അരീക്കാട് ആളില്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച
ഫറോക്ക്: അരീക്കാട് ആളില്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച. 25.5 പവന്‍ സ്വര്‍ണാഭരണങ്ങളും നാലര ലക്ഷം രൂപയും മോഷണം പോയി. ചെറുവണ്ണൂര്‍-നല്ലളം പൊലിസ് സ്റ്റേഷന് സമീപത്തെ ഒതയമംഗലം പറമ്പ് മര്‍ഹബയില്‍ കമ്മക്കകം മുജീബ് റഹ്മാന്റെ ഇരുനില ടെറസ് വീട്ടിലാണ് മോഷണം നടന്നത്.
വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ കിടപ്പുമുറികളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവരുകയായിരുന്നു. തിങ്കളാഴ്ച അര്‍ധരാത്രിക്കും ചൊവ്വാഴ്ച പുലര്‍ച്ചയ്ക്കുമിടയിലാണ് മോഷണമെന്ന് കരുതുന്നു. പെരുന്നാള്‍ ദിനത്തില്‍ വീട്ടുടമയും കുടുംബവും സമീപ പ്രദേശമായ നല്ലളം കുന്നുമ്മല്‍ റോഡിലെ തറവാട്ട് വീട്ടില്‍ പോയതായിരുന്നു. ചൊവ്വ രാവിലെ എട്ടരയോടെ അയല്‍വാസിയാണ് മോഷണ വിവരം അറിയിക്കുന്നത്.
വീടിനകത്തു കടന്ന മോഷ്ടാക്കള്‍ താഴത്തെ നിലയിലെ കിടപ്പുമുറിയിലെ രണ്ടു അലമാരകള്‍ കുത്തിപ്പൊളിച്ച് ഇതില്‍ സൂക്ഷിച്ചിരുന്ന നാലര ലക്ഷം രൂപയും 7.5 പവന്റെയും ഒന്നര പവന്റെയും രണ്ടു മാലകള്‍, 6.5 പവന്റെ വളകള്‍, മൂന്നു പവന്‍ തൂക്കം വരുന്ന രണ്ടു സെറ്റ് പാദസരം, നാലു പവന്റെ ബ്രേസ്‌ലെറ്റ്, കമ്മലുകള്‍, മോതിരങ്ങള്‍ തുടങ്ങിയവയുള്‍പ്പെടുന്ന മൊത്തം 25.5 പവന്‍ ആഭരണങ്ങളും മോഷ്ടിക്കുകയായിരുന്നു. താഴെയും മുകളിലുമുള്ള മറ്റു കിടപ്പുമുറികളിലെ അലമാരകളും കുത്തിത്തുറന്ന് വസ്ത്രങ്ങള്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ വലിച്ചു പുറത്തിട്ട് പരതി നോക്കിയ നിലയിലാണ്.
ഇടവിടാതെയുള്ള കനത്ത മഴയും വൈദ്യുതി മുടക്കവുമാണ് ആളില്ലാത്ത വീട്ടിലെ മോഷണത്തിന് സൗകര്യമായത്. അയല്‍വാസി പി. അബ്ബാസിന്റെ വീട്ടിലെ തേങ്ങ പൊതിക്കുന്ന കമ്പിപ്പാര മോഷണം നടന്ന വീട്ടുമുറ്റത്ത് കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മുജീബ് റഹ്മാന്റെ വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ന്ന നിലയില്‍ കണ്ടത്.
ഈ കമ്പിപ്പാര ഉപയോഗിച്ചാകാം വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ചതെന്ന് പൊലിസ് സംശയിക്കുന്നുണ്ട്. വിവരമറിഞ്ഞ് ചെറുവണ്ണൂര്‍-നല്ലളം സി.ഐ എന്‍. രാജേഷ്‌കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ എ .അജീഷ്, അഡിഷനല്‍ എസ്.ഐ സൈതലവി സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കോഴിക്കോട്ട് നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."