'മഹാ'ക്ക് പിന്നാലെ അതിതീവ്ര 'ബുല്‍ബുല്‍' ചുഴലിക്കാറ്റ് വരുന്നു, കനത്ത മഴയ്ക്കു സാധ്യത; മൂന്നുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: 'മഹാ' ചുഴലിക്കാറ്റിന് പിന്നാലെ ബുള്‍ബുള്‍ ചുഴലിക്കാറ്റ് എത്തുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനര്‍ദം ചുഴലിക്കാറ്റ് ആയി മാറുകയാണെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധമാന്‍ നിക്കോബാര്‍ ദ്വീപ് സമുദ്രത്തോട് ചേര്‍ന്നാണ് ന്യൂനമര്‍ദം രൂപപ്പെടുന്നത്. ഈ ചുഴലിക്കാറ്റിന് പാകിസ്താന്‍ അധികൃതര്‍ ആണ് ബുള്‍ബുള്‍ എന്നു പേരിട്ടത്.
ഇത് ഇന്നു ചുഴലിക്കാറ്റായി മാറി പശ്ചിമ ബംഗാള്‍, ഒഡിഷ, ബംഗ്ലാദേശ് തീരത്തേക്കു നീങ്ങുമെന്നാണു കരുതുന്നത്. എട്ടാംതീയതിയോടെ കാറ്റ് അതിതീവ്രമാകും. കേരളത്തില്‍ നാളെ മുതല്‍ ശനിയാഴ്ച വരെ വ്യാപകമഴയ്ക്കു സാധ്യതയുണ്ട്. വ്യാഴാഴ്ച ഇടുക്കിയിലും വെള്ളിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും ശനിയാഴ്ച എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മഹ ചുഴലിക്കാറ്റ് നാളെ രാവിലെ ഏഴുമണിയോടെ ഗുജറാത്ത് തീരത്ത് ദിയുവിനു സമീപത്തായി വീശും. അതിതീവ്ര ചുഴലിക്കാറ്റായിരുന്ന മഹയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഈവര്‍ഷം ഇതുവരെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ഉണ്ടായത് ആറ്് ചുഴലിക്കാറ്റുകള്‍. ബുള്‍ബുള്‍കൂടി വരുന്നതോടെ ഏഴാവും. 2018ല്‍ ഉണ്ടായത് ഏഴു ചുഴലിക്കാറ്റുകള്‍. കാറ്റിന്റെ എണ്ണത്തില്‍ 33 വര്‍ഷത്തെ റെക്കോഡാണ് കഴിഞ്ഞവര്‍ഷം തകര്‍ന്നത്. ഈ വര്‍ഷം അതും തകര്‍ന്നേക്കുമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ സ്‌കൈമെറ്റ് വിലയിരുത്തുന്നു.
പിന്നിട്ട രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ട് അതിതീവ്ര ചുഴലിക്കാറ്റുണ്ടായി. ക്യാറും മഹയും. ഇതെല്ലാം കാലാവസ്ഥാ വ്യതിയാനം കാരണമാണെന്നു സ്‌കൈമെറ്റ് വിലയിരുത്തുന്നു.
മഹാ ചുഴലിക്കാറ്റ് കേരളത്തെ കാര്യമായി ബാധിക്കില്ല. അതേസമയം ഡല്‍ഹിക്ക് ചുഴലിക്കാറ്റ് ഗുണകരമാകുകയും ചെയ്യും. അന്തരീക്ഷ മലിനീകരണം കുറയുകയും പുകമഞ്ഞ് തമിഴ്‌നാട് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങലിലേക്ക് നീങ്ങുകയും ചെയ്യും. ഗുജറാത്തിന്റെയും മഹാരാഷ്ട്രയുടെയും തീരത്ത് ശക്തമായ കാറ്റും കടല്‍ ക്ഷോഭവും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വൈദ്യുതിയും ആശയവിനിമയ ഉപാധികളും തകരാറിലാകുകകയും, മരങ്ങള്‍ കടപുഴകി വീഴുകയും, തീരദേശ വിളകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യാമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ വ്യാഴാഴ്ച വരെ കടലില്‍ ഇറങ്ങരുതെന്ന് നിര്‍ദ്ദേശമുണ്ട്.
Cyclone Maha on track to hit Gujarat on Thursday as Cyclone Bulbul forms over Bay of Bengal
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."