് അയവു വന്നെങ്കിലും അമ്പലവയല്‍ കരിമാരംകുന്നില്‍ ഇതേ മാലിന്യത്തെ ചൊല്ലി നാട്ടുകാരുടെ പ്രതിഷേധം.
മണങ്ങുവയലില്‍ നിന്നും നീക്കം ചെയ്ത മാലിന്യം അമ്പലവയല്‍ കരിമാരംകുന്നില്‍ ജനവാസ കേന്ദ്രത്തിന് സമീപം നിക്ഷേപിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്.
വിവരമറിഞ്ഞ് അമ്പലവയല്‍ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തി. തുടര്‍ന്ന് രണ്ടു ദിവസത്തിനകം മാലിന്യം നീക്കാമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
കഴിഞ്ഞദിവസമാണ് ദുര്‍ഗന്ധം വമിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം മീനങ്ങാടി മണങ്ങുവയല്‍ കോളനിക്ക് സമീപം തള്ളിയത്. മീനങ്ങാടി പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തില്‍ നിന്ന് സംസ്‌കരണത്തിനായി കൊണ്ടുപോയ 50 ടിപ്പറോളം മാലിന്യമാണ് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തി നടക്കുന്ന മണങ്ങുവയല്‍ കോളനി റോഡില്‍ തള്ളിയിരുന്നത്. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും മാലിന്യം കയറ്റിവന്ന വാഹനം തടയുകയും ചെയ്തിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ചയും ഹിറ്റാച്ചിയും ജെ.സി.ബിയും ഉപയോഗിച്ച് ടിപ്പറുകളില്‍ മാലിന്യം കയറ്റി കൊണ്ടു പോവുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞെത്തിയ മഴയില്‍ റോഡ് ചളിക്കുളമായതിനാല്‍ ടിപ്പറില്‍ ലോഡ് കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ നാല് ലോഡ് മാലിന്യം റോഡ് ഉണങ്ങിയതിന് ശേഷമെ കൊണ്ടു പോകുവാന്‍ കഴിയുകയുള്ളൂ എന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. എന്നാല്‍ ഇവിടെ നിന്ന് കയറ്റിയ മാലിന്യം അമ്പലവയല്‍ കരിമാരംകുന്നില്‍ നിക്ഷേപിച്ചതോടെ മാലിന്യപ്രശ്‌നം കീറാമുട്ടിയായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."