തകര്‍ന്ന റോഡിലെ പൊടി തിന്ന് മുണ്ടൂര്‍ - കീഴ്പാടം നിവാസികള്‍
മുണ്ടൂര്‍: മുണ്ടൂര്‍- കീഴ്പാടം നിവാസികള്‍ തകര്‍ന്ന റോഡിലെ പൊടിതിന്ന് കഴിയാന്‍ തുടങ്ങിയിട്ട് നാളുകളായി. മുണ്ടൂര്‍-ചെറുപ്പുളശ്ശേരി സംസ്ഥാന പാതയില്‍ നിന്നും കൂട്ടുപാതയ്ക്കും ഒമ്പതാം മൈയിലിനുമിടയിലുള്ള കീഴ്പാടം റോഡാണ് മാസങ്ങളായി തകര്‍ന്നു കിടക്കുന്നത്.
റോഡിലെ മെറ്റലുകള്‍ പൂര്‍ണമായും ഇളകി പരന്നു കിടക്കുകയാണ്. മുണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡിലുള്‍പ്പെട്ട കീഴ്പ്പാടത്തെ റോഡ് തകര്‍ച്ച മൂലം ഇരുനൂറിലധികം കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. പത്താം വാര്‍ഡിനുപുറമെ പൂതനൂരിലേക്കുള്ള റോഡിലെ പന്ത്രണ്ടാം വാര്ഡില്പെട്ടവര്ക്കും റോഡുതകര്ച്ചയുടെ ദുരിതപര്‍വം താണ്ടണം.
റോഡിനിരുവശത്തും ചെറുതും വലുതുമായി നൂറിലധികം വീടുകളാണുള്ളതെന്നിരിക്കെ റോഡില്‍ വാഹനങ്ങള്‍ കടന്നുപോവുന്ന സമയത്ത് ഇവര്‍ പൊടി തിന്നുകയാണ്. തകര്‍ന്ന റോഡിലൂടെ പോകുമ്പോള്‍ ഇരുചക്രവാഹനങ്ങള്‍ തെന്നിമാറുന്നതും അപകടത്തിന് കാരണമാവുന്നു. പ്രധാന റോഡില്‍ നിന്നും കീഴ്പാടത്തേക്കുള്ള റോഡില്‍ ഇടയ്ക്കു കല്വര്ട്ടുകളുള്ള ഭാഗത്തും തകര്‍ച്ച പൂര്‍ണമാണ്. മാസങ്ങള്‍ക്കുമുമ്പ് തകര്‍ന്ന റോഡ് പ്രളയകാലം കഴിഞ്ഞതോടെ പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. ഈ പ്രദേശത്ത് അങ്കണവാടിയുള്ളതിനാല് കുട്ടികളായി പോകുന്നവര്‍ക്കും പൊടിതിന്ന് യാത്രചെയേണ്ട ഗതികേടാണ്.
തകര്‍ന്ന റോഡ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ശരിയാക്കുമെന്ന് പറഞ്ഞ് ഇടക്കാലത്ത് മെംബറുള്പ്പെടെയുള്ളവര് വന്നുപോയതല്ലാതെ നാളിതുവരെ നടപടികളൊന്നുമായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
റോഡ് അടിയന്തിരമായി നന്നാക്കിയില്ലെങ്കില്‍ വരും നാളുകളില്‍ പൊടിതിന്ന് മാരകരോഗങ്ങള്‍ പിടിപെടുമെന്ന ഭീതിയിലാണ് ഇതുവഴിയുള്ള വാഹന-കാല്‍നട യാത്രക്കാറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."