അലനും താഹക്കും ജാമ്യമില്ല, യു.എ.പി.എ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി, ഹൈക്കോടതിയെ സമീപ്പിക്കുമെന്ന് ബന്ധുക്കള്‍
കോഴിക്കോട്: യു.എ.പി.എ കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യമില്ല. കോഴിക്കോട് സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇവരുടെ പേരില്‍ ചുമത്തിയ യു.എ.പി.എ ഇതുവരേ പിന്‍വലിച്ചിരുന്നില്ല. ഇതു പിന്‍വലിക്കാനുള്ള നിര്‍ദേശമൊന്നും സര്‍ക്കാരില്‍ നിന്ന് പ്രോസിക്യൂഷനു ലഭിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ഇവരുടെ ജാമ്യേപേക്ഷ പരിഗണിച്ച കോഴിക്കോട് സെഷന്‍ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. യു.എ.പി.എ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം അനുവദിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അതേ സമയം കേസില്‍ ഹൈക്കോടതിയെ സമീപ്പിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വിദ്യാര്‍ഥികള്‍ മാവോയിസ്റ്റുകളാണെന്ന് സമ്മതിച്ചതായാണ് എഫ്.ഐ.ആര്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. അലനും താഹയും സി.പി.ഐ മാവോയിസ്റ്റാണെന്ന് സമ്മതിച്ചതായും അലന്‍ ഷുഹൈബിന്റെ കയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്ന് നിരോധിത സംഘടനയുടെ ലഘുലേഖകള്‍ കണ്ടെടുത്തെതെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിരുന്നു. ബാഗില്‍ നിന്നും കോഡ് ഭാഷയിലുള്ള കുറിപ്പുകളും രേഖകളും ലഭിച്ചു. മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയുടെ പുസ്തകങ്ങള്‍ കണ്ടെടുത്തു. യു.എ.പി.എ നിയമപ്രകാരം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പുസ്തകമാണിതെന്നും പൊലിസ് അറിയിക്കുന്നു.
താഹയുടെ മാവോയിസ്റ്റ് ബന്ധം തുടങ്ങുന്നത് നിലമ്പൂരിലെ വെടിവെപ്പിന് ശേഷമെന്നാണ് അന്വേഷണ സംഘം പറയുന്നത്. നിലമ്പൂരില്‍ വെടിവെപ്പില്‍ കുപ്പു ദേവരാജ് കൊല്ലപ്പെട്ടതോടെയാണ് താഹ ഫസല്‍ മാവോയിസ്റ്റ് സംഘത്തില്‍ എത്തിപ്പെട്ടതെത്രെ.
കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് അനുഭാവികള്‍ വഴിയാണ് ബന്ധം സ്ഥാപിച്ചത്. പിന്നീട് താഹ മാവോവാദി കേഡറായി മാറിയെന്നും പൊലിസ് പറയുന്നു. ഇത്തരത്തില്‍ ബന്ധം പുലര്‍ത്തിയിരുന്ന നിരവധി പേരെ പോലിസ് ചോദ്യം ചെയ്തിട്ടുണ്ട്. റെയ്ഡില്‍ ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രഹസ്യ കോഡുകള്‍ അടങ്ങിയ പുസ്തകങ്ങള്‍ പൂര്‍ണമായും മനസിലാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടുമില്ല.
കാര്യങ്ങള്‍ ഇങ്ങനെയായിരിക്കേ കേസ് കൂടുതല്‍ ഗൗരവതരത്തിലേക്കു നീങ്ങുകയാണ്. ഇവര്‍ക്കുനേരെ ചുമത്തിയ യു.എ.പി.എ പിന്‍വലിക്കില്ലെന്നുതന്നെയാണ് വ്യക്തമാകുന്നത്. പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയെ അറിയിക്കും. കൂടുതല്‍ അന്വേഷണത്തിനും ചോദ്യം ചെയ്യലിനുമായി ഇവരെ കസ്റ്റഡിയില്‍ വേണമെന്നുതന്നെയാകും പൊലിസും ആവശ്യപ്പെടുക.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, മാവോയിസ്റ്റ് വേട്ടക്കെതിരേ രംഗത്തിറങ്ങുക തുടങ്ങിയ ആഹ്വാനങ്ങളുള്ള നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ ലഘുലേഖകളും നോട്ടിസുകളും ഇവരുടെ അടുക്കല്‍ നിന്ന് കണ്ടെടുത്തുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."