ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണത്തിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ചു
ചാലക്കുടി: ചാലക്കുടിയില്‍ നിര്‍മിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണത്തിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി നിര്‍മാണ ചുമതലയുള്ള ഏജന്‍സിയായ കിഡ്കോ സ്ഥലം ഏറ്റെടുത്തു. സ്റ്റേഡിയ നിര്‍മാണത്തിനായുള്ള നിലം ഒരുക്കലടക്കമുള്ള പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്.
മാള റോഡില്‍ ഹെഡ് പോസ്റ്റോഫിസിനു സമീപം മൂന്ന് ഏക്കര്‍ ഏഴ് സെന്റ് സ്ഥലത്താണ് ഇന്‍ഡോര്‍ സ്റ്റേഡിയം ഒരുങ്ങുന്നത്. സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിനായി കായിക മന്ത്രാലയം അഞ്ച് കോടി രൂപ ബഡ്ജറ്റില്‍ വകയിരിത്തിയിരുന്നു. പുതിയതായി അനുവദിച്ച തുകയടക്കം പത്തര കോടി രൂപചെലവിലാണ് നിര്‍മാണം. അടുത്ത മാസം നിര്‍മാണോദ്ഘാടനം നടത്താനാണ് ഉദേശിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് പദ്ധതി.
വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സ്റ്റേഡിയത്തിനായി നഗരസഭ സ്ഥലം ഏറ്റെടുത്തത്. ഗെയിംസുകള്‍ക്കായി ചാലക്കുടിയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം വേണമെന്ന കായിക പ്രേമികളുടെ ആവശ്യത്തെ തുടര്‍ന്നാണ് നഗരസഭ സ്ഥലം ഏറ്റെടുത്തത്. സ്ഥലം ഏറ്റെടുത്ത കാലം മുതല്‍ നിരവധി വിവാദങ്ങളും ഉണ്ടായിരുന്നു. ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിച്ചതിന്റെ പേരിലും ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലെ തര്‍ക്കം സംബന്ധിച്ചും കോടതി പരാമര്‍ശവും ഉണ്ടായിട്ടുണ്ട്.
ഒടുവില്‍ പ്രശ്നത്തിന് പരിഹാരമായതോടെയാണ് ഇപ്പോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം യാഥാര്‍ഥ്യത്തിലേക്ക് എത്തുന്നത്. ടെന്നീസ് കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട്, ബാജ്മിന്റന് കോര്‍ട്ട്, ഡ്രസിങ് റൂം, ഗാലറികള്‍, പാര്‍ക്കിങ് സൗകര്യം എന്നിവ ഇവിടെ ഒരുക്കും. നിവലില്‍ പനമ്പിള്ളി ഗവ.കോളജില്‍ മാത്രമാണ് ഇന്‍ഡോര്‍ സ്റ്റേഡിയമുള്ളത്. ചാലക്കുടിയിലെ ഇന്റോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കായിക പ്രേമികളുടെ ചിരകാല അഭിലാഷമാണ് പൂവണിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."