പിണറായി ചെങ്കൊടി പിടിച്ച വര്‍ഗവഞ്ചകന്‍
മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമെതിരേ ആഞ്ഞടിച്ച് മാവോയിസ്റ്റ് വാര്‍ത്താക്കുറിപ്പ്
കല്‍പ്പറ്റ: അട്ടപ്പാടിയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരെ വെടിവെച്ചുകൊന്ന പൊലിസ് നടപടിയെ അപലപിച്ച് സി.പി.ഐ (മാവോയിസ്റ്റ്) നാടുകാണി ഏരിയാ സമിതിയുടെ പത്രക്കുറിപ്പ്. ഇന്നലെ വയനാട് പ്രസ് ക്ലബിലേക്കാണ് തപാല്‍ വഴി വാര്‍ത്താക്കുറിപ്പെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും രൂക്ഷമായി വിമര്‍ശിച്ചാണ് വാര്‍ത്താക്കുറിപ്പിറക്കിയിട്ടുള്ളത്. കപട കമ്മ്യൂണിസ്റ്റുകളാണ് ഇരുവരുമെന്ന് ആരോപിക്കുന്ന വാര്‍ത്താക്കുറിപ്പില്‍ ഹിന്ദുത്വ ഫാസിസ്റ്റ് നരേന്ദ്ര മോദി ഭരണകൂടത്തിന്റെയും അവരുടെ യജമാനരായ സാമ്രാജ്യത്വത്തിന്റെയും വെറും പാദസേവകരാണ് ഇരുവരുമെന്ന് തെളിയിച്ചിരിക്കുകയാണെന്നും ആരോപിക്കുന്നുണ്ട്. ഏറ്റുമുട്ടലുകളില്‍ ജീവന്‍ നഷ്ടപ്പെടുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി തന്നെ തണ്ടര്‍ബോള്‍ട്ടുകള്‍ സ്വരക്ഷക്കായി വെടിയുതിര്‍ത്തതാണെന്നും പറയുന്നുണ്ടെന്നും ഇത് ഇരട്ടത്താപ്പാണെന്നും വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു.
ഇത്തരത്തില്‍ തണ്ടര്‍ബോള്‍ട്ടുകളെ ന്യായീകരിക്കുകയാണെങ്കില്‍ പാടിക്കുന്ന്, മുനയന്‍കുന്ന്, തില്ലങ്കേരി, തലശ്ശേരി, മൊറാഴ, പുന്നപ്ര, വയലാര്‍ തുടങ്ങി കേരളത്തില്‍ നടന്ന ജനകീയ പോരാട്ടങ്ങള്‍ക്ക് നേരയെുണ്ടായ വെടിവെപ്പുകളില്‍ നൂറുകണക്കിനാളുകളെ കൂട്ടക്കൊല ചെയ്ത ബ്രിട്ടീഷ് പട്ടാളവും ഇന്ത്യന്‍ പട്ടാളവും സ്വയരക്ഷക്കായി ചെയ്തതാണെന്ന് പറയേണ്ടി വരുമെന്നും വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു. ഒരുവശത്ത് രക്തസാക്ഷികളെ വിറ്റ് കാശാക്കുകയും മറുവശത്ത് അവരെ അപമാനിക്കുകയും ചെയ്യുന്ന ചെങ്കൊടി പിടിച്ച വര്‍ഗവഞ്ചകരായ പിണറായി വിജയനെയും സി.പി.എം നേതൃത്വത്തെയും മര്‍ദ്ദിത ജനത തിരിച്ചറിയണമെന്നും പറയുന്ന വാര്‍ത്താക്കുറിപ്പ് മര്‍ദ്ദിത സമൂഹത്തിന്റെ വിമോചനത്തിനായി ഭരണകൂട ഭീകരതക്കെതിരേ ജനാധിപത്യ-പൗരാവകാശ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്താണ് അവസാനിക്കുന്നത്. നാടുകാണി ഏരിയാ സമിതിയുടെ വക്താവ് അജിതയുടെ പേരിലാണ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."