നിര്‍ധന കുടുംബത്തിന് സ്നേഹവീടൊരുക്കാന്‍ പായം പഞ്ചായത്ത്
കണ്ണൂര്‍: ശ്രീമതിക്കും അമ്മക്കും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി പായം പഞ്ചായത്തും കുടുംബശ്രീയും. നിത്യരോഗിയായ ശ്രീമതിയും 98 കാരിയായ അമ്മയും നിലവില്‍ വാസയോഗ്യമല്ലാത്ത വീട്ടിലാണ് താമസം. ഇത് പൊളിച്ചുമാറ്റിയാണ് പുതിയവീട് നിര്‍മിക്കുന്നത്.
വാര്‍ധക്യത്താല്‍ അവശതയനുഭവിക്കുന്ന അമ്മയ്ക്കും നട്ടെല്ലിന് രോഗം ബാധിച്ചതിനെത്തുടര്‍ന്ന് വീല്‍ചെയറില്‍ കഴിയുന്ന ശ്രീമതിക്കും പരസഹായത്തിന് പോലും ആരുമില്ലാത്ത അവസ്ഥയാണ്. ഇരുവരുടെയും ദുരവസ്ഥ കണ്ടറിഞ്ഞ് കുടുംബശ്രീ പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്താണ് സ്നേഹവീടൊരുക്കുന്നത്.
പഞ്ചായത്തിലെ എല്ലാ കുടുംബശ്രീ യൂനിറ്റുകളില്‍ നിന്നും 1000 രൂപ വീതം പിരിച്ചാണ് വീട് നിര്‍മാണത്തിനുള്ള തുക കണ്ടെത്തിയത്. രണ്ടര ലക്ഷം രൂപയാണ് പഞ്ചായത്തിലെ 250 കുടുംബശ്രീ യൂനിറ്റുകളില്‍ നിന്നായി പിരിച്ചെടുത്തത്. കൂടാതെ വീട് പണിയുടെ പ്രവര്‍ത്തനങ്ങളിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ സജീവ പങ്കാളികളായി.വീടിനുള്ള ഓട്, കട്ടിള, കല്ല് എന്നിവ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സമാഹരിച്ച് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."