ജനവാസകേന്ദ്രത്തില്‍ മാലിന്യം തള്ളിയവര്‍ക്കെതിരേ നടപടി വേണം
കല്‍പ്പറ്റ: മാലിന്യ സംസ്‌കരണ സ്ഥലത്തുനിന്നും ജനവാസകേന്ദ്രങ്ങളില്‍ മാലിന്യം തള്ളിയവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മീനങ്ങാടി പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ സ്ഥലത്തുനിന്നുമാണ് ജനവാസകേന്ദ്രങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത്.
കഴിഞ്ഞ ദിവസം ചീരംകുന്ന്, മണല്‍വയല്‍കോളനി പ്രദേശങ്ങളില്‍ മാലിന്യം നിക്ഷേപിച്ചിരുന്നു. 102 ഓളം കുടുംബങ്ങളുള്ള ഇവിടെ വയോധികരും, കാന്‍സര്‍ രോഗികളുമടക്കം ആയിരങ്ങളാണ് മാലിന്യത്തിന്റെ ഭവിഷ്യത്ത് അനുഭവിക്കുന്നത്.
ആരോഗ്യ ഉപകേന്ദ്രത്തിലേക്കും ആംഗന്‍വാടിയിലേക്കുമുള്ള വഴിയിലാണ് മാലിന്യം നിക്ഷേപിച്ചത്.മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനം നാട്ടുകാര്‍ തടയുകയും അധികൃതര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്നും റോഡ് നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന കരാറുകാരനാണ് ഉത്തരവാദിത്തമെന്നുമാണ് അറിയിച്ചത്.
പ്രളയ ബാധിതര്‍ക്കായി എത്തിച്ച നിത്യോപയോഗ സാധനങ്ങള്‍ പഞ്ചായത്തിന്റെ കീഴിലുള്ള പൊതു സ്റ്റേജില്‍ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുകയാണ്.
ടൗണില്‍ രാത്രി നടത്തുന്ന തട്ടുകടയില്‍നിന്നുള്ള മലിനജലം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മാലിന്യം തള്ളിയവര്‍ക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ് റാട്ടക്കുണ്ട്, വൈസ് പ്രസിഡന്റ് വി.എ ജോബി, യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി കെ ഷെമീര്‍, മണ്ഡലം പ്രസിഡന്റ് ഒ.ടി സലീം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."