ഖത്തര്‍ പ്രശ്നം: കുവൈത്തും സഊദി സഖ്യ ചേരിയിലേക്ക്, പട്ടികയിലെ പണ്ഡിതര്‍ക്ക് വിലക്കേര്‍പ്പെടുത്തി
റിയാദ്: ഖത്തറുമായി നയതന്ത്ര ബന്ധം വിഛേദിച്ച സഊദി ചേരി രാജ്യങ്ങളിലേക്ക് ഒടുവില്‍ കുവൈത്തും. ഖത്തറിനും ഖത്തര്‍ വിരുദ്ധ രാജ്യങ്ങള്‍ക്കുമിടയില്‍ രമ്യതക്കായി പ്രവര്‍ത്തിച്ച കുവൈത്ത് സഊദി സഖ്യരാഷ്ട്രങ്ങള്‍ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ പണ്ഡിതന്മാര്ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി. നയതന്ത്ര പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടാണ് പണ്ഡിതന്മാര്ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയതെന്നാണ് കുവൈത്ത് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.
അല്‍റായി പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സഊദി സഖ്യ രാജ്യങ്ങള്‍ പ്രസിദ്ധീകരിച്ച ലിസ്റ്റിലുള്പ്പെടാത്തതും എന്നാല്‍ പ്രവേശന വിലക്കേര്പ്പെടുത്തേണ്ടതുമായ പണ്ഡിതന്മാരെ കുറിച്ചുള്ള വിവരം നല്‍കണമെന്ന് ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തേക്ക് പ്രവേശനം അനുവദിക്കേണ്ട പണ്ഡിതന്മാരെക്കുറിച്ചും വിലക്കേര്പ്പെടുത്തേണ്ടവരെക്കുറിച്ചും തീരുമാനമെടുക്കുന്നതിന് ഇരു മന്ത്രാലയങ്ങളുടെയും പ്രതിനിധികളടങ്ങുന്ന സംയുക്ത സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം നല്കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ആഭ്യന്തമന്ത്രാലയം ഇത്തരം ആളുകള്‍ക്കുള്ള വിസ അനുവദിക്കുക.
പുതിയ തീരുമാനം അനുസരിച്ച് രാജ്യത്തേക്ക് വരുന്ന വിദേശികളായ പണ്ഡിതന്മാരെ കുറിച്ചുള്ള പൂര്‍ണ വിവരം അധികൃതര്‍ക്ക് നല്‍കേണ്ടിവരും. യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ നാല് രാജ്യങ്ങള്‍ ചേര്‍ന്നാണ് ഖത്തറിലുള്ള പണ്ഡിതന്മാരെയും സംഘടനകളെയും ഭീകര ബന്ധമാരോപിച്ചു കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."