തന്റെ ഭാഗം പറയാന്‍ അവസരം ലഭിച്ചില്ല;സിസ്റ്റര്‍ ലൂസി കളപ്പുര വത്തിക്കാന്‍ വീണ്ടും അപ്പീല്‍ നല്കി
വയനാട്: മഠത്തില്‍ നിന്ന് പുറത്താക്കികൊണ്ടുള്ള നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര വത്തിക്കാനിലേക്ക് വീണ്ടും അപ്പീലയച്ചു. സഭാ ചട്ടങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചിട്ടില്ല, തന്റെ ഭാഗം പറയാന്‍ അവസരം ലഭിച്ചിട്ടില്ല.തന്റെ നിലപാട് സഭയെ അറിയിക്കണമെന്ന് വ്യക്തമാക്കിയാണ് അപ്പീല്‍. കാര്‍ വാങ്ങിയതും ഡ്രൈവിങ് ലൈസന്‍സ് എടുത്തതും കവിത എഴുതിയതും തെറ്റായ് കരുതാന്‍ തന്റെ വിശ്വാസം അനുവദിക്കുന്നില്ലെന്ന് സിസ്റ്റര്‍ ലൂസി വ്യക്തമാക്കുന്നു.
പഴഞ്ചന്‍ വ്യവസ്ഥകളും കടുംപിടുത്തങ്ങളും ഒഴിവാക്കി സഭ കാലത്തിനനുസരിച്ച് മാറേണ്ട സമയം അതിക്രമിച്ചുവെന്നും, ഭൂമി കുംഭകോണങ്ങളിലും ബലാല്‍സംഗകേസുകളിലും സഭാ അധികൃതര്‍ പ്രതികളാകുന്നത് കേരളത്തില്‍ സഭയുടെ പ്രതിച്ഛായക്ക് കനത്ത ആഘാതമേല്‍പിക്കുന്നെന്നും അപ്പീലില്‍ പറയുന്നു.
സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന് മഠത്തില്‍നിന്ന് പുറത്താക്കിക്കൊണ്ടുള്ള സഭാ നടപടി റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര നേരത്തെ നല്കിയ അപ്പീല്‍ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം തള്ളിയിരുന്നു. ഇതിനെതിരെയാണ് ഉന്നത സഭാ അധികാരികള്‍ക്ക് സിസ്റ്റര്‍ വീണ്ടും അപ്പീലയച്ചിരിക്കുന്നത്. കേരളത്തിലെ കത്തോലിക്കാ സഭയ്ക്കു നേരെ ഉയര്‍ന്ന ആരോപണങ്ങളും സഭാ അധികൃതര്‍ ഉള്‍പ്പെട്ട കേസുകളും സിസ്റ്റര്‍ അപ്പീലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എഫ്.സി.സിയുടെ ഭാഗമായി തുടരാനാണ് ആഗ്രഹം. അതിന് അനുമതിയില്ലെങ്കില്‍ കന്യാസ്ത്രീയായി തുടരാന്‍ മഠത്തിന് പുറത്ത് മറ്റൊരു വീടും സൗകര്യവും ഒരുക്കിത്തരണമെന്നും അല്ലെങ്കില്‍ താന്‍ സഭയ്ക്ക് നല്കിയ വരുമാനം തിരികെ നല്‍കണമെന്നും സിസ്റ്റര്‍ ലൂസി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."