ക്രിക്കറ്റിലും 'മഹ' പേടി
രാജ്‌കോട്ട്: ഡല്‍ഹിയില്‍ നടന്ന ആദ്യ ടി20ക്ക് അന്തരീക്ഷ വായുവിലെ പുകയ്ക്ക് പിന്നാലെ ആരാധകര്‍ക്ക് വീണ്ടും ആശങ്ക ജനിപ്പിച്ച് രാജ്‌കോട്ടില്‍ നടക്കുന്ന രണ്ടാം ടി20. കേരളത്തില്‍ ഭീതിപരത്തിയ മഹാ ഗുജറാത്ത് തീരത്ത് വീശിയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി മൂന്നു ദിവസം കനത്ത മഴയും കാറ്റുമുണ്ടാകുമെന്ന അറിയിപ്പ് ലഭിക്കുമ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്കത് നിരാശ നല്‍കും. നാളെയാണ് രണ്ടാം ടി20. ആദ്യ മത്സരം നടന്നതു പോലെ രണ്ടാം മത്സരത്തിലും പ്രകൃതിയുടെ കനിവിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.
മഹാ ചുഴലിക്കാറ്റ് രാജ്‌കോട്ടില്‍ വീശിയടിച്ചാല്‍ കളി റദ്ദാക്കേണ്ടി വന്നേക്കും. മത്സരം ഉപേക്ഷിച്ചാല്‍ ബംഗ്ലാദേശിനത് നേട്ടമാകും. 1-0 എന്ന നിലയില്‍ പരമ്പരയില്‍ മുന്നിട്ടുനില്‍ക്കുന്ന സന്ദര്‍ശര്‍ പരമ്പര തോല്‍ക്കില്ലെന്ന് ഉറപ്പിച്ചാകും മൂന്നാം മത്സരത്തിനിറങ്ങുക.
ഞായറാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിച്ചത്. 149 റണ്‍സ് പിന്തുടര്‍ന്ന സന്ദര്‍ശകര്‍ അവസാന ഓവറില്‍ ലക്ഷ്യത്തിലെത്തി. ബാറ്റിങ്ങിലെ വീഴ്ചയും ഫീല്‍ഡിങ്ങില്‍ കാട്ടിയ അലസതയുമാണ് ഇന്ത്യയ്ക്ക് വിനയായത്. ഇതോടെ ചരിത്രത്തില്‍ ആദ്യമായി ബംഗ്ലാദേശ് ഇന്ത്യയ്‌ക്കെതിരേ ടി20 ജയം സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."