അനുപമ മാതൃക
വിശിഷ്ട ഗുണങ്ങളുടെ വിളനിലമായിരുന്നു നബി തിരുമേനി. സര്‍വ നാഥനില്‍ ഉള്ള ഭക്തി, സത്യസന്ധത, വിനയം, സഹാനുഭൂതി, സഹവര്‍ത്തിത്വം, സമഭാവന തുടങ്ങിയവയെല്ലാം അദ്ദേഹത്തില്‍ സുദൃഢമായിരുന്നു. ഏറ്റവും ഉന്നതമായ സ്വഭാവ വൈശിഷ്ട്യം നബിയുടെ വ്യക്തിപ്രഭാവം തന്നെയായിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ടല്ലോ. 'തങ്ങള്‍ മഹിതമായ സ്വഭാവമഹിമ ഉള്ളവനാണ്' എന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ പ്രഖ്യാപിക്കുന്നുണ്ട്.
മുഹമ്മദ് കളവു പറയുകയില്ലെന്ന് ശത്രുക്കളായ അറബികള്‍ പോലും പറയുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. പ്രവാചകനിലൂടെ ആദ്യമായി അവതരിച്ച ഖുര്‍ആന്‍ വചനം മനുഷ്യവംശത്തിലെ സര്‍വ പുരോഗതിക്കും അടിസ്ഥാനമായി തീര്‍ന്നു എന്ന വസ്തുത വ്യക്തമാണ്. ശത്രുക്കള്‍ പോലും അദ്ദേഹത്തിന് സ്വഭാവമഹിമ പ്രകീര്‍ത്തിച്ചിരുന്നു. സമൂഹത്തോട് നബി പെരുമാറിയിരുന്നത് തന്റെ കുടുംബത്തില്‍ ഉള്ളവരോട് എങ്ങനെയായിരുന്നോ അപ്രകാരം തന്നെയായിരുന്നു.
വീട്ടില്‍ അദ്ദേഹം ശരിയായ ഗൃഹനാഥന്‍ ആയിരുന്നു. കുടുംബത്തില്‍ കളിതമാശകള്‍ പറഞ്ഞു രസിപ്പിക്കുന്ന ജീവിതമായിരുന്നു. പത്‌നി ആഇശയോടൊപ്പം ഓട്ടപ്പന്തയത്തില്‍ ചേര്‍ന്നു. അവര്‍ക്ക് വേണ്ട അടുക്കള ജോലികള്‍ ചെയ്തു കൊടുത്തു. ഒട്ടകത്തെ കറന്നും അദ്ദേഹത്തിന്റെ വീട്ടില്‍ നാഥന്‍ എന്ന നിലയില്‍ നീതി പുലര്‍ത്തി. ശത്രുക്കള്‍ക്ക് മാപ്പു നല്‍കുന്ന കാര്യത്തില്‍ അദ്ദേഹം മുന്‍കൈ എടുത്തിരുന്നു. മക്കയിലേക്ക് വിജയിയായി തിരിച്ചെത്തിയ പ്രവാചകന്റെ ശത്രുക്കളില്‍ പ്രമുഖര്‍ക്കുപോലും മാപ്പു നല്‍കി. അദ്ദേഹത്തിന്റെ ചരിത്രം സമൂഹത്തിന് എക്കാലത്തും മാതൃകയാണ്.
മറ്റുള്ളവരെ ഉപദേശിക്കുക മാത്രമല്ല പ്രവാചകന്‍ ചെയ്തത്. അത് തന്റെ ജീവിതത്തില്‍ പകര്‍ത്തുകയായിരുന്നു തിരുനബി. നബി തിരുമേനിയുടെ ജീവിത ശൈലി ഏറെ പഠനാര്‍ഹമായ ഒന്നാണ്. പ്രത്യേകിച്ച് ഭക്ഷണരീതി. ഭക്ഷണം കഴിക്കുമ്പോള്‍ വയറുനിറയെ കഴിക്കരുത്, വയറിന്റെ പകുതി നിറയാന്‍ മാത്രം ഭക്ഷണം കഴിക്കുക, മറ്റേ പകുതി വെള്ളത്തിനും വായുവുമായി നീക്കി വെക്കുക എന്നത് ഒരു ശാസ്ത്രീയ സത്യം കൂടിയാണ്. കിടക്കുമ്പോള്‍ ഒരു വശത്തേക്ക് ചരിഞ്ഞു കിടക്കാന്‍ പ്രവാചകന്‍ ശീലിക്കുകയും മറ്റുള്ളവരെ ഉപദേശിക്കുകയും ചെയ്തിരുന്നു.
ഇന്ന് പല രോഗങ്ങള്‍ക്കും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങളില്‍ ഒന്ന് തിരിഞ്ഞു കിടക്കാന്‍ ശീലിക്കുക എന്നതാണ.് ചില ഭക്ഷണ പാനീയങ്ങള്‍ കഴിക്കുന്നതില്‍ നിന്ന് വിലക്കുകയും മറ്റു ചിലതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുക വഴി വളരെ ശാസ്ത്രീയമായ ഒരു ഭക്ഷണശൈലി പഠിപ്പിക്കുകയായിരുന്നു പ്രവാചകന്‍. മൃഗങ്ങളെ ചോര ഒഴുകിപ്പോകുന്ന രൂപത്തില്‍ അറുത്തതിനുശേഷം കഴിക്കണമെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചു. അല്ലാതെ ശ്വാസംമുട്ടിച്ചു കൊല്ലുന്നതിനെ ഉള്‍പ്പെടെ ഭക്ഷിക്കരുതെന്ന ഉപദേശം വളരെ ഗൗരവം അര്‍ഹിക്കുന്നതാണ്. പ്രവാചകന്റെ വ്രതാനുഷ്ഠാനം, പ്രവാചകന്റെ ജീവിതശൈലികള്‍, ഭക്ഷണശീലങ്ങള്‍ എന്നിവയിലെല്ലാം തന്നെ ശാസ്ത്രീയമായ ചില സത്യങ്ങള്‍ കൂടി ഉണ്ടെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."