മന്ത്രി കെ.ടി ജലീലിന്റെ ഭാര്യയെ പ്രിന്‍സിപ്പലായി നിയമിച്ചത് ചട്ടം ലംഘിച്ചെന്ന്
മലപ്പുറം: മന്ത്രി കെ.ടി ജലീലിന്റെ ഭാര്യ എം.പി ഫാത്തിമകുട്ടിയെ വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പലായി നിയമിച്ചത് ചട്ടലംഘിച്ചാണെന്നെതിന് തെളിവുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെ.ഇ.ആറിലെ 14ാം ചട്ടം 37(2)ന് എതിരാണ് ഫാത്തിമകുട്ടിയുടെ നിയമനം. ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്ന മാനദണ്ഡങ്ങള്‍ക്കും എതിരാണ് നിയമനം. ചട്ടം ലംഘിച്ച് നടന്ന നിയമനമാണെന്നത് സംബന്ധിച്ച് ഒരു അധ്യാപകനും ആക്ഷേപമോ പരാതിയോ ഉന്നയിച്ചിട്ടില്ലെന്ന മന്ത്രിയുടെ വാദവും തെറ്റാണ്.
സ്‌കൂളിലെ നാല് അധ്യാപകര്‍ പരാതി നല്‍കുകയും ആര്‍.ഡി.ഡി ഹിയറിങ് നടത്തിയതുമാണ്. പക്ഷേ അധ്യാപകര്‍ക്ക് യുക്തവും വസ്തുതാപരവുമായ മറുപടി നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ തയാറാകാത്തതിനാല്‍ നീതി നടപ്പായിട്ടില്ല. പ്രിന്‍സിപ്പല്‍ നിയമനം അംഗീകാരം ലഭിക്കുന്നതിന് മുന്‍പ് അപ്രൂവ്ഡ് സീനിയോറിറ്റി ലിസ്റ്റ് ഉണ്ടാക്കണമെന്നതാണ് ചട്ടം. എന്നാല്‍ ഫാത്തിമകുട്ടിയുടെ പ്രിന്‍സിപ്പല്‍ നിയമനം ആ ചട്ടത്തിന് വിരുദ്ധമായാണ്.
ഒരേ ദിവസം സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ച പ്രീത എന്ന അധ്യാപികയെ മറികടന്നാണ് മന്ത്രിയുടെ സ്വാധീനത്തില്‍ ഭാര്യക്ക് പ്രിന്‍സിപ്പല്‍ നിയമനം നടത്തിയത്. ഒരേ സീനിയോറിറ്റിയില്‍ രണ്ട് പേര്‍ വന്നാല്‍ പ്രായത്തിന്റെ പരിഗണനയിലാണ് നിയമനം നടത്തേണ്ടതെന്ന മാനദണ്ഡവും ലംഘിക്കപ്പെട്ടു. ഇതോടെ ഫാത്തിമകുട്ടിയുടെ നിയമനം നിയമപ്രകാരമാണെന്ന മന്ത്രി ജലീലിന്റെയും സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും വാദമാണ് പൊളിയുന്നത്. ഫാത്തിമകുട്ടിയുടെ പ്രിന്‍സിപ്പല്‍ നിയമനം റദ്ദ് ചെയ്ത് മാനദണ്ഡങ്ങള്‍ പാലിച്ച് അര്‍ഹരെ നിയമിക്കണമെന്നും സിദ്ദീഖ് പന്താവൂര്‍ ആവശ്യപ്പെട്ടു. യാസിര്‍, മുസ്തഫ വടമുക്ക് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."