വസ്ത്രവ്യാപാരിയെ കൊല്ലാന്‍ ശ്രമിച്ച സംഭവം: പ്രതികളെ പിടികൂടിയത് പൊലിസിന്റെ അന്വേഷണ മികവ്
മട്ടാഞ്ചേരി: ഇടക്കൊച്ചിയില്‍ വസ്ത്ര വ്യാപാരിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ വലയിലായത് പൊലിസിന്റെ അന്വേഷണ മികവില്‍. സംഭവത്തില്‍ ദൃസാക്ഷികളോ തെളിവുകളോയില്ലായിരുന്നു. മാത്രമല്ല അക്രമികളെ സംബന്ധിച്ചു യാതൊരു വിവരവും അക്രമത്തിനിരയായ ബാലുവിനുണ്ടായില്ല.
അക്രമികള്‍ എത്തിയ ബൈക്കുകളുടെ നമ്പറുകള്‍ വ്യാജമായിരുന്നു. ഇതാണ് പൊലിസിനെ കുഴക്കിയത്. ഇതിനിടെ നേരത്തേ ബാലുവിനെ കാറിലെത്തിയ മുഖം മൂടി സംഘം തട്ടികൊണ്ട് പോകുവാന്‍ ശ്രമം നടത്തിയിരുന്നു. ഇത് സംബന്ധിച്ചു ബാലു പള്ളുരുത്തി പൊലിസിന് നല്‍കിയ പരാതിയില്‍ കേസില്‍ ആദ്യം പിടിയിലായ ബിജിന്റെ പേരും പരാമര്‍ശിച്ചിരുന്നു. നേരത്തേ ബിജിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ബാലുവിനെ ചിലര്‍ വകവരുത്താന്‍ സാധ്യതയുണ്ടെന്ന് ഇയാള്‍ പലരോടും പറഞ്ഞതാണ് പരാതിയില്‍ ഇയാളുടെ പേര് പരാമര്‍ശിക്കാന്‍ ഇടയാക്കിയത്. ഇതാണ് പൊലിസിന് സഹായകമായത്.
ചോദ്യചെയ്യലില്‍ ബിജിന്‍ ആദ്യമൊന്നും പിടികൊടുത്തില്ലെങ്കിലും പിന്നീട് സത്യം പറയുകയായിരുന്നു. സിഗരറ്റ് കള്ളക്കടത്ത് കേസില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞിരുന്ന ആളുടെ ഡ്രൈവറായി ബാലു നേരത്തേ ജോലി ചെയ്തിരുന്നു. സിഗരറ്റ് കള്ളക്കടത്തിലെ പ്രധാനിയും വിദേശത്ത് കഴിയുകയും ചെയ്യുന്ന മൊഹ്‌സിന്‍ ഇടപാടുകള്‍ നടത്തിയിരുന്നത് ബാലുവിന്റെ സുഹൃത്ത് വഴിയായിരുന്നു. പതിനഞ്ച് തവണ നടത്തിയ ഇടപാടില്‍ ഒമ്പത് തവണ വിജയിച്ചെങ്കിലും തുടര്‍ച്ചയായി ഏഴ് തവണ പിടിക്കപ്പെട്ടു. ഇത് ബാലു റവന്യൂ ഇന്റലിജന്‍സിന് ഒറ്റ് കൊടുത്തത് മൂലമാണെന്ന് മൊഹ്‌സിന്‍ സംശയിച്ചു. കോടികളുടെ നഷ്ടമുണ്ടായ മൊഹ്‌സിന്‍ ബാലുവിനെ വക വരുത്താന്‍ തീരുമാനിക്കുകയായിരുന്നു.
ബിജിനില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ പിടികൂടാനും പൊലിസ് പ്രയോഗിച്ചത് തന്ത്രപരമായ സമീപനങ്ങളായിരുന്നു. പ്രതികളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വിജയം കണ്ടത്.
മട്ടാഞ്ചേരി അസി. കമ്മിഷ്ണര്‍ എസ്.വിജയന്‍,പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി അനീഷ്, എസ്.ഐ.വിമല്‍, എ.എസ്.ഐമാരായ കലേശന്‍, സന്തോഷ്, ഹരികുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫളസര്‍മാരായ സമദ്,ബാബു, ആര്‍.അനില്‍കുമാര്‍, പ്രസാദ്, രത്‌നകുമാര്‍, ഫ്രാന്‍സിസ്, രതീഷ് ബാബു, ലാലന്‍ വിജയന്‍, കര്‍മ്മിലി എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."